ഓണക്കാലമെത്തിയാല്‍ തൃശ്ശൂരിലെ നാട്ടിടവഴികളില്‍ ആട്ടവും പാട്ടുമായി കുമ്മാട്ടികളുമെത്തും. വിനോദ കലയെന്ന രൂപത്തിലാണ് നാടന്‍ കലാചരിത്രത്തിലും കുമ്മാട്ടിക്കളിയുടെ സ്ഥാനം. തൃശ്ശൂരിനൊപ്പം പാലക്കാട് വയനാട് ജില്ലകളിലും കുമ്മാട്ടി നടക്കാറുണ്ട്. ഇവിടങ്ങളില്‍ മകരം - കുംഭം മാസങ്ങളില്‍ വിളവെടുപ്പ് ആഘോഷത്തിന്റെ ഭാഗമാണ് കുമ്മാട്ടി. പാലക്കാട്ടെ ചില കുമ്മാട്ടി ഉത്സവങ്ങള്‍ ഏറെ പ്രശസ്തമാണ്.
ഓണക്കാലത്ത് ഓണത്തപ്പനെ വരവേല്ക്കുന്ന തൃശ്ശൂരിലെ കുമ്മാട്ടിക്കളിക്ക് ശിവനും അര്‍ജുനനുമായുള്ള ഐതിഹ്യ കഥയുണ്ട്. പാശുപതാസ്ത്രം ശിവനില്‍ നിന്ന് കിട്ടാന്‍ തപസ്സ് ചെയ്ത അര്‍ജുനനെ പരീക്ഷിക്കാന്‍ മഹാദേവന്‍ തീരുമാനിക്കുന്നു. കിരാതരൂപം പൂണ്ട ശിവന്‍ വേട്ടയാടിയ പന്നിയെ ചൊല്ലി അര്‍ജുനനുമായി യുദ്ധം ചെയ്യുന്നു. തോറ്റ അര്‍ജുനന് മുന്നില്‍ പ്രത്യക്ഷപ്പെട്ട ശിവന്‍ പാശുപതാസ്ത്രം നല്കുന്നു.
അവിടെയെത്തിയ ഭൂതഗണങ്ങള്‍ ശിവനെ സന്തോഷിപ്പിക്കാന്‍ നൃത്തം ചെയ്തു. വടക്കുംനാഥ ക്ഷേത്രത്തില്‍ കുടികൊണ്ട ശിവനും പാര്‍വ്വതിയും പിന്നീട് ഭൂതഗണങ്ങളുടെ നൃത്തം കാണാന്‍ ഒന്നു കൂടി ആഗ്രഹിച്ചു. സംപ്രീതനായ ശിവന്‍ ഓണക്കാലത്ത് മഹാബലി എത്തുമ്പോള്‍ അദ്ദേഹത്തോടൊപ്പം ഭക്തരുടെ വീട്ടില്‍ ആട്ടവും പാട്ടുമായി സന്തോഷിപ്പിക്കണമെന്ന് ഭൂതഗണങ്ങളോട് പറഞ്ഞു. അതാണത്രെ തൃശ്ശൂരിലെ കുമ്മാട്ടിക്കളിയുടെ ഐതിഹ്യം.
ദേവ, മനുഷ്യ കഥാപാത്രങ്ങളും മൃഗ കഥാപാത്രങ്ങളും കുമ്മാട്ടിക്കളിയിലുണ്ട്. ശിവന്‍, ബ്രഹ്‌മാവ്, ശ്രീരാമന്‍, കൃഷ്ണന്‍, ഗണപതി, കിരാതമൂര്‍ത്തി, ദാരികന്‍, കാളി, കാട്ടാളന്‍, ഗരുഡന്‍, സുഗ്രീവന്‍, ബാലി, അപ്പൂപ്പന്‍, സന്യാസി തുടങ്ങിയ പൊയ്മുഖങ്ങള്‍ക്കൊപ്പം പുലിമുഖവും തെയ്യമുഖവും കാളമുഖവും ചില കുമ്മാട്ടികള്‍ അണിയാറുണ്ട്. കയ്യില്‍ വടിയുമായെത്തുന്ന തള്ള മുഖം കുമ്മാട്ടിയാണ് വേഷങ്ങളെ നിയന്ത്രിക്കുക. ഇപ്പോള്‍ നാടന്‍ കലാരൂപങ്ങളും ഫാന്‍സി വേഷങ്ങളും കൂടി ജനത്തെ രസിപ്പിക്കാന്‍ വേണ്ടി ഒരുക്കാറുണ്ട്.
