ഓണക്കാലത്ത് കേരളത്തില്‍ അവതരിപ്പിക്കപ്പെടുന്ന തനത് കലാരൂപങ്ങളില്‍ ഏറ്റവും ജനപ്രിയമായ ഒന്നാണ് പുലിക്കളി. ചിലയിടങ്ങളില്‍ ഇത് കടുവകളി എന്ന് അറിയപ്പെടുന്നു. പുലിയുടെയോ കടുവയുടേയോ വേഷം കെട്ടിയ കലാകാരന്‍മാര്‍ ആണ് പ്രത്യേക താളത്തോടെ പുലിക്കളി കളിക്കുക. തൃശ്ശൂരിന്റെ പുലിക്കളിയാണ് ഇക്കാര്യത്തില്‍ ഏറെ പ്രശസ്തവും പഴക്കവും ശാസ്ത്രീയവുമായത്. കൊല്ലത്തും തിരുവനന്തപുരത്തുമൊക്കെ ഗ്രാമപ്രദേശങ്ങളിലും പുലി, കടുവ കളികള്‍ അരങ്ങേറാറുണ്ട്.
തൃശ്ശൂരിന്റെ പുലിക്കളിക്ക് 200 വര്‍ഷത്തോളം പഴക്കമുണ്ടെന്ന് പറയുന്നു. കടുവയുടേത് പോലുള്ള വരകള്‍ ശരീരത്തില്‍ വരച്ച് കടുവയുടെ മുഖം മൂടിയും അണിഞ്ഞ് വാദ്യമേളക്കാര്‍ക്കൊപ്പം നൃത്തം ചെയ്യുന്നവരാണ് പുലിക്കളിക്കാര്‍. പ്രത്യേക പരിശീലനം ഇതവതരിപ്പിക്കാന്‍ ആവശ്യമാണ്. കടും മഞ്ഞ നിറങ്ങളും കറുപ്പും ചായങ്ങളാണ് പ്രധാനമായും ഉപയോഗിക്കുക. പുള്ളിപ്പുലി വരയ്ക്കുമ്പോള്‍ പിന്‍ഭാഗത്ത് നിന്ന് വലിയ പുള്ളിയില്‍ തുടങ്ങി വയറിലെത്തുമ്പോള്‍ ചെറുതായി വരയ്ക്കണം. വരയന്‍ പുലി അഥവാ കടുവയ്ക്ക് ആറു തരം വരകള്‍ വേണം. പട്ട വര മുതല്‍ സീബ്ര ലൈന്‍ വരെ.
മാസങ്ങളുടെ അദ്ധ്വാനമാണ് ഓരോ പുലിക്കളി സംഘത്തിനുമുള്ളത്. ശരീരത്തിലെ രോമങ്ങളാകെ വടിച്ചാണ് ചായം തേപ്പ് നടത്തുന്നത്. പുലിയുടെ മുഖമുണ്ടാക്കുന്നതും അല്പം അദ്ധ്വാനം വേണ്ട പണിയാണ്. കടലാസില്‍ പശ പുരട്ടി മുഖരൂപമുണ്ടാക്കിയ ശേഷം അതിന്‍മേല്‍ ചൂരല്‍ കഷണങ്ങള്‍ കൊണ്ട് പല്ലുകള്‍ നിര്‍മ്മിക്കും. സൈക്കിള്‍ ട്യൂബ് മുറിച്ച് നാക്ക് ഉണ്ടാക്കും. രോമങ്ങള്‍ ഉപയോഗിച്ച് താടിയും മുഖവും ഒട്ടിച്ചെടുക്കും. പിന്നെ ഏത് പുലി മുഖമാണോ വേണ്ടത് അതിനനുയോജ്യമായ ചായമുപയോഗിച്ച് മുഖം മൂടി തയ്യാറാക്കും.
