ഓണക്കാലത്തിന്റെ വരവറിയിച്ചും ഓളപ്പരപ്പുകളെ ആര്‍പ്പുവിളി മേളങ്ങളാല്‍ മുഖരിതമാക്കിയും കേരളത്തിന്റെ വള്ളംകളി മേളകള്‍ക്ക് തുടക്കമിടുന്നത് കുട്ടനാട്ടിലെ ചമ്പക്കുളത്താണ്. മിഥുനമാസത്തിലെ മൂലം നാളില്‍ പമ്പാനദിയുടെ കൈവഴിയായ ചമ്പക്കുളത്താറ്റിലാണ് സീസണിലെ ആദ്യത്തെ വള്ളംകളിയായ ചമ്പക്കുളം മൂലം വള്ളംകളി നടക്കുക. ആദ്യകാലത്ത് മൂലക്കാഴ്ച എന്നാണ് ഈ വള്ളംകളി അറിയപ്പെട്ടിരുന്നത്. മറ്റ് ജലമേളകളില്‍ നിന്നും വ്യത്യസ്തമായി നാനൂറോളം വര്‍ഷം പഴക്കമുണ്ട് ഈ ജലമേളയ്ക്ക് എന്നു കരുതുന്നു.
അമ്പലപ്പുഴ ക്ഷേത്രപ്രതിഷ്ഠയുമായി ബന്ധപ്പെട്ട ചില സംഭവങ്ങളുടെ ഓര്‍മ്മ പുതുക്കലാണ് ഈ വള്ളംകളി. അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക് നിര്‍മ്മിച്ച വിഗ്രഹ പ്രതിഷ്ഠാ സമയത്ത് അശുദ്ധമാണെന്ന് കണ്ടെത്തി, ചെമ്പകശ്ശേറി രാജാവ് മറ്റൊരു വിഗ്രഹം പെട്ടെന്ന് കണ്ടെത്താന്‍ മന്ത്രി പാറയില്‍ മേനോനെ ചുമതലപ്പെടുത്തി. കുറിച്ചി കരിക്കുളം പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ലക്ഷണമൊത്ത വിഗ്രഹമുണ്ടെന്ന് മന്ത്രി കണ്ടെത്തി.
കുറിച്ചി വലിയമഠം കുടുംബക്കാരുടേതാണ് ക്ഷേത്രം. അവരുടെ സമ്മതത്തോടെ വിഗ്രഹം ഏറ്റെടുത്ത് മന്ത്രി മേനോനും സംഘവും വള്ളത്തില്‍ യാത്ര തിരിച്ചു. നേരം ഇരുട്ടിയാല്‍ കൊള്ളക്കാരുടെ ശല്യം വരുമെന്നും, അതൊഴിവാക്കാന്‍ വഴിയില്‍ ചമ്പക്കുളത്ത് കോയിക്കരി എന്ന് വീട്ടുപേരുള്ള മാപ്പിളശ്ശേരി കുടുംബത്തില്‍ ഇറക്കി വയ്ക്കണമെന്നും ചെമ്പകശ്ശേരി രാജാവിന്റെ നിര്‍ദ്ദേശമുണ്ടായിരുന്നു. അതനുസരിച്ച് വിഗ്രഹം അന്ന് രാത്രി മാപ്പിളശ്ശേരി ഇട്ടിത്തൊമ്മന്റെ വീട്ടില്‍ ഇറക്കി വച്ചു. ദൂതന്‍ വഴി ഇക്കാര്യം ചെമ്പകശ്ശേരി രാജാവിനെ അറിയി്ച്ചു. പിറ്റെ ദിവസം മൂലം നാളില്‍ ചെമ്പകശ്ശേരി രാജാവ് പരിവാരങ്ങളും നാട്ടുകാരുമായി ഒട്ടേറെ വള്ളങ്ങളിലായി മാപ്പിളശ്ശേരി വീട്ടിലെത്തി. അവിടെ നിന്നും വിഗ്രഹം വാദ്യഘോഷങ്ങളോടെയും ആര്‍പ്പുവിളികളോടെയും അമ്പലപ്പുഴയിലെത്തിയ ശേഷം പ്രതിഷ്ഠ നടന്നു. ശ്രീകൃഷ്ണ വിഗ്രഹവും വഹിച്ച് മൂലം നാളില്‍ ചെമ്പകശ്ശേരി രാജാവ് നടത്തിയ ആ ജലഘോഷയാത്രയെ അനുസ്മരിച്ചാണ് ചമ്പക്കുളം വള്ളംകളി നടക്കുക. രാജാവിന്റെ വരവിന്റെ ഓര്‍മ്മക്കായി ഇന്നും അമ്പലപ്പുഴയില്‍ നിന്നും പ്രത്യേക സംഘം പാല്‍പ്പായസവുമായി മാപ്പിളശ്ശേരി കുടുംബത്തില്‍ എത്താറുണ്ട്. അവിടത്തെ പ്രാര്‍ത്ഥനാ ചടങ്ങിനു ശേഷമാണ് ചമ്പക്കുളം ജലമേള ഔപചാരകമായി തുടങ്ങുക.
നൂറ്റാണ്ടുകളായുള്ള ചമ്പക്കുളം വള്ളംകളിക്ക് ആധുനികകാലത്ത് വഴിത്തിരിവുണ്ടായത് 1927 ലാണ്. അക്കൊല്ലം തിരുവിതാംകൂര്‍ ദിവാന്‍ എം.ഇ. വാട്‌സ് ആണ് വള്ളംകളി ഉത്ഘാടനം ചെയ്തത്. 1952 ല്‍ തിരു-കൊച്ചി രാജപ്രമുഖനായിരിക്കെ ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവ് വള്ളംകളി കാണാനെത്തി. ഒന്നാം സ്ഥാനം നേടുന്ന ചുണ്ടന്‍ വള്ളത്തിന് അദ്ദേഹം രാജപ്രമുഖന്‍ ട്രോഫി ഏര്‍പ്പെടുത്തി. അന്ന് മുതല്‍ ചമ്പക്കുളം വള്ളംകളി മത്സരം ഈ രാജപ്രമുഖന്‍ ട്രോഫിക് വേണ്ടിയാണ്.