ചിങ്ങത്തിലെ തിരുവോണം കഴിഞ്ഞെത്തുന്ന കന്നിയിലെ തിരുവോണമാണ് ഇരുപത്തിയെട്ടാം ഓണം. ചിലയിടങ്ങളില്‍ ഇരുപത്തെട്ടാം ഓണത്തിനും അത്തപ്പൂക്കളമിടാറുണ്ട്. ഈ ഇരുപത്തിയെട്ടാം ഓണാഘോഷത്തോടനുബന്ധിച്ചാണ് ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രത്തില്‍ കാളകെട്ട് അഥവാ കാളവേല ആഘോഷം നടക്കുന്നത്. ഒരു ജോഡി കാളകളുടെ രൂപങ്ങള്‍ കെട്ടിയുണ്ടാക്കി അതിനെ ഓച്ചിറ ക്ഷേത്ര പരിസരത്ത് നിരത്തി നിര്‍ത്തിയാണ് കാളവേല. കെട്ടിയുണ്ടാക്കുന്ന ഈ കാളരൂപങ്ങളെ കെട്ടുകാളകള്‍ എന്നും പറയും. ഓണാട്ടുകരയിലെ 52 കരക്കാരുടെ വകയായായാണ് ഇരുപത്തെട്ടാം ഓണത്തിന് കെട്ടുകാളകള്‍ ഒരുങ്ങുക. ഓരോ കരക്കാരും മത്സര ബുദ്ധിയോടെ കാളകളെ അണിയിച്ചൊരുക്കും. കാര്‍ഷികാഭിവൃദ്ധിക്ക് കൂടിയാണ് കാളവേല നടത്തുന്നത്. വലിയ രഥങ്ങളില്‍ വടം കെട്ടിയാണ് കാളകളെ പടനിലത്തിലൂടെ ആനയിക്കുക.