കാസര്‍കോഡുകാര്‍ക്കും തുളുനാട്ടുകാര്‍ക്കും ഓണമെന്നത് വര്‍ഷത്തില്‍ രണ്ടു തവണയുണ്ട്. ചിങ്ങമാസത്തിലെ അത്തം പത്ത് പൊന്നോണം മറ്റേതൊരു മലയാളിയെയും പോലെ ഉത്തര മലബാറുകാരും ആഘോഷിക്കും. എന്നാല്‍ വിസ്മയകരമായ ഈ രണ്ടാം ഓണം വീണ്ടുമെത്തുന്നത് ദീപാവലി നാളിലാണ്. ചിങ്ങമാസത്തിലെ തിരുവോണത്തിനല്ല തുളുനാട്ടില്‍ മഹാബലിയെത്തുന്നത്. മറിച്ച് ദീപാവലിയ്ക്കാണ്. തുലാമാസത്തിലെ കറുത്ത വാവ് തൊട്ടുള്ള മൂന്ന് ദിവസങ്ങളിലാണ് പൊലിയന്ത്ര എന്ന ഈ ആഘോഷം. ബലിയന്ത്ര എന്നും പറയപ്പെടുന്നു. മഹാബലി ദൈവമായി പൂജിക്കപ്പെടുന്ന സമയമാണിത്.
തുലാമാസത്തിലെ അമാവാസി ദിവസം ഏഴിലം പാലയുടെ മുമ്മൂന്ന് ശിഖരങ്ങളുള്ള കൊമ്പുകള്‍ ശേഖരിച്ച് ക്ഷേത്രങ്ങളിലെ നിര്‍ദ്ദിഷ്ട സ്ഥാനങ്ങളില്‍ സ്ഥാപിക്കുന്നു. വീട്ടിലാണെങ്കില്‍ മുറ്റത്തും കിണറ്റിന്‍കരയിലും തൊഴുത്തിലും മറ്റുമായാണ് പൂക്കളെ കൊണ്ട് അലങ്കരിച്ച പാലക്കൊമ്പുകള്‍ സ്ഥാപിക്കുന്നത്. അതിന്റെ കവരങ്ങളില്‍ ചിരട്ടത്തുണ്ടുകള്‍ ഇറക്കി വെയ്ക്കുന്നു. അരി വറുത്ത് ചെറിയ കിഴികെട്ടി എണ്ണയില്‍ മുക്കി ചിരട്ടയില്‍ വച്ച് കത്തിക്കും. തിരി കത്തിച്ച് ചിരട്ടയില്‍ വയ്ക്കുമ്പോള്‍ 'പൊലിയന്ത്രാ പൊലിയന്ത്രാ ഹരി ഓം ഹരി' എന്നു വിളിക്കും. പൊലിയന്ത്ര എന്നാല്‍ ബലീന്ദ്രന്‍ കൂടിയാണ്. മൂന്നാം ദിവസം 'മേപ്പട്ട് കാലത്ത് നേരത്തെ വാ' എന്നു കൂടി ചൊല്ലി ചടങ്ങ് അവസാനിക്കും. വീടുകളില്‍ മൂന്നു ദിവസവും പൊലിയന്ത്രാ വിളിക്കും.
കാഞ്ഞങ്ങാടിന് വടക്ക് വീടുകളില്‍ സന്ധ്യാനാമത്തിനു ശേഷം തളികയില്‍ അരിയും തിരിയും കൊണ്ട് വന്ന ശേഷമാണ് തിരി കത്തിക്കുക. തൃക്കരിപ്പൂര്‍ മുതല്‍ കര്‍ണ്ണാടകത്തിലെ കുന്ദാപുര വരെയാണ് മഹാബലിയെ പൂജിക്കുന്ന ഈ തുളുനാടന്‍ ആഘോഷമുള്ളത്. കാസര്‍കോഡ് ജില്ലയിലെ ശാസ്താ ക്ഷേത്രങ്ങളില്‍ വലിയ ഉത്സവങ്ങളായിട്ടാണ് പൊലിയന്ത്രം നടക്കുക. ഉത്തര മലബാറില്‍ പൊലിയന്ത്രം ചടങ്ങിനൊപ്പം മഹാബലിയെ സ്തുതിച്ചു കൊണ്ട് ബലീന്ദ്ര സന്ധ്യാ എന്ന നാടന്‍ പാട്ടും ചിലയിടങ്ങളില്‍ പാടാറുണ്ട്. പതിനൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ച അല്‍ബറൂണി ദീപാവലി ദിവസത്തെ ഈ മഹാബലി പൂജയെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ഈ അനുഷ്ഠാനം പലയിടങ്ങളിലും ഇല്ലാതായെങ്കിലും നിരവധി ഇടങ്ങളില്‍ പൊലിയന്ത്രം ഇപ്പോഴുമുണ്ട്.