അമ്പലപ്പുഴ സംഘം പാല്‍പ്പായസവുമായി ചമ്പക്കുളത്തെത്തി ആചാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ചമ്പക്കുളം മൂലം വള്ളംകളി ആരംഭിക്കുക. വള്ളംകളിയുടെ ചരിത്രം തന്നെ അമ്പലപ്പുഴയിലെ ശ്രീകൃഷ്ണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടാണ്. അതിന്റെ ഭാഗമായാണ് അമ്പലപ്പുഴ സംഘം വര്‍ഷം തോറും ചമ്പക്കുളത്തെത്തുന്നതും. അതിന്റെ ചരിത്രം ഇങ്ങനെയാണ്.
വില്വമംഗലം സ്വാമികളുടെ ഉപദേശപ്രകാരമാണ് ചെമ്പകശ്ശേരി രാജാവ് അമ്പലപ്പുഴയില്‍ ക്ഷേത്രം പണിതതെന്നാണ് വിശ്വാസം. അമ്പലപ്പുഴ പ്രദേശം പുറക്കാട് രാജാവിന്റെ അധീനതയിലായിരുന്നു. ചെമ്പകശ്ശേരി രാജാവ് ദേവനാരായണന്‍ പുറക്കാട് കീഴ്‌പ്പെടുത്തിയപ്പോള്‍ പുറക്കാട്ടെ വാസുദേവപുരം ക്ഷേത്രം അനാഥമായി. കാലക്രമേണ നശിച്ച ക്ഷേത്രത്തിലെ വിഗ്രഹം ഒടുവില്‍ കുറിച്ചി വലിയ മഠം കുടുംബക്കാര്‍ സംരക്ഷിച്ചു. പിന്നീട് നാട്ടിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി വില്വമംഗലത്തിന്റെ ഉപദേശ പ്രകാരം അമ്പലപ്പുഴയില്‍ പുതിയ ശ്രീകൃഷ്ണ ക്ഷേത്രം നിര്‍മ്മിച്ചു.
പ്രതിഷ്ഠാദിനത്തില്‍ പുതിയ വിഗ്രഹം അശുദ്ധമാണെന്ന് തെളിഞ്ഞ് പകരം വിഗ്രഹത്തിനായി മന്ത്രിയായ കോഴിമുക്ക് പാറയില്‍ മേനോനെ രാജാവ് ഏല്പിച്ചു. മേനോനും സംഘവും കുറിച്ചിയില്‍ വലിയമഠം കുടുംബത്തിലെത്തി പഴയ വിഗ്രഹം വള്ളത്തില്‍ ആഘോഷത്തോടെ അമ്പലപ്പുഴയിലേക്ക് കൊണ്ടു പോയി. നേരം ഇരുട്ടിയാല്‍ ചമ്പക്കുളത്ത് കോയിക്കരി മാപ്പിളശ്ശേരി ഇട്ടിത്തൊമ്മന്റെ വീട്ടില്‍ വിഗ്രഹം ഇറക്കി വയ്ക്കണമെന്ന് രാജാവിന്റെ നിര്‍ദ്ദേശമുണ്ടായിരുന്നു. അവിടെയിറക്കിയ വിഗ്രഹത്തിന് മാപ്പിളശ്ശേരി കുടുംബവും നാട്ടുകാരും സ്വീകരണം നല്കി.
പിറ്റേ ദിവസം ചെമ്പകശ്ശേരി രാജാവും പരിവാരങ്ങളും മാപ്പിളശ്ശേരി കുടുംബത്തിലെത്തി വിഗ്രഹം ഏറ്റുവാങ്ങി. ആഘോഷപൂര്‍വ്വം വള്ളത്തില്‍ അമ്പലപ്പുഴയിലേക്ക് തിരിച്ചു. വഴിയില്‍ കല്ലൂര്‍ക്കാട് പള്ളിയിലും കതിന മുഴക്കി സ്വീകരണമുണ്ടായിരുന്നു. ചമ്പക്കുളത്താറിന്റെ കരയില്‍ നടുഭാഗം മഠം ദേവീ ക്ഷേത്രത്തില്‍ വിഗ്രഹം ഇറക്കിവച്ച് പന്തീരടി പൂജയും നടത്തി. ഈ ജലഘോഷയാത്രയെ ഓര്‍മ്മിപ്പിക്കാനാണ് ചമ്പക്കുളം വള്ളംകളി. ഇതിന്റെ ഓര്‍മ്മ പുതുക്കാനാണ് അമ്പലപ്പുഴ സംഘം കോയ്മയുടെ നേതൃത്വത്തില്‍ അമ്പലപ്പുഴ പാല്‍പ്പായസവുമായി ചമ്പക്കുളത്തെത്തുന്നത്.
ആദ്യം മഠം ക്ഷേത്രത്തിലെത്തുന്ന സംഘം പിന്നീട് വിഗ്രഹമിറക്കി വച്ച മാപ്പിളശ്ശേരി തറവാട്ടിലെത്തും. അവിടെ സ്വീകരണത്തിനു ശേഷം വിഗ്രഹം വെച്ച തറവാട്ടു മുറിയില്‍ പ്രാര്‍ത്ഥന നടത്തും. ചുരുളന്‍ വള്ളത്തിലാണ് അമ്പലപ്പുഴ സംഘം മാപ്പിളശ്ശേരിയില്‍ എത്തുന്നത്. തുടര്‍ന്ന് ആചാരം പിന്‍തുടര്‍ന്ന് സംഘം കല്ലൂര്‍ക്കാട് പള്ളിയിലും സ്വീകരണം ഏറ്റുവാങ്ങും. അമ്പലപ്പുഴ സംഘത്തിന്റെ ചമ്പക്കുളത്തു നിന്നുള്ള മടക്കയാത്രയ്ക്കു ശേഷമാണ് പ്രസിദ്ധമായ ചമ്പക്കുളം വള്ളംകളി ആരംഭിക്കുക.