2012ലാണ് ബേക്കലില്‍ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. പരീശീലനങ്ങളും വര്‍ക്ക്‌ഷോപ്പുകളും ഒക്കെയായി ഇപ്പോഴും പ്രവര്‍ത്തനങ്ങള്‍ സജീവമാണിവിടെ. 2017 മുതല്‍ പഞ്ചായത്ത് പ്രസിഡന്റ്, മെമ്പര്‍മാര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍, എഡിഎസ് മെമ്പര്‍മാര്‍, സപ്ലൈ യൂണിറ്റുകള്‍, ഗ്രാമീണ അനുഭവവേദ്യ യൂണിറ്റുകള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവയുടെ സജീവ പങ്കാളിത്തത്തോടെ ധാരാളം മീറ്റിങ്ങുകള്‍ നടന്നു. അതിനുമുമ്പ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി, പടന്ന ഗ്രാമപഞ്ചായത്ത്, വലിയപറമ്പ ഗ്രാമപഞ്ചായത്ത്, പളളിക്കര ഗ്രാമപഞ്ചായത്ത്, ഉദുമ ഗ്രാമപഞ്ചായത്ത് എന്നിവടങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
പേപ്പര്‍ ബാഗ് നിര്‍മ്മാണം, തുണിസഞ്ചി നിര്‍മ്മാണം, പപ്പടം ഉണ്ടാക്കല്‍ എന്നിവയിലും പരിശീലന പരിപാടികള്‍ നടന്നു. ബേക്കലില്‍ മൂന്ന് മെഴുകുതിരി നിര്‍മ്മാണ യൂണിറ്റുകളും രണ്ട് പപ്പട, പേപ്പര്‍ ബാഗ്, കുട നിര്‍മ്മാണ യൂണിറ്റുകള്‍ എന്നിവയുണ്ട്. ബേക്കലിലെ തദ്ദേശീയ കുടുംബങ്ങളുടെയും വിദേശ സഞ്ചാരികളുടെയും പങ്കാളിത്തത്തോടെ വലിയ വിജയമായ പരിപാടിയായിരുന്നു 'നാട്ടിന്‍പുറങ്ങളില്‍ ഓണമുണ്ണാം ഓണസമ്മാനങ്ങള്‍ വാങ്ങാം' പദ്ധതി.
കയ്യൂര്‍, ചീമേനി പഞ്ചായത്തുകളിലും ഉത്തരവാദിത്ത ടൂറിസം മിഷന്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചു. പരമ്പരാഗത കലാകാരന്മാര്‍, തദ്ദേശീയ ജനങ്ങള്‍, കുടുംബശ്രീ, പഞ്ചായത്ത് മെമ്പര്‍മാര്‍, മറ്റ് ടൂറിസം സ്റ്റേക്ക്‌ഹോള്‍ഡര്‍മാര്‍ എന്നിവര്‍ പരിപാടിയുടെ ഭാഗമാകും.
കാസര്‍ഗോഡ് ജില്ലയില്‍ വന്‍വിജയമായത് പളളിക്കര ഗ്രാമീണ അനുഭവവേദ്യ ടൂര്‍ പാക്കേജാണ്. സംസ്ഥാനത്ത് ഉത്തരവാദിത്ത ടൂറിസം നടപ്പിലാക്കുന്ന അഞ്ചാമത്തെ പ്രദേശമാണ് ബേക്കല്‍.
കാസറഗോഡന്‍ അനുഭവങ്ങള്‍ എന്നു പേരിട്ടിട്ടുളള പാക്കേജില്‍ കശുവണ്ടി സംസ്‌ക്കരണ യൂണിറ്റിലെ പ്രവര്‍ത്തനം, തെങ്ങില്‍ കയറല്‍, കളളു ചെത്തല്‍, കടലില്‍ വലയിട്ടുളള മീന്‍പിടിത്തം എന്നിവ അടുത്തുകണ്ടറിയാനും ബേക്കല്‍ കോട്ടയിലേക്കുളള യാത്രയും ഉള്‍പ്പെടുന്നു. കളിമണ്‍പാത്രം ഉണ്ടാക്കാനും ഓല മെടയാനും തഴ കൊണ്ടുളള പായ ഉണ്ടാക്കാനും അവസരമുണ്ട്. പാക്കേജിന്റെ ഭാഗമായി തെയ്യം അവതരണവും ഉണ്ട്.
മറ്റൊരു നല്ല പാക്കേജാണ് വലിയപറമ്പ പാക്കേജ്. ഇതില്‍ നെയ്ത്ത് സൊസൈറ്റിയിലേക്കുളള സന്ദര്‍ശനം, കരകൗശല നിര്‍മ്മാണം, മത്സ്യബന്ധനം, കയര്‍ നിര്‍മ്മാണം തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മനോഹരമായ ചന്ദ്രഗിരി പുഴയും വിശാലമായ നെല്‍പ്പാടങ്ങളും തെങ്ങ്, വാഴത്തോപ്പുകളും എല്ലാം ചേര്‍ന്ന ചേതോഹരമായ പ്രകൃതിഭംഗിയാണ് ബേക്കലില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. മത്സ്യ കര്‍ഷകരുടെ ജീവിതവും കലയും കളിമണ്‍പാത്ര നിര്‍മ്മാണവും തഴപ്പായ നെയ്ത്തും താത്പര്യമുളളവര്‍ക്ക് വൈവിധ്യമുളള അനുഭവങ്ങളായിരിക്കും ഇവിടെ ലഭ്യമാവുക.
കോൺടാക്ട്
ശ്രീമതി. ധന്യ ടി.
ജില്ലാ മിഷൻ കോർഡിനേറ്റർ (I/c)
ഉത്തരവാദിത്ത ടൂറിസം മിഷൻ
ജില്ലാ ഓഫീസ് - ടൂറിസം വകുപ്പ്
താലൂക്ക് ഓഫീസിന് സമീപം
കാസർകോട് - 671121