എട്ടു നൂറ്റാണ്ടിലേറെ പഴക്കമുണ്ട് തെയ്യം ആഘോഷങ്ങളുടെ ചരിത്രത്തിന്. വടക്കേ മലബാറിലെ ഭഗവതി കാവുകളിലും മുത്തപ്പന്‍ ക്ഷേത്രങ്ങളിലുമാണ് പൊതുവെ തെയ്യങ്ങള്‍ ആടുക. പുരാണ പ്രസിദ്ധമായ കഥാപാത്രങ്ങള്‍ പ്രാദേശിക ഐതിഹ്യങ്ങളും കീഴ് വഴക്കങ്ങളുമായി കൂട്ടിയിണക്കി ഓരോ കാവിനും ഓരോ നാടിനും ഓരോ കാലത്തും ഉദയം ചെയ്തതാണ് തെയ്യം കെട്ടലും, തെയ്യാരാധനയും ആഘോഷവും. ഓരോ തെയ്യക്കോലങ്ങളുടെ പിന്നിലെ കഥകള്‍ക്കും വിശ്വാസങ്ങള്‍ക്കും ആ നാടിന്റെ പഴയ കഥകളുമായി ബന്ധമുണ്ടാകും.
ദൈവം എന്ന വാക്ക് ലോപിച്ചതാണ് തെയ്യം എന്ന വാക്ക്, തെയ്യം കെട്ടുന്ന ആളില്‍ ദൈവീകശക്തി ആവേശിച്ച് നാടിന്റെ ആരാധനാ മൂര്‍ത്തിയും രക്ഷകനുമായി മാറുന്ന ദിനമാണ് തെയ്യാഘോഷത്തിന്റെ നാളുകള്‍. ഓരോ കഥാപാത്രങ്ങള്‍ക്കും കഥകള്‍ക്കും ദേവതകള്‍ക്കുമനുസരിച്ചുള്ള വിശദമായ മുഖത്തെഴുത്തും, ആടയാഭരണങ്ങളും, ഭീമാകാരങ്ങളായ കിരീടങ്ങളും തെയ്യം കെട്ടുന്ന കലാകാരന് അഭൗമിക പരിവേഷം നല്‍കുന്നു. കാവുകളിലും ക്ഷേത്രങ്ങളിലുമാണ് പ്രധാനമായും തെയ്യം കെട്ടിയാടാറുള്ളത്. എന്നാല്‍ ഓരോ കുടുംബങ്ങളിലും പരദേവതാ സ്ഥാനങ്ങള്‍ ഉള്ളവര്‍ അവിടേയും തെയ്യം കെട്ടി ആഘോഷങ്ങള്‍ നടത്താറുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ ഇംഗ്ലീഷില്‍ മാത്രമേ ലഭ്യമാവൂ.