ചരിത്രവഴിയില്‍ കൗതുകമുണര്‍ത്തുന്നതും ചരിത്രത്തിലേക്കുള്ള തിരിഞ്ഞു നടപ്പുമാണ് തൃപ്പൂണിത്തുറയിലെ അത്തച്ചമയം ഘോഷയാത്ര. ഓണാഘോഷത്തിന് തുടക്കം കുറിക്കുന്ന ചിങ്ങമാസത്തിലെ അത്തം നാളിലാണ് അത്തച്ചമയം ഘോഷയാത്ര നടക്കുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് കൊച്ചിരാജാക്കന്മാരുടെ ആസ്ഥാനമായ തൃപ്പൂണിത്തുറയില്‍ ആണ് അത്തച്ചമയം നടക്കുക.
പത്തു ദിവസം നീണ്ടു നില്ക്കുന്ന ഓണാഘോഷത്തിന്റെ തുടക്കം കൂടിയാണ് ഈ സാംസ്‌കാരികോത്സവം. അത്തം നാളില്‍ കൊച്ചിരാജാവ് സര്‍വ്വാഭരണ വിഭൂഷിതനായി, സൈന്യ സമേതനായി, പ്രജകളെ കാണാന്‍ തൃപ്പൂണിത്തുറയിലെ വീഥികളില്‍ കൂടി നടത്തിയിരുന്ന ഘോഷയാത്രയാണിത്. കേരളത്തിലെ മിക്കവാറുമെല്ലാ നാടന്‍ കലാരൂപങ്ങളുടെയും സാന്നിദ്ധ്യമാണ് ഇതിന്റെ സവിശേഷത. നെറ്റിപ്പട്ടം കെട്ടിയ ആനകളും വാദ്യാഘോഷങ്ങളും അകമ്പടി സേവിക്കും.
1949-ല്‍ തിരു-കൊച്ചി സംയോജനത്തോടെ രാജകീയ അത്തച്ചമയം നിര്‍ത്തിയെങ്കിലും 1961-ല്‍ ഓണം സംസ്ഥാനാഘോഷമായതോടെ അത്തച്ചമയം ബഹുജനാഘോഷമായി വീണ്ടും തുടങ്ങി. മുന്‍പ് ഹില്‍പാലസില്‍ നിന്ന് തുടങ്ങിയിരുന്ന ഘോഷയാത്ര ഇപ്പോള്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടിലെ അത്തം നഗറില്‍ നിന്ന് തുടങ്ങി അവിടെത്തന്നെ അവസാനിക്കുന്നു.
രാജകീയ അത്തച്ചമയം മൂന്ന് ദിവസത്തെ ചടങ്ങുകളോടെയാണ് നാലാം ദിവസം അത്തച്ചമയ ഘോഷയാത്രയിലേക്ക് എത്തിയിരുന്നത്. അതിനു മുമ്പ് തന്നെ അത്തച്ചമയം ദേശമറിയിക്കല്‍ ചടങ്ങ് ആനപ്പുറത്ത് പെരുമ്പറ കൊട്ടി അറിയിച്ചിരുന്നു. മതസൗഹാര്‍ദ്ദ പ്രതീകമായി കക്കാട്ടു കാരണവപ്പാടും, നെട്ടൂര്‍ തങ്ങളും കരിങ്ങാച്ചിറ കത്തനാരും രാജാവിനെ കാണാനെത്തും. തുടര്‍ന്ന് വീരാളിപ്പട്ടുടുത്ത് തങ്കത്തലപ്പാവണിഞ്ഞ് കൊച്ചിരാജാവ് പല്ലക്കിലേറും. തുടര്‍ന്നാണ് ഘോഷയാത്ര നടത്തിയിരുന്നത്. ഘോഷയാത്രക്കു ശേഷം സദ്യയും പാരിതോഷികങ്ങളും നല്കും. അന്നേ ദിവസം സര്‍വ്വജന സദ്യയും ഉണ്ടാകുമായിരുന്നു.
അത്തച്ചമയത്തിന് നൂറ്റാണ്ടുകളുടെ ചരിത്ര പശ്ചാത്തലമുണ്ടെന്ന് പറയപ്പെടുന്നു. അത്തരത്തില്‍ ചരിത്ര കഥകളും പലതാണ് ഈ ഘോഷയാത്രയെക്കുറിച്ചുള്ളത്. അതിലൊന്ന് തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രവുമായി ചേര്‍ന്നാണ്. അവസാന ചേരമാന്‍ പെരുമാളിന് ശേഷം 56 രാജാക്കന്മാര്‍ ചേര്‍ന്ന് തൃക്കാക്കരയില്‍ ഉത്സവം നടത്തിയെന്നും ഇതില്‍ അത്തം നാളിലെ ഉത്സവം സാമൂതിരിയും കൊച്ചി രാജാവും ചേര്‍ന്നാണ് നടത്തിയിരുന്നതെന്നും കഥയുണ്ട്. ഇതിനായി കൊച്ചിരാജാവ് തൃക്കാക്കരക്ക് നടത്തിയ യാത്രയാണ് ആദ്യത്തെ അത്തച്ചമയ ഘോഷയാത്രയെന്ന് വാമൊഴി ചരിത്രമുണ്ട്.
തൃക്കാക്കര ക്ഷേത്രം ഇടപ്പള്ളി രാജാവിന്റെ കയ്യിലായതോടെ കൊച്ചിരാജാവിന്റെ ഘോഷയാത്ര നിന്നുവത്രെ. തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്രയ്ക്ക് തൃക്കാക്കരയില്‍ നിന്ന് കൊട്ടി കൊണ്ടു വന്നാണ് കൊടിയേറ്റ്. സാമൂതിരിയില്‍ നിന്ന് വന്നേരി പ്രദേശം പിടിക്കാന്‍ കൊച്ചിരാജാവ് നടത്തിയ പടനീക്കത്തിന്റെ അനുസ്മരണമാണ് ഘോഷയാത്രയെന്ന് മറ്റൊരു ചരിത്ര കഥ. വന്നേരിയില്‍ യുദ്ധം തോറ്റതിനാലാണ് പിന്നീട് ഘോഷയാത്രകളില്‍ കൊച്ചിരാജാവ് അത്തച്ചമയത്തിന് കുലശേഖര കിരീടം മടിയില്‍ വെയ്ക്കുന്നതെന്ന് പറയപ്പെടുന്നു. കൊച്ചിയും വടക്കുംകൂറുമായുള്ള യുദ്ധത്തില്‍ കൊച്ചിരാജാവ് ജയിച്ചതിന്റെ ഓര്‍മ്മയ്ക്കാണ് സൈനിക ശക്തി പ്രകടനത്തോടെ അത്തച്ചമയ ഘോഷയാത്ര നടത്തിയിരുന്നതെന്ന് വേറൊരു ചരിത്ര കഥയുമുണ്ട്. എന്തായാലും ഗതകാലങ്ങളിലെ സ്മരണീയങ്ങളായ നിമിഷങ്ങള്‍, മതസൗഹാര്‍ദ്ദത്തിന്റെ കൂടി പ്രതീകമായി ഓണക്കാലത്ത് എല്ലാ വര്‍ഷവും ആഘോഷിക്കപ്പെടുകയാണ് അത്തച്ചമയ ഘോഷയാത്രയിലൂടെ.