സാമ്പത്തിക ഉത്തരവാദിത്തം, സാമൂഹിക ഉത്തരവാദിത്തം, പാരിസ്ഥിതിക ഉത്തരവാദിത്തം എന്നിങ്ങനെ മൂന്ന് അടിസ്ഥാന ഉത്തരവാദിത്തങ്ങളിലാണ് ഉത്തരവാദിത്ത ടൂറിസത്തിന് രൂപം നല്‍കിയിരിക്കുന്നത്. ഉത്തരവാദിത്ത ടൂറിസം എന്ന ആശയം 1996 മുതലേ ഉണ്ടായിരുന്നെങ്കിലും 2002ലെ കേപ് ടൗണ്‍ പ്രഖ്യാപനത്തിലാണ് ഉത്തരവാദിത്ത ടൂറിസം - അതിന്റെ വസ്തുതകളും ലക്ഷ്യവുമൊക്കെ വ്യക്തമായത്.
വിനോദസഞ്ചാരത്തിന്റെ എല്ലാ മേഖലകളെയും ഉള്‍ക്കൊളളുന്ന ഉത്തരവാദിത്ത ടൂറിസം സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക മേഖലകളില്‍ വിനോദസഞ്ചാരം ഉണ്ടാക്കുന്ന ദോഷകരമായ സ്വാധീനത്തെ പരമാവധി കുറക്കാനാണ് ലക്ഷ്യമിടുന്നത്. അതോടൊപ്പം തദ്ദേശീയരായ ജനങ്ങള്‍ക്ക് സാമ്പത്തികമായി ഗുണം ചെയ്യുന്നതിലൂടെ പ്രാദേശിക സമുദായങ്ങളുടെ ഉന്നമനത്തിനും വഴി തെളിക്കുന്നു. പാരിസ്ഥിതിക, സാംസ്കാരിക പൈതൃകത്തെ സംരക്ഷിക്കുന്നതിലൂടെ ലോകത്തിന്റെ ബഹുസ്വരതയെ നിലനിര്‍ത്തുന്നതിന് ഗുണകരമായ സംഭാവനകള്‍ നല്‍കാനും ഉത്തരവാദിത്ത ടൂറിസത്തിന് കഴിയുന്നുണ്ട്.