ശ്രീ നാരായണഗുരുവിന്റെ കുമരകം സന്ദര്‍ശനത്തിന്റെ ഓര്‍മ്മ പുതുക്കിക്കൊണ്ടാണ് നാലാം ഓണത്തിന് ചതയം നാളില്‍ കുമരകം കോട്ടാത്തേട്ടില്‍ എല്ലാ വര്‍ഷവും വള്ളംകളി നടക്കുന്നത്. കുമരകത്ത് ഒരു ആരാധനാലയം വേണമെന്ന ഈഴവ സമാജം നേതാക്കല്‍ ശ്രീ നാരായണഗുരുവിനെ കണ്ട് അഭ്യര്‍ത്ഥിച്ചിരുന്നു. വിഗ്രഹ പ്രതിഷ്ഠ നടത്താന്‍ താന്‍ വരാമെന്നും ഒപ്പം ഒരു പള്ളിക്കൂടം കൂടി സ്ഥാപിക്കണമെന്നും ഗുരു അവരോട് ആവശ്യപ്പെട്ടു. 1903 ല്‍ അധികം വൈകാതെ തന്നെ ഗുരു കുമരകത്ത് എത്തുകയും ഉണ്ടായി. ആലപ്പുഴ നിന്നും കുമരകത്തുകാര്‍ ആഘോഷമായാണ് ഗുരുവിനെ നാട്ടിലേക്ക് വള്ളത്തില്‍ കൊണ്ടുവന്നത്. സുബ്രഹ്‌മണ്യ ചിത്രവും ഒരു വേലുമാണ് ഗുരു പ്രതിഷ്ഠ നടത്തിയത്. ക്ഷേത്ര പരിസരത്ത് പള്ളിക്കൂടം ആരംഭിക്കാനും അദ്ദേഹം തുടക്കമിട്ടു. കുമകരകം ശ്രീ കുമാരമംഗലം ക്ഷേത്രത്തില്‍ ശ്രീ നാരായണഗുരു നടത്തിയ വിഗ്രഹ പ്രതിഷ്ഠയുടെ സ്മരണ നിലനിര്‍ത്തുന്നതിനും ഗുരുവിനെ കുമരകത്തേയ്ക്ക് സ്വീകരിച്ചു കൊണ്ടു വരാന്‍ കളിവള്ളങ്ങളില്‍ നാട്ടുകാര്‍ ഒത്തു ചേര്‍ന്നതിന്റെ ഓര്‍മ്മയ്ക്കായാണ് കുമരം വള്ളംകളി. തന്നെ സ്വീകരിക്കാന്‍ കളിവള്ളങ്ങളില്‍ എത്തിയവര്‍ മഴയില്‍ നനഞ്ഞു നിന്നത് കണ്ട്, അവര്‍ക്ക് ശര്‍ക്കരപായസം ഉണ്ടാക്കി നല്‍കാന്‍ ഗുരു അന്ന് പറഞ്ഞിരുന്നു. അതനുസരിച്ച് ഇന്നും വള്ളംകളി കഴിഞ്ഞാല്‍ ശര്‍ക്കര പായസ വിതരണവുമുണ്ട്.
ചതയ ദിനത്തില്‍ കുമാരകമംഗലം ക്ഷേത്രാങ്കണത്തില്‍ നിന്നും പ്രത്യേകം അലങ്കരിച്ച കെട്ടുവള്ളങ്ങളില്‍ സുബ്രഹ്‌മണ്യന്റെ തിടമ്പും ശ്രീ നാരയണഗുരുവിന്റെ ചിത്രവും വഹിച്ചുള്ള ജലഘോഷയാത്ര നടക്കും. തുടര്‍ന്നാണ് കുമരകം വള്ളകളി. 1952 ലാണ് ഇവിടെ ആദ്യജലമേള ആരംഭിച്ചത്. കുട്ടനാട്ടിലെ തന്നെ പഴക്കം ചെന്ന ജലമേളകളിലൊന്നാണ് കുമരകം വള്ളംകളി. 1000 ത്തിലധികം തുഴക്കാര്‍ പങ്കെടുക്കുന്ന കുമരകം വള്ളം കളിയില്‍ കുട്ടനാട്ടിലെ പ്രധാന ചുണ്ടന്‍ വള്ളങ്ങളെല്ലാം മത്സരിക്കും. എന്നാല്‍ ഈ ജലോത്സവത്തില്‍ ചുണ്ടന്‍ വള്ളത്തെക്കാള്‍ പ്രാധാന്യം ഇരുട്ടുകുത്തിക്കുമുണ്ട്. കോട്ടോത്തോട്ടില്‍ 900 മീറ്ററാണ് മത്സരം വള്ളംകളിക്കുള്ള ട്രാക്കിന്റെ നീളം. മത്സരാടിസ്ഥാനത്തില്‍ ഇവിടെ ജലമേള ആരംഭിച്ചത് 1952 ലാണ്.