പായസമില്ലാതെ എന്ത് ഓണസ്സദ്യ? ഓണത്തിന് മാത്രമല്ല കല്യാണത്തിനും മറ്റ് ഏത് വിശേഷങ്ങള്‍ക്കും സദ്യയുടെ ക്ലൈമാക്‌സ് പായസം തന്നെ. എത്ര തരം പായസമുണ്ടായിരുന്നുവെന്നത് തന്നെ സദ്യയുടെ കേമത്തെക്കുറിച്ച് പറയാനുള്ള പൊതു കണക്കാണ്. സദ്യ നല്‍കുന്നയാള്‍ക്കും സദ്യയുടെ ആഢ്യത്വത്തെക്കുറിച്ച് പറയാന്‍ പായസത്തിന്റെ എണ്ണം തന്നെ വേണം. അട പ്രഥമനും, പാല്‍പ്പായസവും, പാലടയും, പരിപ്പ് പായസവുമൊക്കെയാണ് മലയാളി സദ്യയുടെയും ഓണസ്സദ്യയുടെയുമൊക്കെ സ്ഥിരം താരങ്ങള്‍. ക്ഷേത്രങ്ങളില്‍ തേങ്ങാപ്പാലില്‍ വെന്ത് കുറുകിയ ഉണക്കലരിയുടെ ഇടിച്ചു പിഴിഞ്ഞ പായസവും ഏറെ പ്രിയമുള്ളതാണ്.
കട്ടി പായസങ്ങളെക്കാള്‍ ഒഴിച്ചു കഴിക്കാവുന്ന പായസങ്ങളാണ് ഏവര്‍ക്കും ഇഷ്ടം കൂടുതല്‍. ഓണസ്സദ്യ ബുക്കിംഗിന് മുമ്പ് തന്നെ ഹോട്ടലുകളിലും കാറ്ററിംഗ് കേന്ദ്രങ്ങളിലും ആദ്യം ആരംഭിച്ച കച്ചവടം പായസമാണ്. പായസമേളകളും ഓണക്കാലത്തെ ജനപ്രിയമായ ഭക്ഷ്യമേളകളാണ്. KTDC-യാണ് പായസമേളകളിലെ അമരക്കാര്‍. 30-ലധികം വര്‍ഷങ്ങളായി KTDC ഓണക്കാലത്ത് സ്‌പെഷ്യല്‍ പായസമേളകള്‍ തുടങ്ങിയിട്ട്. ഉപഭോക്താവിന്റെ അഭിരുചിക്കനുസരിച്ച് KTDC ഹോട്ടലുകളിലെത്തി പായസം നുണയാം രുചിക്കുകയുമാകാം. KTDC-യുടെ തിരുവനന്തപുരം ചൈത്രം തുടങ്ങി പ്രധാന ഹോട്ടലുകളിലെല്ലാം പായസമേളകളുണ്ട്.
പാലടയാണ് പായസമേളയിലെ താരം. അട പ്രഥമന്‍, പരിപ്പ് പ്രഥമന്‍ തുടങ്ങി പലതരം പ്രഥമനുകള്‍ ലഭിക്കും. ജനപ്രിയ പായസങ്ങള്‍ക്കപ്പുറം ചക്കയും മാങ്ങയും പൈനാപ്പിളും ക്യാരറ്റും ഒക്കെ പായസ വെറൈറ്റികളില്‍ പെടും. ചോക്ലേറ്റ് പായസവും ലഭ്യമാകും. ഒരു ലിറ്റര്‍, അര ലിറ്റര്‍ എന്നിങ്ങനെ കണ്ടെയ്‌നറുകളിലാണ് പായസ വില്പന. കെ.റ്റി.ഡി.സി. മാത്രമല്ല ഇപ്പോള്‍ നാടെങ്ങും പായസമേളകളാണ്. കേട്ടിട്ടും കണ്ടിട്ടും രുചിച്ചിട്ടുമില്ലാത്ത പായസങ്ങളുടെ നീണ്ട ലിസ്റ്റാണ് പായസമേളകളില്‍ കാണുക.
114 തരം പായസമുണ്ടെന്ന പരസ്യവും സോഷ്യല്‍ മീഡിയയില്‍ കാണാം. പായസമേളകള്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ്. എങ്ങനെ പായസമുണ്ടാക്കാമെന്നും ഏത് തരം പായസമുണ്ടാക്കാമെന്നും വീഡിയോകള്‍ പരതിയാല്‍ സുലഭം. ഓണക്കാലത്ത് ആനുകാലികങ്ങളും വിവിധ ഇനം പായസക്കൂട്ടുകളെ കൊണ്ട് നിറയും. ഓണസ്സദ്യയ്ക്ക് ഇഷ്ടമുള്ള പായസം തിരയാന്‍ കാറ്ററിംഗ് സര്‍വ്വീസുകളും ഹോട്ടലുകളും റെഡിയാണ്. പണ്ടൊക്കെ ബുക്ക് ചെയ്താല്‍ കൊച്ചിയിലൊക്കെ കാറ്ററിംഗ് സര്‍വ്വീസില്‍ ക്യൂ നില്‍ക്കണം തിരുവോണ പായസം വാങ്ങാന്‍. ഇന്ന് അതിന്റെ ആവശ്യമില്ല. സദ്യക്കൊപ്പം ഇഷ്ട പായസം വീട്ടിലെത്തും. പായസത്തിനും ഇപ്പോള്‍ 'ആപ്പു'ണ്ട്.