അത്തം മുതല്‍ ഉത്രാടം വരെ പൂക്കളങ്ങള്‍ നാടെങ്ങും നിറയുന്ന കാലമാണല്ലോ ഓണക്കാലം. പണ്ട് നാടന്‍ പൂക്കളായിരുന്നു പൂക്കളങ്ങള്‍ നിറച്ചിരുന്നത്. എന്നാലിന്ന്, നാടന്‍ പൂക്കള്‍ ഗ്രാമാന്തരീക്ഷങ്ങളില്‍ കൂടി വിരളമായിക്കഴിഞ്ഞു. 'പൂവേ പൊലി' പൂവിളിപ്പാട്ടുകളുമായി കൂട്ടുകാര്‍ക്കൊപ്പം ചേമ്പിലക്കുമ്പിളില്‍ പൂക്കള്‍ ശേഖരിച്ചു നടന്ന കുട്ടിക്കാലം ഇന്നില്ല. മണ്‍തറയില്‍ ചാണകമെഴുതി പൂത്തറയൊരുക്കിയ കാലവും കടന്നു പോയി.
തുമ്പയും തെച്ചിയും മുക്കുറ്റിയും കണ്ണാന്തളിയും കൃഷ്ണകിരീടവും കാശിത്തുമ്പയുമൊക്കെ അത്തപ്പൂക്കളങ്ങളില്‍ കാണാനില്ലാതായി. ജമന്തിയും ഡാലിയയും ചെണ്ടുമല്ലിയും, അരളിയും പലതരം റോസാപ്പൂക്കളുമാണ് അത്തപ്പൂക്കളത്തിന്റെ ഇന്നത്തെ വര്‍ണ്ണങ്ങള്‍. ഇന്ന് പൂക്കളമൊരുക്കാന്‍ ഈ അന്യസംസ്ഥാന പൂവുകള്‍ തന്നെ. നമ്മുടെ പൂക്കളമാര്‍ക്കറ്റുകളെ നാടന്‍ പൂക്കളാല്‍ പിടിച്ചു നിര്‍ത്താന്‍ നമുക്കായില്ല.
കര്‍ണ്ണാടകയിലെ ഗുണ്ടല്‍പേട്ട്, തമിഴ്‌നാട്ടിലെ തോവാള, തെങ്കാശി, സുന്ദരപാണ്ഡ്യപുരം, ആയ്ക്കുടി, സാമ്പാര്‍ വടകരൈ എന്നിവടങ്ങളാണ് കേരളത്തിലെ മാര്‍ക്കറ്റുകളില്‍ പൂക്കള്‍ നിറയ്ക്കുന്നത്. കേരളത്തിന്റെ ഓണം പൂവിപണിയെ നിറയ്ക്കാന്‍ ആയിരക്കണക്കിന് ഏക്കര്‍ കൃഷിയിടങ്ങിലാണ് ഈ അന്യസംസ്ഥാന സ്ഥലങ്ങളില്‍ പൂ കൃഷി നടക്കുന്നത്.
ജൂണ്‍ -ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി ചെണ്ടുമല്ലിയും, ജമന്തിയും ഗുണ്ടല്‍പേട്ടില്‍ നിന്ന് കേരളത്തിലെത്തും. ഓണം കഴിയും വരെ ഇത് തുടരും. മഞ്ഞ ചെണ്ടുമല്ലി, റോസ്, ഓറഞ്ചു ബന്തി, വെല്‍വെറ്റ് പൂക്കള്‍ തുടങ്ങിയ തോവാളയില്‍ നിന്ന് ആണ് എത്തുക.
തെക്കന്‍ കേരളത്തിലെ ഏറ്റവും വലിയ പൂ മാര്‍ക്കറ്റായ തിരുവനന്തപുരത്തെ ചാലയില്‍ പൂക്കളെത്തുന്നത് പ്രധാനമായും തോവാളയില്‍ നിന്നാണ്. കര്‍ണ്ണാടകത്തിലെ ഹൊസൂരില്‍ നിന്നും പൂക്കള്‍ എത്താറുണ്ട്.
നമ്മുടെ ഓണത്തിന് നമ്മുടെ പൂക്കള്‍ എന്ന ലക്ഷ്യത്തോടെ ഓണ വിപണിയിലെ പൂവില നിയന്ത്രിക്കാന്‍ ഒട്ടേറെ ശ്രമങ്ങള്‍ കേരളത്തിലും നടക്കുന്നത്. സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഇപ്പോള്‍ പൂ കൃഷി വ്യാപകമായിട്ടുണ്ട്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ഈ ലക്ഷ്യത്തോടെ കര്‍ഷകര്‍ക്ക് പിന്തുണ നല്കുന്നുണ്ട്.
ക്ലബുകളും, സ്ഥാപനങ്ങളും സംഘടനകളുമെല്ലാം പൂക്കള മത്സരങ്ങളും പൂക്കളങ്ങളും തീര്‍ക്കുമ്പോള്‍ നമുക്ക് നമ്മുടെ പൂക്കള്‍ തന്നെ ഇനി ശരണം.