കാലപ്പഴക്കം, പാരമ്പര്യം, ആധ്യാത്മികമായ പശ്ചാത്തലം എന്നിവ കൊണ്ടും പങ്കെടുക്കുന്ന ചുണ്ടന്‍ വളളങ്ങളുടെ ആകാര ശൈലി വ്യത്യാസം കൊണ്ടും കേരളത്തിലെ മറ്റ് വള്ളംകളികളില്‍ നിന്ന് തീര്‍ത്തും വേറിട്ടു നില്‍ക്കുന്നതാണ് ആറന്‍മുള ഉത്രട്ടാതി വള്ളംകളി. മത്സരത്തിനപ്പുറം ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്ര ആചാരവുമായും അനുഷ്ഠാനങ്ങളുമായും ഉത്രട്ടാതി വള്ളംകളിയ്ക്ക് അഭേദ്യമായ ബന്ധമുണ്ട്.
ചിങ്ങ മാസത്തിലെ തിരുവോണം കഴിഞ്ഞുള്ള ഉത്രട്ടാതി നാളിലാണ് ആറന്‍മുള വള്ളംകളി നടക്കുക. ആറന്‍മുളയില്‍ പാര്‍ത്ഥ സാരഥിയുടെ പ്രതിഷ്ഠാ ദിനവും അന്നാണ്. അര്‍ജുനന്‍ നിലയ്ക്കലില്‍ പ്രതിഷ്ഠിച്ച പാര്‍ത്ഥസാരഥി വിഗ്രഹം ഭൂമിദേവി ആറന്‍മുളയിലേക്ക് മാറ്റി പ്രതിഷ്ഠിച്ചവെന്നാണ് വിശ്വാസം. പളളിയോടങ്ങളില്‍ അന്നേദിവസം ദേവ സാന്നിദ്ധ്യമുണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു.
വള്ളം കളിയുടെ ഉത്പത്തിയ്ക്ക് മറ്റൊരു ഐതിഹ്യവുമുണ്ട്. കുട്ടികളില്ലാതിരുന്ന കാട്ടൂര്‍ മങ്ങാട് ഭട്ടതിരിയ്ക്ക് കൃഷ്ണ ദര്‍ശനമുണ്ടായെന്നും തിരുവോണത്തിന് ആറന്‍മുള ക്ഷേത്രത്തില്‍ വന്ന് തനിക്ക് സദ്യ നല്‍കിയാല്‍ മതിയെന്നും ദേവന്‍ നിര്‍ദ്ദേശിച്ചുവത്രെ. തുടര്‍ന്ന് എല്ലാ വര്‍ഷവും കാട്ടൂര്‍ ഭട്ടതിരി സദ്യ വിഭവങ്ങളുമായി തോണിയില്‍ തിരുവോണത്തലേന്ന് ആറന്‍മുളയിലേക്ക് തിരിയ്ക്കും. ഒരിക്കല്‍ തോണി വഴി മദ്ധ്യേ ആക്രമിക്കപ്പെട്ടപ്പോള്‍ കരക്കാര്‍ വള്ളങ്ങളില്‍ വന്ന് സംരക്ഷണം കൊടുത്തു. പിന്നീട് എല്ലാ വര്‍ഷവും പോര്‍ വള്ളങ്ങളായ ചുണ്ടന്‍ വള്ളങ്ങളാണ് തിരുവോണത്തോണിയ്ക്ക് അകമ്പടി സേവിച്ചത്.
മങ്ങാട്ടു ഭട്ടതിരിയുടെ തിരുവോണത്തോണിയ്ക്ക് അകമ്പടി സേവിച്ചു നടത്തിയ ജലയാത്രയുടെ അനുസ്മരണമായാണ് ആറന്‍മുളയില്‍ പള്ളിയോടങ്ങളുടെ ജലഘോഷയാത്ര ഉണ്ടായത്. പിന്നീട് എല്ലാ പള്ളിയോട കരക്കാരെയും പങ്കെടുപ്പിച്ച് പ്രതിഷ്ഠാദിനമായ ഉത്രട്ടാതിയില്‍ വള്ളംകളിയും ആരംഭിച്ചു.
ആറന്‍മുള വള്ളംകളിയുടെ കാലപ്പഴക്കം സംബന്ധിച്ച് പല അഭിപ്രായങ്ങളാണ് ഉള്ളത്. കുട്ടനാട്ടിലെ ചുണ്ടന്‍ വള്ളങ്ങളില്‍ നിന്ന് കെട്ടിലും മട്ടിലും വ്യത്യസ്തമാണ് ആറന്‍മുള ചുണ്ടന്‍മാര്‍. ആറന്‍മുള ഭഗവാന് സമര്‍പ്പിക്കപ്പെട്ട ഓടങ്ങളായതിനാലാണ് അവയെ പള്ളിയോടങ്ങള്‍ എന്ന് വിളിയ്ക്കുന്നത്. അമരവും അണിയവും വെടിത്തടിയുമെല്ലാം മറ്റ് ചുണ്ടന്‍ വള്ളങ്ങളില്‍ നിന്ന് വ്യത്യസ്ഥമാണ് പള്ളിയോടങ്ങള്‍ക്ക്. ഉയരക്കൂടുതല്‍ പ്രധാന ഘടകമാണ്.
വഞ്ചിപ്പാട്ട് പാടാനായി മാത്രം 15 പേര്‍ക്ക് വള്ള മദ്ധ്യത്തില്‍ നില്ക്കാനാകും. കിഴക്കന്‍ ശൈലി വഞ്ചിപ്പാട്ടുകള്‍ ആണ് ആറന്‍മുള വള്ളംകളിയ്ക്ക് പാടുക. കുചേല വൃത്തം, ഭീഷ്മപര്‍വ്വം, സന്താന ഗോപാലം, ഭഗവദൂത് തുടങ്ങി ഒട്ടേറെ വഞ്ചിപ്പാട്ടുകള്‍ ആറന്‍മുളയ്ക്ക് മാത്രമായുണ്ട്. സ്വര്‍ണ്ണ നെറ്റിപ്പട്ടം പോലെ അണിയിച്ചൊരുക്കിയ ആറന്‍മുള പള്ളിയോടങ്ങള്‍ക്ക് ഉത്രട്ടാതിയില്‍ മത്സരം ഏര്‍പ്പെടുത്തി തുടങ്ങിയത്, 1971 മുതലാണെന്ന് കരുതുന്നു. എ ഗ്രേഡ്, ബി ഗ്രേഡ് എന്നിങ്ങനെ പള്ളിയോടങ്ങളെ തിരിച്ചാണ് പമ്പയാറ്റിലെ മത്സരം. കേരളത്തിന്റെ ആധ്യാത്മിക, സാംസ്‌ക്കാരിക ചരിത്രത്തിന്റെ മാത്രമല്ല ഒട്ടനവധി വിനോദ സഞ്ചാരികളെ കൂടി ആകര്‍ഷിക്കുന്നതാണ് ആറന്‍മുള വള്ളംകളി.