യാത്രാരേഖകൾ തയ്യാറാക്കലും അതിനോടനുബന്ധിച്ചുളള എഴുത്തുകുത്തുകളും രാജ്യാന്തര യാത്രകള്‍ ദുഷ്കരമാക്കിയേക്കാം. തങ്ങളുടെ രാജ്യാതിര്‍ത്തി കടക്കാന്‍ യാത്രക്കാരെ മടുപ്പിക്കുന്നതാണ് പലപ്പോഴും ഈ നടപടികള്‍. എന്നാല്‍, ഇതിനൊരറുതി വരുത്താൻ സഹായിക്കുന്നതാണ് കേരള വിനോദസഞ്ചാര വകുപ്പും സർക്കാരും ചേർന്ന് അവതരിപ്പിക്കുന്ന "വിസ ഓണ്‍ അറൈവല്‍ സ്കീം". അതിന്റെ നിയമാവലിയാണ് താഴെ കൊടുത്തിട്ടുളളത്. ഇത് യാത്രയ്ക്കുളള തയ്യാറെടുപ്പിന് നിങ്ങളെ സഹായിക്കും.
വിസ ഓണ്‍ലൈനിന് അപേക്ഷിക്കുക, ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ (ETA) നേടുക. ഇത്രയുമായാൽ കേരളത്തിലേക്ക് പറക്കാം. കേരളത്തിലേക്ക് വരുന്ന വിദേശ സഞ്ചാരികള്‍ക്ക് ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ (ETA) നൊപ്പം ടൂറിസ്റ്റ് വിസ ഓണ്‍ അറൈവലും (T-VOA) ഇപ്പോൾ ലഭ്യമാണ്.
ഈ സൗകര്യത്തിനു അര്‍ഹത നേടാന്‍ താഴെപ്പറയുന്ന മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം. എങ്കിലും ഇതു സംബന്ധിച്ച പുതുവിവരങ്ങള്‍ (അപ്‌ഡേറ്റ്‌സ്) അറിഞ്ഞിരിക്കാന്‍ ദയവായി https://indianvisaonline.gov.in/visa/tvoa.htm സന്ദര്‍ശിക്കുക.
ഇന്ത്യയിലേക്ക് എത്തുന്ന വിദേശ സന്ദര്‍ശകര്‍ക്ക് ഉല്ലാസം, വിനോദ സഞ്ചാരം, സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണല്‍, ചെറിയ കാലത്തേക്കുള്ള ചികിത്സ അല്ലെങ്കില്‍ ഒരു ചെറിയ ബിസിനസ്സ് യാത്ര എന്നീ ഉദ്ദേശങ്ങള്‍ മാത്രമേ ഉണ്ടാകാവൂ.
ഇന്ത്യയിലെത്തുന്ന തീയതി മുതല്‍ ചുരുങ്ങിയത് ആറുമാസത്തെ കാലാവധി പാസ്‌പോര്‍ട്ടിന് ഉണ്ടാകണം. പാസ്‌പോര്‍ട്ട് ബുക്കില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് ഉപയോഗിക്കാനായി ചുരുങ്ങിയത് രണ്ടു കാലി പേജുകള്‍ എങ്കിലും വേണം.
അന്താരാഷ്ട്ര യാത്രികര്‍ക്ക് മടക്കയാത്രാ ടിക്കറ്റോ, തുടര്‍ യാത്രാ ടിക്കറ്റോ, ഉണ്ടാകണം. ഇവിടെ താമസിക്കുമ്പോള്‍ ആവശ്യമായ പണം അവന്റെയോ / അവളുടെയോ കൈയ്യില്‍ ഉണ്ടാകണം.
പാകിസ്ഥാനി പാസ്‌പോര്‍ട്ട് ഉള്ളതോ / പാകിസ്താനില്‍ ജനിച്ചതോ ആയ അന്താരാഷ്ട്ര യാത്രികര്‍ അതാതു ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ സാധാരണ വിസക്ക് അപേക്ഷിക്കണം.
നയതന്ത്ര (ഡിപ്ലോമാറ്റിക്) / ഔദ്യോഗിക (ഒഫീഷ്യല്‍) പാസ്‌പോര്‍ട്ടുകള്‍ ഉള്ളവര്‍ക്ക് ഈ സൗകര്യം ഉണ്ടാകില്ല.
മാതാപിതാക്കളുടെയോ / ജീവിത പങ്കാളിയുടെയോ പാസ്‌പോര്‍ട്ടിനൊപ്പം പേരു ചേര്‍ത്തവര്‍ക്ക് ഈ സൗകര്യം ലഭിക്കില്ല. ഓരോ യാത്രക്കാരനും സ്വന്തം പ്രത്യേക പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണം.
അന്താരാഷ്ട്ര ട്രാവല്‍ ഡോക്യുമെന്റ് ഹോള്‍ഡര്‍മാര്‍ക്ക് ഈ സൗകര്യം ലഭ്യമാകില്ല.