മലയാളിയുടെ ഏത് ആഘോഷത്തിലും കടന്നു വരുന്ന ഒന്നാണ് തിരുവാതിരക്കളി. കേരളത്തിലെ വനിതകളുടെ തനതായ സംഘനൃത്ത കലാരൂപം. കൈകൊട്ടിക്കളി, കുമ്മികളി എന്നൊക്കെ അറിയപ്പെടുന്ന കലാരൂപം. കേരളത്തനിമയുടെ ഒരു അടയാളം കൂടിയാണ് തിരുവാതിരക്കളി. ഓണക്കാലത്ത് ആണ് തിരുവാതിരക്കളി സ്ത്രീകളുടെ കൂട്ടായ്മയായി നാടെങ്ങും അവതരിപ്പിക്കപ്പെടുക. ഓണാഘോഷങ്ങളുടെ ഒഴിച്ചു കൂടാനാവാത്ത ഇനം കൂടിയാണിത്.
സ്ത്രീകള്‍ പാട്ടു പാടി കൈകൊട്ടി കൊണ്ടാണ് തിരുവാതിര കളിക്കുക. കത്തിച്ചു വച്ച നിലവിളക്കിന് ചുറ്റും നിന്നാണ് കളി. നിലവിളക്കിന് സമീപത്തായി അഷ്ടമംഗല്യവും നിറപറയും കിണ്ടിയില്‍ വെള്ളവും വെക്കും. ഒന്നര മുണ്ടും വേഷ്ടിയുമാണ് സാധാരണ വേഷം. സെറ്റ് സാരിയും അണിയുന്നവരുണ്ട്. തലയില്‍ മുല്ലപ്പൂവും ദശപുഷ്പവും ചൂടുന്ന പതിവുണ്ട്.
ഗണേശ സ്തുതിയോടെയും സരസ്വതി വന്ദനത്തോടെയുമാണ് തിരുവാതിരക്കളി തുടങ്ങുക. ശിവനെയും വിഷ്ണുവിനെയും സ്തുതിക്കുന്ന പാട്ടുകളും നാടന്‍ കളിപ്പാട്ടുകളും കഥകളിപ്പദങ്ങളുമെല്ലാം പിന്നണിയില്‍ പാട്ടുകാര്‍ പാടും. അതേറ്റു പാടി സ്ത്രീകള്‍ വൃത്തത്തില്‍ നീങ്ങി, കൈകൊട്ടിക്കളിക്കും. പാട്ടിന്റെ താളത്തിനും വേഗത്തിനുമനുസരിച്ച് കളിയുടെ വേഗവും കൂടും. ഇടക്കിടെ കുമ്മിയുമുണ്ടാകും. പാട്ടിന്റെ താള വിന്യാസമനുസരിച്ചാകും കളിക്കുന്നവരുടെ പാദ വിന്യാസവും.
ലാസ്യ പ്രധാനമായ ഭാവമാണ് തിരുവാതിരക്കളിയുടെ പ്രത്യേകത. ഓണക്കാലത്ത് വ്യാപകമായി സംഘടിക്കപ്പെടുമെങ്കിലും ഒരു അനുഷ്ഠാനമെന്ന രീതിയില്‍ ധനുമാസത്തിലെ തിരുവാതിര നാളിലാണ് തിരുവാതിരയുടെ യഥാര്‍ത്ഥ ആഘോഷം. ധനുമാസത്തില്‍ ശുക്ല പക്ഷത്തിലെ വെളുത്ത വാവും തിരുവാതിര നക്ഷത്രവും ഒത്തു വരുന്ന ദിനമാണ് ഹൈന്ദവാചാര പ്രകാരം പരമശിവന്റെ ജന്മദിനം.
സതീദേവി പാര്‍വ്വതിയായി അവതരിച്ച ശേഷം പരമശിവനെ ഭര്‍ത്താവായി ലഭിക്കാന്‍ തപസ്സനുഷ്ഠിച്ചെന്നും തുടര്‍ന്ന് ശിവന്‍ പാര്‍വ്വതിയെ വരിക്കാന്‍ സമ്മതിച്ചതുമാണ് തിരുവാതിരയുടെ ഐതിഹ്യമെന്ന് വിശ്വസിക്കുന്നു. മറ്റൊന്ന് ശിവന്റെ യോഗനിദ്രയ്ക്ക് ഭംഗം വരുത്തിയ കാമദേവനെ കോപാഗ്നിയില്‍ ദഹിപ്പിച്ചെന്ന ഐതിഹ്യമാണ്. ഭര്‍ത്താവിന്റെ വിയോഗത്തില്‍ ദു:ഖിതയായ കാമദേവന്റെ പത്‌നി രതിദേവി ഊണും ഉറക്കവുമില്ലാതെ ഭര്‍ത്താവിനെ തിരിച്ചു കിട്ടാന്‍ ശിവനെ പ്രാര്‍ത്ഥിച്ചത്രെ. തുടര്‍ന്ന് ശിവന്‍ കാമദേവനെ ഭാര്യയ്ക്ക് തിരിച്ചു നല്കിയതിന്റെ ആഘോഷമാണ് തിരുവാതിരയെന്നും വിശ്വസിക്കുന്നു.
ഒട്ടേറെ ചടങ്ങുകളുണ്ട് തിരുവാതിര ആചരണത്തില്‍. നോമ്പ് നോല്ക്കുന്ന മകയിരം നാളില്‍ രാത്രി എട്ടങ്ങാടിയെന്ന പഥ്യാഹാരം കഴിക്കുന്നു. ദശപുഷ്പങ്ങള്‍ ഒരുക്കി രാത്രിയാണ് തിരുവാതിരക്കളി. പാതിരാപ്പൂചൂടി പുലര്‍ച്ചെ വെള്ളത്തില്‍ കുളിക്കുന്നു. എട്ടങ്ങാടിക്കൊപ്പം തിരുവാതിരപ്പുഴുക്കും ഇതോടനുബന്ധിച്ചുള്ള വിഭവമാണ്.