ഓണാഘോഷത്തിന്റെ സര്‍വ്വ ജീവി സമഭാവനയുടെ മറ്റൊരു ഉദാഹരണമാണ് കൊല്ലത്ത് ശാസ്താംകോട്ട ക്ഷേത്രത്തിലെ വാനര സദ്യ. ഉത്രാടം മുതല്‍ വിഭവ സമൃദ്ധമായ സദ്യയാണ് ഇവിടെ വാനരന്മാര്‍ക്ക് നല്കുക. സാധാരണ ദിവസങ്ങളിലുള്ള പതിവ് ഭക്ഷണത്തിന് പകരമാണ് ഓണത്തിലെ സദ്യ.
ശ്രീരാമ കഥയോളം പഴക്കമുണ്ട് ശാസ്താംകോട്ട ക്ഷേത്രത്തിലെ വാനര സാന്നിദ്ധ്യത്തിന് എന്നാണ് ഐതിഹ്യം. രാവണ നിഗ്രഹത്തിനു ശേഷം അയോദ്ധ്യയിലേക്ക് മടങ്ങവേ വാനര പടയിലെ ഒരു സംഘത്തെ ശാസ്താവിന്റെ തോഴരായി ശാസ്താംകോട്ടയില്‍ നിയോഗിച്ചെന്നാണ് ഈ വാനര ഐതിഹ്യം. ഇവിടെ വാനര സദ്യ തുടങ്ങിയിട്ട് 50 കൊല്ലത്തിലേറെയായെന്ന് പഴമക്കാരും പറയുന്നു.
അവിയലും പായസവുമാണ് സദ്യയില്‍ വാനരര്‍ക്ക് പ്രിയം. പപ്പടവും ശര്‍ക്കര വരട്ടിയും കായ വറുത്തതും ഇഷ്ടഭക്ഷണങ്ങള്‍ തന്നെ. അമ്പലക്കുരങ്ങന്‍മാരുടെ ഓണസ്സദ്യ കാണാനും തിരക്കാണ് ശാസ്താംകോട്ടയില്‍.
പത്തനംതിട്ടയില്‍ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലും വാനരസദ്യയുണ്ട്. വാനര സദ്യ ഇവിടെ വഴിപാട് കൂടിയാണ്. 501 രൂപയാണ് വഴിപാട് തുക. ദുരിതം ഒഴിയാനും ശത്രുദോഷം മാറ്റാനും ഹനുമാനുള്ള വഴിപാടായാണ് ഇവിടുത്തെ വാനര സദ്യ. ഓണത്തിന് അവര്‍ക്കും സദ്യയാണ്.
കാസര്‍കോഡ് ഇടയിലക്കാടും ഓണത്തിന് വാനര സദ്യയുണ്ട്. കാവിലെ കുരങ്ങുകളുടെ സംഘത്തിന് കഴിഞ്ഞ 20 വര്‍ഷമായി ഒരു സ്ത്രീയാണ് വാനര സദ്യ കൊടുത്തിരുന്നത്. അവിട്ടം നാളിലാണ് ഇടയിലക്കാട് വാനര സദ്യ. ഇപ്പോള്‍ അവിടെ നവോദയ ഗ്രന്ഥാലയം ബാലവേദിയാണ് കുരങ്ങുകള്‍ക്ക് അവിട്ടത്തിന് സദ്യ നല്കുന്നത്.
ചോറിനും പപ്പടത്തിനും പിറകെ വട്ടത്തിലരിഞ്ഞ ബീറ്റ്‌റൂട്ടും, അരിഞ്ഞെടുത്ത ക്യാരറ്റ്, തക്കാളി, വെള്ളരി, കക്കിരി, കോവയ്ക്ക, പാഷന്‍ ഫ്രൂട്ട്, വാഴപ്പഴം, പൈനാപ്പിള്‍, തേങ്ങാപ്പൂള് എന്നിവയും നല്കും. മേശയിട്ട് അതില്‍ തൂശനിലയിലാണ് ഈ അവിട്ട സദ്യ. ഏറെക്കാലമായി ജനകീയ പങ്കാളിത്തത്തോടെയാണ് ഉത്തര മലബാറിലെ ഈ വാനര സദ്യയും നടക്കുക.