ഒരു കുമ്മാട്ടി മുഖത്തിന് 20000 മുതല്‍ 50000 രൂപയോളം നിര്‍മ്മാണ ചിലവ് വരും. 10 കിലോയോളം ഭാരമുള്ള കുമ്മാട്ടി മുഖങ്ങള്‍ വരെയുണ്ട്. ഏറെ ഭംഗിയുള്ള മുഖം മൂടികളാണ് ഉപയോഗിക്കാറുള്ളത്. ആദ്യ കാലങ്ങളില്‍ കമുകിന്‍ പാളയിലായിരുന്നു മുഖം മൂടി വരച്ചിരുന്നത്. പിന്നീടത് മുരിക്ക്, കുമ്മിള്‍ പോലെ ഭാരം കുറഞ്ഞ തടികള്‍ ഉപയോഗിച്ച് ഉണ്ടാക്കാനാരംഭിച്ചു. അതിനും പൊട്ടല്‍ വരുമെന്നതിനാല്‍ കുമ്മാട്ടി മുഖങ്ങള്‍ പ്ലാവിന്റെ തടിയിലും ഇപ്പോള്‍ തീര്‍ക്കുന്നുണ്ട്.
ശരീരം മുഴുവന്‍ പര്‍പ്പടക പുല്ല് വെച്ചു കെട്ടിയാണ് കുമ്മാട്ടി വേഷം ഒരുക്കുക. അപൂര്‍വ്വമായി വാഴയിലയും കെട്ടാറുണ്ട്. ഇതിനെ കുമ്മാട്ടിപ്പുല്ലെന്നും വിളിക്കാറുണ്ട്. പ്രത്യേക രീതിയില്‍ കുമ്മാട്ടിപ്പുല്ല് പിരിച്ചു പിരിച്ച് മെടഞ്ഞ ശേഷം കയറും കാഞ്ഞിര വള്ളിയും ഉപയോഗിച്ച് ദേഹത്ത് വച്ച് കെട്ടും. ഇതിനു ശേഷമാണ് പൊയ്മുഖമണിയുക.
കുമ്മാട്ടിപ്പാട്ടും പാടി വില്ലു കൊട്ടി വീടു വീടാന്തരം ഉത്രാടം മുതല്‍ നാലാം ഓണം വരെ കുമ്മാട്ടികള്‍ കളിക്കും. കുമ്മാട്ടിക്കളിയില്‍ ഏറ്റവും പഴക്കം ചെന്ന നൂറ്റാണ്ടുകള്‍ പിന്നിട്ട കളി നടക്കുന്നത് തൃശ്ശൂര്‍ കിഴക്കുംപാട്ടുകര വടക്കും മുറി തെക്കും മുറി വിഭാഗങ്ങളുടേതാണ്. കുമ്മാട്ടി ഉത്സവങ്ങളില്‍ പാലക്കാട് ഏറ്റവും പ്രശസ്തമായത് കുനിശ്ശേരി കുമ്മാട്ടിയാണ്. സാമൂതിരിയുമായുള്ള ഒരു ചരിത്ര കഥയുണ്ട് കുനിശ്ശേരി കുമ്മാട്ടിയ്ക്ക്. മുണ്ടൂര്‍ കുമ്മാട്ടിയും ഇപ്പോള്‍ ഏറെ പ്രസ്തമാണ്.