പൂക്കളുടെ മാത്രമല്ല കച്ചവടത്തിന്റെ കൂടി വസന്തകാലമാണ് വ്യാപാരികള്‍ക്ക് ഓണക്കാലം. ഒരാണ്ടിന്റെ മൊത്തം നഷ്ടങ്ങളും നികത്താമെന്ന പ്രതീക്ഷ നല്‍കുന്ന വിപണിയുടെ വില്പനാഘോഷക്കാലം. മാര്‍ക്കറ്റുകള്‍ കച്ചവടത്തിരക്കില്‍ അമരും കാലം. പുതുവസ്ത്രങ്ങള്‍ക്കപ്പുറം ഗൃഹോപകരണങ്ങള്‍, ഇലക്ട്രോണിക്‌സ്, പലചരക്ക്, പച്ചക്കറി വ്യാപാരങ്ങളെല്ലാം പൊടി പൊടിയ്ക്കും കാലം. എവിടെയും ഡിസ്‌ക്കൗണ്ട് മേളകള്‍ തന്നെ. തങ്ങളുടെ ഉല്പന്നങ്ങള്‍ പരമാവധി വിറ്റഴിയ്ക്കാന്‍ എത്രത്തോളം വിലകുറയ്ക്കാമെന്ന മത്സരത്തിലാകും നിര്‍മ്മാതാക്കളും വിപണനക്കാരും.
കോവിഡ് മൂലം തളര്‍ന്നിരുന്ന മാര്‍ക്കറ്റുകളും കടകളുമെല്ലാം നിയന്ത്രണം കാര്യമായി ഇല്ലാത്ത ഓണക്കാലത്തെ ഒരിടവേളയ്ക്കു ശേഷം വരവേല്ക്കുകയാണ്. എക്‌സ്‌ചേഞ്ച് മേളകളും കോംബോ ഓഫറുകളും അവതരിപ്പിച്ചാണ് ഇലക്ട്രോണിക്‌സ് ഗൃഹോപകരണ വിഭാഗം കച്ചവടക്കാര്‍ ഉപഭോക്താക്കളെ ലക്ഷ്യമിടുന്നത്. വമ്പന്‍ വിലക്കുറവുകളും ക്യാഷ് ബാക്കുകളും പ്രഖ്യാപിച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കാനുളള എല്ലാ തന്ത്രങ്ങളും സജീവമാണ്. ടി.വി., ഫ്രിഡ്ജ്, വാഷിംങ് മെഷീന്‍, ഓവനുകള്‍, നോണ്‍-സ്റ്റിക്ക് പാത്രങ്ങള്‍, മിക്‌സി തുടങ്ങി ഗൃഹോപകരണങ്ങളുടെയെല്ലാം പുത്തന്‍ മോഡലുകളുമായി ഉപഭോക്താക്കളെ കൈയ്യിലെടുക്കാനുള്ള പരസ്യങ്ങളാണ് മാധ്യമങ്ങളാകെ ഉള്ളത്.
ഓണ വിപണിയില്‍ ചെറുപ്പക്കാര്‍ക്ക് ഏറെ ആകര്‍ഷണം മൊബൈല്‍ ഫോണുകളാണ്. വലിയ ഡിസ്‌ക്കൗണ്ടുകള്‍ പ്രഖ്യാപിച്ചാണ് ഫോണ്‍, ലാപ്‌ടോപ്പ് കച്ചവടങ്ങള്‍ തുടരുന്നത്. ഓണസ്സദ്യയെ ലക്ഷ്യമിട്ട് പലവ്യഞ്ജന വിപണിയും സജീവമാണ്. മൊത്ത വ്യാപാരികള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും അവശ്യ വസ്തുക്കള്‍ ഓണത്തിനായി സ്‌റ്റോക്ക് ചെയ്ത് കഴിഞ്ഞു.
നാടന്‍ പച്ചക്കറികളുടെ ഉല്പാദനം കൂടിയിട്ടുണ്ടെങ്കിലും അന്യസംസ്ഥാന പച്ചക്കറിയില്ലാതെ ഓണവിപണി പിടിച്ചു നില്ക്കില്ല. ദിനം പ്രതി ഒട്ടേറെ ലോഡ് പച്ചക്കറികളാണ് സംസ്ഥാനത്തെ എല്ലാ മാര്‍ക്കറ്റുകളിലും എത്തുന്നത്. വിപണിയില്‍ സര്‍ക്കാര്‍ ഇടപെടലിനും വില നിയന്ത്രണത്തിനുമായി സപ്ലൈകോയുടെയും കണ്‍സ്യൂമര്‍ഫെഡിന്റെയും ഓണവിപണികളുണ്ട്. സഹകരണ മേഖലയും വിലക്കുറവുമായി ഓണച്ചന്തകളോടെ ഓണവിപണിയില്‍ സജീവമാകും.