തിരുവോണത്തിന്റെ ഏറ്റവും പ്രധാന ചടങ്ങാണല്ലോ ഓണസ്സദ്യ. ഓണം വയ്ക്കാനും കഴിയ്ക്കാനുമുള്ള ചടങ്ങായിരുന്നു പണ്ട്. അന്ന് വീട്ടില്‍ത്തന്നെ തയ്യാറാക്കണമെന്നതും നിര്‍ബന്ധമായിരുന്നു. ഓണം വരുമ്പോള്‍ തന്നെ വീടുകള്‍ പണ്ട് തിരക്കിലാവുമായിരുന്നു. ഉത്രാടം മുതല്‍ നാലു ദിവസം സദ്യ ഒരുക്കാനുള്ള ചുറ്റുവട്ടങ്ങള്‍ അടുപ്പിക്കുകയാകും പ്രധാന ജോലി. പലവ്യഞ്ജനങ്ങളും, പച്ചക്കറികളും പായസ സാമഗ്രികളും വാങ്ങി വയ്ക്കണം. അതോടൊപ്പമാണ് ഉപ്പേരി വകകള്‍. നാലുകൂട്ടം ഉപ്പേരികളെങ്കിലും വറുത്തു വയ്ക്കുന്ന വീടുകളുണ്ട്. ഉത്രാടത്തിന് മുമ്പ് അവയുടെ ജോലികള്‍ പൂര്‍ത്തിയാക്കണം. ആണ്ടിലൊരിക്കല്‍ എത്തുന്ന ഓണത്തിലെ ഈ ഉത്സാഹങ്ങളെ ഏറെ സന്തോഷപൂര്‍വ്വം അന്ന് കുടുംബാംഗങ്ങള്‍ ഏറ്റെടുത്തിരുന്നു. മക്കളും, കൊച്ചുമക്കളും, ബന്ധുക്കളും ഒത്തുകൂടുന്ന ആനന്ദവും സംതൃപ്തിയുമായിരുന്നു പഴയ ഓണസ്സദ്യയുടെ കാതല്‍. എന്നാല്‍ ഇന്ന് കാലം മാറി. ഓണസ്സദ്യ അണുകുടുംബങ്ങളുടേത് ആയി. കുറഞ്ഞ സമയത്തിനുള്ളില്‍ സദ്യയ്ക്കുള്ള വട്ടം തയ്യാറാക്കല്‍ പലര്‍ക്കും പ്രായോഗികമായി ബുദ്ധിമുട്ടായി. ജോലിത്തിരക്കും സമയമില്ലായ്മയും പ്രശ്‌നങ്ങളായി. സദ്യ വിഭവങ്ങള്‍ ഉണ്ടാക്കാനറിയാവുന്നവരും പുതു തലമുറകളില്‍ കുറഞ്ഞു. അവിടെയാണ് ഹോട്ടലുകളിലെ 'പാഴ്‌സല്‍' സദ്യയുടെ കടന്നു വരവ്. ടെലിവിഷനിലെ ഓണപ്പരിപാടികള്‍ ആസ്വദിക്കാന്‍ മതിയായ സമയം കിട്ടുമെന്നതും 'ഹോട്ടല്‍ സദ്യ'യുടെ പ്രിയം കൂട്ടി. കൊച്ചിയിലാണ് ഈ ഹോട്ടല്‍ ഓണസ്സദ്യയുടെ ഉദയം. പല ഹോട്ടലുകളും തിരുവോണ സദ്യയ്ക്ക് കാലേക്കൂട്ടി ബുക്കിംഗ് ആരംഭിച്ച് സദ്യ നല്കാന്‍ തുടങ്ങി. വലിയ പാചക വിദഗ്ദ്ധരുടെ ഊട്ടുപുരകളും ഓണസ്സദ്യയുടെ റെഡിമെയ്ഡ് ഇടമായി മാറി. പായസക്കച്ചവടത്തില്‍ നിന്നാണ് ഈ സദ്യ കച്ചവടത്തിലേക്കുള്ള മാറ്റമുണ്ടായത്. ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും ഓണസ്സദ്യയുടെ വിഭവങ്ങള്‍ കുറഞ്ഞ നേരത്തിനുള്ളില്‍ പരമാവധി ആളുകളിലേക്ക് എത്തിക്കാനും തിരക്കായി. സദ്യ മാത്രം വിളമ്പാന്‍ ഹോട്ടലുകളുമുണ്ടായി. ഇപ്പോള്‍ തലേ ദിവസം വരെ സദ്യ ബുക്ക് ചെയ്യാമെന്ന തരത്തില്‍ ഹോട്ടല്‍ സദ്യ വൈവിധ്യമായിട്ടുണ്ട്. കോവിഡ് കാലത്തോടെ ആരംഭിച്ച ഓണ്‍ലൈന്‍ ബുക്കിംഗിന്റെ തിരക്ക് ഇന്ന് സാധാരണമായിക്കഴിഞ്ഞു. വലിയ പ്ലാസ്റ്റിക് ബാഗുകളില്‍ വിഭവങ്ങള്‍ പ്ലാസ്റ്റിക് കണ്ടെയ്‌നറുകളിലാക്കി ഹോട്ടലുകാര്‍ തന്നെ വീട്ടിലെത്തിക്കും. ഫുഡ് ആപ്പുകളും ഡെലിവറി കമ്പനികളും വന്നതോടെ ഓണസദ്യയില്‍ ഇപ്പോള്‍ 'ആപ്പ്' തരംഗമാണ്. നല്ല സദ്യ ഏത് ഹോട്ടലില്‍ കിട്ടുമെന്ന നിലയിലായി. വീട്ടില്‍ വയ്‌ക്കേണ്ട ഓണസ്സദ്യയുടെ ഗതി. ഹോട്ടലുകളെക്കാള്‍ കൂടുതല്‍ കാറ്ററിംഗ് സ്ഥാപനങ്ങളുടേതാണ് ഇന്ന് ഓണസ്സദ്യ. സോഷ്യല്‍ മീഡിയ മുഴുവന്‍ കാറ്ററിംഗ് സ്ഥാപനങ്ങളുടെ ഓണസ്സദ്യ പരസ്യമാണ്. എത്രയും നേരത്തേ ബുക്കിംഗ് തീര്‍ക്കാനുള്ള തിരക്കിലാണ് അവര്‍. നല്ല കാറ്ററിംഗ് സ്ഥാപനങ്ങളുടെ ഓണസ്സദ്യ ലഭിക്കണമെങ്കില്‍ ആഴ്ചകള്‍ക്ക് മുമ്പെ ബുക്ക് ചെയ്യേണ്ട സ്ഥിതിയാണ്. 200 മുതല്‍ 400 രൂപ വരെയാണ് ഓണസ്സദ്യയുടെ മാര്‍ക്കറ്റ് വില. ആര്‍ക്കും എവിടെയും ബുക്ക് ചെയ്യാം. 'ആപ്പു'കളുടെ ലോകത്ത് റെഡിമെയ്ഡ് ഓണസ്സദ്യ ഇപ്പോള്‍ ഗ്രാമീണ മേഖലയെയും പിടി മുറുക്കുകയാണ്.