തൃശ്ശൂര്‍ ജില്ലയിലെ ആദ്യകാല ജലമേളയാണ് കണ്ടശ്ശാംകടവ് ജലോത്സവം. കനോലി കനാലില്‍ എല്ലാ വര്‍ഷവും തിരുവോണത്തിനാണ് ഈ വള്ളംകളി നടത്താറ് പതിവ്. 1956 ല്‍ കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായിട്ടാണ് കനോലി കനാലില്‍ ആദ്യത്തെ കണ്ടശ്ശാം കടവ് വള്ളംകളി നടന്നത്. അന്ന രണ്ട് ചുരുളന്‍ വളളങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്. പിന്നീട് ഒരു ഇടവേളയുണ്ടായി. 1962 ല്‍ മണലൂര്‍ പഞ്ചായത്തിന്റെ ഓണാഘോഷ പരിപാടികളുടെ നേതൃത്വം നല്കിയ കേണ്ടസ് ആര്‍ട്‌സ് ക്ലബ്ബ് കനോലി കനാലില്‍ വള്ളംകളി മത്സരമൊരുക്കി. 1968 ആയതോടെ അതും നിലച്ചു. തുടര്‍ന്ന് ആദ്യ മത്സരത്തിന് മുന്നിട്ടിറങ്ങിയ ചിലരുടെ ഉത്സാഹത്തില്‍ 1976 ല്‍ കണ്ടശ്ശാം കടവ് ജലവാഹിനി ബോട്‌സ്‌ക്ലബ് രൂപീകരിക്കപ്പെട്ടു. 1977 ല്‍ അവര്‍ രണ്ടാം ഓണത്തിന് വള്ളംകളി സംഘടിപ്പിച്ചു. തുടര്‍ന്നങ്ങോട്ട് എല്ലാക്കൊല്ലവും രണ്ടാം ഓണത്തിന് ജലമേള നടക്കാന്‍ തുടങ്ങി. 1990 വരെ ജലമേള കൂടിയുംകുറഞ്ഞും നന്നായി നടക്കപ്പെട്ടു. ജലോത്സവത്തിന്റെ ഭാരിച്ച ചിലവാണ് നാട്ടുകാരെ പ്രതിസന്ധിയിലാക്കിയത്. ആലപ്പുഴ നിന്നും ചുണ്ടന്‍ വള്ളങ്ങളെ ത്രിപുരയിലെത്തിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട്, ഓരോ വള്ളങ്ങളിലും മതിയായ തുഴക്കാരെ കൊണ്ടുവരല്‍ അവരുടെ ചിലവ്, തുടങ്ങി ഭാരിച്ച ചിലവുകളില്‍ വള്ളംകളി മുടങ്ങി. 2011-ല്‍ ജില്ലാ ഭരണകൂടത്തിന്റെയും മണലൂര്‍ ഗ്രാമപഞ്ചായത്തിന്റെയും തൃശ്ശൂര്‍ ഡിറ്റിപിസി യുടേയും സഹകരണത്തോടെ കണ്ടശ്ശാംകടവ് ജലോത്സവം വീണ്ടുമാരംഭിച്ചു. 10 ദിവസത്തെ ഓണാഘോഷവും ഇതോടനുബന്ധിച്ച് ഒരുക്കി. ഇന്ന് ചീഫ് മിനിസ്റ്റേഴ്‌സ് എവര്‍റോളിംഗ് ട്രോഫിക്കായാണ് കണ്ടശ്ശാംകടവ് വള്ളംകളി മത്സരം നടക്കുക. കനോലി കനാലില്‍ പുലാം പുഴക്കടവില്‍ നിന്നും വടക്കോട്ട് കണ്ടശ്ശാംകടവ് ബോട്ട് ജട്ടിവരെയാണ് മത്സരം നടക്കുന്നത്. 990 മീറ്റര്‍ നീളമുണ്ട് മത്സരപ്പാതയ്ക്ക്.