സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം രാജകീയ പ്രൗഢിയോടെ നടന്നിരുന്ന 'അത്തച്ചമയ'മടക്കമുള്ള ഓണാഘോഷങ്ങള്‍ക്ക് പകിട്ട് കുറഞ്ഞിരുന്നു. ഓണം ആചാരമായി മാത്രം തുടര്‍ന്നിരുന്ന ആ കാലത്തിനു ശേഷം 1961-ലാണ് മാറ്റമുണ്ടാകുന്നത്. മുഖ്യമന്ത്രി പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ 1961-ല്‍ ഓണം കേരളത്തിന്റെ ദേശീയ ഉത്സവമായി പ്രഖ്യാപിച്ചു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം ഇന്ത്യ - ചൈന യുദ്ധത്തെ തുടര്‍ന്ന് ഓണാഘോഷം നടത്തിയില്ല. പക്ഷെ 61-മുതല്‍ തന്നെ സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ഓണം പൊതു ആഘോഷമായി മാറിയിരുന്നു.
മതേതര കാഴ്ചപ്പാടും ഓണത്തിന്റെ ചരിത്ര പശ്ചാത്തലവുമൊക്കെ ഉയര്‍ത്തിക്കാട്ടി എതിര്‍പ്പുകള്‍ ഉയര്‍ന്നെങ്കിലും ഓണം കേരളത്തിന്റെ ആഘോഷമായി തുടര്‍ന്നുള്ള സര്‍ക്കാരുകളും സ്വീകരിച്ചു. 1982-ല്‍ ക്ഷാമകാലത്തെ തുടര്‍ന്നും സര്‍ക്കാര്‍ ഓണാഘോഷം നടന്നില്ല. 80-കളുടെ തുടക്കത്തില്‍ ടൂറിസം വകുപ്പിന്റെ കൂടി ആഭിമുഖ്യത്തില്‍ ഓണം വാരാഘോഷം കൂടി തുടങ്ങിയതോടെ ഓണാഘോഷങ്ങളുടെ പകിട്ട് വര്‍ദ്ധിച്ചു. അത്തച്ചമയ ഘോഷയാത്രകളും കൂടുതല്‍ ജനപങ്കാളിത്തമുള്ളതായി.
വാരാഘോഷങ്ങളുടെ കേന്ദ്ര സ്ഥാനമായി തിരുവനന്തപുരത്തെ കനകക്കുന്ന്കൊട്ടാര വളപ്പ് മാറി. തിരുവനന്തപുരത്തെ 30-ഓളം മറ്റ് വേദികളും തുടര്‍ച്ചയായ ഈ വാരാഘോഷങ്ങളുടെ വേദികളായി. സാംസ്‌കാരികപരമായും വാണിജ്യപരമായും ഓണം വാരാഘോഷം വന്‍ വന്‍വിജയമായിത്തീര്‍ന്നു. നാടന്‍ കലകള്‍ക്കും കലാകാരന്മാര്‍ക്കും, അനുഷ്ഠാനകലകള്‍ക്കുമൊക്കെ ഓണം വാരാഘോഷം പുത്തന്‍ ഉണര്‍വ്വ് പകര്‍ന്നു.
കനകക്കുന്നിലെ വിവിധ വേദികളില്‍ നാടന്‍ കലാരൂപങ്ങളും അനുഷ്ഠാനകലകളും കാണാന്‍ പതിനായിരങ്ങളെത്തി. നൃത്ത നൃത്യങ്ങളും, കഥകളിയും, നാടകവും, ഗാനമേളകളും, കഥാപ്രസംഗങ്ങളും ഒക്കെ വിവിധ വേദികളില്‍ അരങ്ങിലേറി. സിനിമാ താരങ്ങളും, പ്രശസ്ത ഗായകരുമെല്ലാം വാരാഘോഷ വേദികളെ ജനപ്രിയമാക്കി. വെള്ളയമ്പലം മുതല്‍ കിഴക്കേ കോട്ട വരെയുള്ള വൈദ്യുത ദീപാലങ്കാരങ്ങള്‍ കാണാന്‍ വേണ്ടി മാത്രം എം.ജി. റോഡിലൂടെ ആയിരങ്ങള്‍ ഒഴുകി. സെക്രട്ടേറിയേറ്റ് അടക്കം പഴമയും പുതുമയുമാര്‍ന്ന കെട്ടിടങ്ങളെല്ലാം വര്‍ണ്ണ വെളിച്ചത്തില്‍ മുങ്ങിയത് കൗതുകത്തോടെ ജനങ്ങള്‍ നടന്നു കണ്ടു.
ഒരാഴ്ച നീളുന്ന ഓണം വാരാഘോഷം തിരുവനന്തപുരത്ത് സമാപിക്കുന്നത് വര്‍ണ്ണ ശബളമായ ഘോഷയാത്രയോടെയാണ്. കലാരൂപങ്ങളും, പ്രച്ഛന്ന വേഷങ്ങളും, അഭ്യാസികളും, ഗംഭീരമായ ഫ്‌ളോട്ടുകളും, കേന്ദ്ര-സംസ്ഥാന പോലീസ് സേനാംഗങ്ങളും, വാദ്യമേളങ്ങളും ഒക്കെയായി ഓണം ഘോഷയാത്ര ഓരോ കൊല്ലവും പുത്തന്‍ അനുഭവമാകും.
ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും വാരാഘോഷമുണ്ട്. ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഡാമുകളിലും എല്ലാം ഓണാഘോഷം നടക്കുന്നുണ്ട്. ഓരോ കൊല്ലവും സംസ്ഥാനമൊട്ടാകെ ഓണം വാരാഘോഷത്തിന് മാത്രമായി കോടികള്‍ സംസ്ഥാന സര്‍ക്കാര്‍ ചിലവഴിക്കുന്നുണ്ട്.