നാലാമോണത്തിനാണ് തൃശ്ശൂരില്‍ പുലിക്കളി നടക്കുക. ഓണ നാളുകളില്‍ തൃശ്ശൂര്‍ക്കാരന്റെ ഹൃദയതാളം പുലിക്കൊട്ടാണ്. പാണ്ടിയുടെയും പഞ്ചാരിയുടെയും പഞ്ചവാദ്യത്തിന്റെയും നാട്ടില്‍ പുലിക്കെട്ട് നെഞ്ചിലേറ്റുന്ന നാളുകളാണ് അത്. 70 വര്‍ഷം മുമ്പ് തോട്ടുങ്കല്‍ രാമന്‍കുട്ടി ആശാന്‍ ചിട്ടപ്പെടുത്തിയതാണ് പുലിമേളം എന്ന ഈ പ്രത്യേക താളക്കൊട്ട്. തൃശ്ശൂരിലെ പുലിക്കളിക്കല്ലാതെ മറ്റൊരിടത്തും ഈ കൊട്ടുമില്ല.
മറ്റൊരു മേളക്കൊട്ടിനോടും സാമ്യമില്ലാത്ത ഈ അസുര താളത്തിനൊപ്പിച്ചാണ് കിലുങ്ങുന്ന അരമണികളും കെട്ടി പുലികളിറങ്ങുന്നത്. വിയ്യൂര്‍, കോട്ടപ്പുറം സെന്റര്‍, വിയ്യൂര്‍ ദേശം, അയ്യന്തോള്‍, തൃക്കുമാരകുടം, പൂങ്കുന്നം, പാട്ടുരായ്ക്കല്‍, കൊക്കാല, പെരിങ്ങാവ് തുടങ്ങി പുലിമടകള്‍ എന്നറിയപ്പെടുന്ന പ്രശസ്തമായ പുലിക്കളി ട്രൂപ്പുകള്‍ ഉണ്ട്. 41 ദിവസം വ്രതമനുഷ്ഠിച്ചാണ് പുലിക്കളിക്കാര്‍ ശരീരത്തില്‍ ചായം തേക്കുക. കര്‍ക്കിടകം ഒന്നിനു തുടങ്ങി നാലാം ഓണം വരെ.
നാലാമോണത്തിന് വൈകിട്ട് ആണ് പുലിക്കളി. വേഷം കെട്ടല്‍ തലേ ദിവസം രാത്രി തന്നെ തുടങ്ങും. വടക്കുംനാഥ ക്ഷേത്ര സമീപം നടുവിലാല്‍ ഗണപതിയ്ക്ക് നാളികേരമുടച്ചാണ് പുലി സംഘങ്ങള്‍ പുലിക്കളിയ്ക്കായി തൃശ്ശൂര്‍ സ്വരാജ് റൗണ്ടിലേക്ക് ഇറങ്ങുക. ഒപ്പം വലിയ ട്രക്കുകളില്‍ കെട്ട് കാഴ്ചകളും ഉണ്ടാകും. തൃശ്ശൂരില്‍ പഠാണി മുസ്ലിങ്ങളുടെ പഞ്ചയെടുക്കല്‍ ചടങ്ങുമായി ബന്ധപ്പെട്ടുള്ള ഘോഷയാത്രയിലാണ് പുലിക്കളി ആദ്യമായി അവതരിപ്പിക്കപ്പെട്ടതെന്ന് ഒരു ഐതിഹ്യമുണ്ട്.
പോസ്റ്റ് ഓഫീസ് റോഡില്‍ നിന്നും കൊക്കാല വരെ പോയിരുന്ന ഈ ഘോഷയാത്രയിലാണ് വമ്പന്‍ അഭ്യാസ പ്രകടനങ്ങളോടെ പുലിക്കളി രംഗപ്രവേശം ചെയ്തതെന്ന് കരുതുന്നു. എന്തായാലും മേളവും ആനയും പൂരവും കഴിഞ്ഞാല്‍ തൃശ്ശൂരിന് സ്വന്തം പുലിക്കളി തന്നെ. ഓണക്കാലത്ത് തെക്കന്‍ ജില്ലകളില്‍ ഉണങ്ങിയ വാഴയിലകള്‍ കെട്ടി പാളയില്‍ പുലിമുഖവുമായി കടുവകളിയും നടക്കാറുണ്ട്. ഇവര്‍ക്കൊപ്പം വേട്ടക്കാരന്റെ വേഷവും സംഘത്തിലുണ്ടാകും.