ഓണാഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുന്ന നാടന്‍ കായിക വിനോദങ്ങളിലൊന്നാണ് തലപ്പന്തുകളി. തലമപ്പന്തെന്നും ഓണപ്പന്തെന്നും ഈ കളി അറിയപ്പെടുന്നുണ്ട്. ഓണക്കാലത്ത് നാട്ടിന്‍പുറങ്ങളില്‍ കുട്ടികളും മുതിര്‍ന്നവരുമൊക്കെ വീട്ടു മുറ്റങ്ങളിലും മൈതാനങ്ങളിലുമൊക്കെ തലപ്പന്തു കളി കളിക്കാറുണ്ട്. തലയ്ക്ക് മീതെ കൂടി പന്തടിച്ച് കളിയ്ക്കുന്ന കളിയായതിനാലാകം ഇതിന് തലപ്പന്തുകളിയെന്ന പേര് ലഭിച്ചത്. കളിക്കാര്‍ രണ്ട് സംഘങ്ങളായി പിരിഞ്ഞ്, ഒരു കൂട്ടര്‍ കളിക്കുകയും മറ്റേ കൂട്ടര്‍ കാക്കുകയും ചെയ്യുന്നതാണ് തലപ്പന്തുകളിയുടെ രീതി.
ഏകദേശം 150 സെന്റീ മീറ്റര്‍ നീളമുള്ള ഒരു കമ്പ് നാട്ടി അതില്‍ നിന്നും കുറച്ചകലത്തില്‍ നിന്നു കൊണ്ട് ഓല കൊണ്ടുണ്ടാക്കിയ പന്ത് ഒരു കൈകൊണ്ട് മുകളിലേക്കെറിഞ്ഞ് മറ്റേ കൈ കൊണ്ട് പന്ത് തലക്ക് മുകളിലൂടെ പുറകോട്ട് തട്ടി തെറിപ്പിക്കുന്നതോടെയാണ് കളി ആരംഭിക്കുന്നത്.
ഒരു ടീമില്‍ 7 പേര്‍ എന്നതാണ് ഒരു കണക്ക്. പൊങ്ങി വരുന്ന പന്ത് നിലം തൊടുന്നതിന് മുമ്പായി പിടിക്കണം. പന്ത് കൈപ്പിടിയില്‍ ഒതുക്കിയാലും, പന്ത് വീണിടത്ത് നിന്നെറിഞ്ഞ് നാട്ടിയിരിക്കുന്ന കമ്പ് തെറിപ്പിക്കാന്‍ സാധിച്ചാലും ആദ്യം പന്ത് തട്ടിയയാള്‍ പുറത്താകും. ഏതെങ്കിലും ഒരു ടീം ജയിക്കണമെന്നതിനാല്‍ മത്സരം മണിക്കൂറുകള്‍ നീണ്ടേക്കാം. ചിലയിടങ്ങളില്‍, പ്രത്യേകിച്ചും മലബാറില്‍ ഓല കൊണ്ടുള്ള പന്തിനു പകരം മൃഗത്തോലു കൊണ്ടുള്ള പന്താണ് ഉപയോഗിക്കുക. മൃഗത്തോല്‍ സംസ്‌ക്കരിച്ച് എടുത്ത് അതില്‍ ചകിരി നിറച്ച് പരുത്തി നൂല് കൊണ്ട് നെയ്താണ് ആ പന്ത് ഉണ്ടാക്കുക.
16 ഇഞ്ച് വരെ പന്തിന് വ്യാസമുണ്ടാകും. മുന്നൂറിലധികം ഗ്രാം തൂക്കവുമുണ്ടാകും. ഭാരമുള്ളതിനാല്‍ കളിക്കാര്‍ ശക്തിയായി അടിക്കേണ്ടി വരും ഇത്തരം പന്തുകള്‍. തലപ്പന്തുകളിയുടെ നിയമങ്ങള്‍ വലിയ ദുര്‍ഗ്രഹമാണ്. പലയിടങ്ങളിലും പല തരത്തിലാണ് കളി നടക്കുന്നതും. ഒറ്റ, പെട്ട, പിടിച്ചാന്‍, താളം, കാലിങ്കീഴ്, ഇണ്ടന്‍, ചക്കരകൈ എന്നിങ്ങനെ എട്ട് ഘട്ടങ്ങള്‍ തലപ്പന്ത് കളിക്കുണ്ട്. ഒറ്റ, ഇരട്ട, മുറുക്ക്, കവിടി തുടങ്ങിയ പേരുകളിലും വിവിധ ഇടങ്ങളില്‍ ഈ എട്ട് ഇനങ്ങള്‍ക്ക് പേരുകളുണ്ട്.
പ്രാദേശികമായി പല സ്ഥലത്തും വ്യത്യസ്ത കളി നിയമങ്ങള്‍ ഉണ്ടായത് പോലെ തന്നെയാണ് ഇനങ്ങളിലെ വ്യത്യാസവും വരിക. ആലപ്പുഴയില്‍ കളിക്കുന്ന രീതിയല്ല കോഴിക്കോട്ടെ കളിയ്ക്ക്. തലപ്പന്തു കളിയാണ് തലമകളിയും. എന്നാല്‍ തെക്കോട്ട് വരുമ്പോള്‍ തലപ്പന്തുകളിക്ക് പകരം നാടന്‍ പന്തുകളിയാണ്. തലപ്പന്തുകളിയില്‍ കമ്പ് നാട്ടി എറിയുന്ന രീതി നാടന്‍ പന്തുകളിയില്‍ ഇല്ല. തലമ ഒഴിവാക്കി ഒറ്റയിലാണ് അതാരംഭിക്കുക. തോല്‍പന്തുകളി, വെട്ടുപന്ത് കളി എന്നൊക്കെ തെക്കന്‍ കേരളത്തില്‍ അതിന് പേരുണ്ട്. വകഭേദങ്ങള്‍ പലതാണെങ്കിലും ഓണക്കാലത്ത് നാട്ടാഘോഷങ്ങളുടെ അനിവാര്യഘടകമാണ് ഈ പന്തുകളികള്‍.