മറ്റെല്ലാ വള്ളംകളികളും ഒറ്റ ദിവസമാണെങ്കില്‍ പായിപ്പാട് വള്ളംകളി 3 ദിവസമാണ്. ചിങ്ങമാസത്തിലെ തിരുവോണം, അവിട്ടം, ചതയം നാളുകളിലായാണ് പായിപ്പാട് ജലോത്സവം നടക്കുക. ആലപ്പുഴ ജില്ലയിലെ വിയപുരം പഞ്ചായത്തിലാണ് പായിപ്പാട്. അച്ചന്‍ കോവിലാറാണ് പായിപ്പാട് ജലോത്സവത്തിന്റെ മത്സരവേദി. പായിപ്പാട് വള്ളംകളിയും ഹരിപ്പാട് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രവും തമ്മില്‍ ഐതിഹ്യപരമായ ഒരു കഥയുണ്ട്. ഹരിപ്പാട്ടുകാരുടെ കീഴ്തൃക്കോവില്‍ എന്ന മുരുകക്ഷേത്രത്തിന്റെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കവെ ക്ഷേത്രപൂജാരിക്ക് ദര്‍ശനമുണ്ടായത്രേ. കായംകുളം കായലില്‍ ജലോപരിതലത്തില്‍ ഒരു ചുഴികാണുമെന്നും അതിനു താഴെ ചതുര്‍ബാഹുവായ ഒരു സുബ്രഹ്‌മണ്യ വിഗ്രഹം കിടപ്പുണ്ടെന്നും അത് കണ്ടെടുത്ത് ഹരിപ്പാട് ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കണമെന്നുമായിരുന്നു ദര്‍ശനം. ഊരാണ്‍മക്കാരും നാട്ടുകാരും കായംകുളം ഗോവിന്ദമുട്ടം കായലില്‍ ചുഴികാണുകയും തപ്പിയപ്പോള്‍ വിഗ്രഹം കിട്ടുകയുമുണ്ടായത്രേ. വിഗ്രഹവുമായി തിരിച്ച് പായിപ്പാട്ടെത്തിയപ്പോള്‍ നാട്ടുകാര്‍ വിഗ്രഹത്തെ വന്‍ വരവേല്‍പ്പ് നല്കി. തുടര്‍ന്ന് പായിപ്പാട്ടാറ്റിലൂടെ ജലഘോഷയാത്രയായി അരനാഴിക നെല്പുരക്കടവിലെത്തി വിഗ്രഹം അവിടെ ഇറക്കി. ഹരിപ്പാടെ ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷം വിഗ്രഹം ആഘോഷപൂര്‍വ്വം പുതിയ ക്ഷേത്രത്തിലെത്തിച്ച് സുബ്രഹ്‌മണ്യ പ്രതിഷഠ നടത്തി. ഇതിന്റെ ഓര്‍മ്മ പുതുക്കാനാണ് പായിപ്പാട് ജലോത്സവം നടത്തുന്നത്. തിരുവേണ ദിവസം എല്ലാ ചുണ്ടന്‍ വള്ളങ്ങളും അരനാഴിക നെല്പുരക്കടവിലെത്തുന്നു. തഴകള്‍ ഉയര്‍ത്തിയ വഞ്ചിപ്പാട്ട് പാടിവള്ളക്കാര്‍ ഹരിപ്പാട് ക്ഷേത്രത്തിലേക്ക് പോകും. തുടര്‍ന്ന് പായിപ്പാടാറ്റില്‍ ഉച്ചതിരിഞ്ഞ് വള്ളംകളി ആഘോഷം തുടങ്ങും. രണ്ടാം ദിവസമായ അവിട്ടം നാളില്‍ നാടന്‍ കലാരൂപങ്ങളടങ്ങിയ നിശ്ചലദൃശ്യങ്ങളോടെ വര്‍ണ്ണാഭമായ ജലഘോഷയാത്ര നടക്കും. മൂന്നാംദിവസമായ ചതയത്തിലാണ് വള്ളങ്ങളുടെ വാശിയേറിയ ഫൈനല്‍ മത്സരം. ചുണ്ടന്‍ വള്ളങ്ങള്‍ക്കൊപ്പം ഇരുട്ടുകുത്തി, വെപ്പ്, ചുരുളന്‍ വള്ളങ്ങളുടെ മത്സരങ്ങളും നടക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനാണ് പായിപ്പാട് ജലോത്സവത്തിന്റെ മുഖ്യചുമതല.