കണ്ണൂര്‍

കണ്ണൂര്‍

2017ലാണ് കണ്ണൂരില്‍ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. നിലവില്‍ ഉത്പാദന, സംഭരണ, വിതരണ യൂണിറ്റുകളെ കണ്ടെത്തുന്ന പ്രവര്‍ത്തനമാണിവിടെ നടക്കുന്നത്.

അതിനുപുറമേ കണ്ണൂരിലെ പ്രദേശവാസികള്‍ക്കിടയില്‍ വിവിധ ടൂറിസം ബോധവല്‍ക്കരണ പരിപാടികളും ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടത്തുന്നുണ്ട്. സമുദായങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത് ആര്‍. ടി. മിഷനാണ്. മലനാട് - മലബാര്‍ റിവര്‍ ക്രൂയിസ് നടപ്പിലാക്കുന്നതിലും മിഷന്റെ വലിയ പങ്കുണ്ട്. വടക്കന്‍ മലബാറിലെ പുഴകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ ക്രൂയിസ് പദ്ധതി വടക്കന്‍ കേരളത്തിലെ തന്നെ ഏറ്റവും വലിയ ടൂറിസം പദ്ധതിയാണ്.

2017 ഒക്ടോബറില്‍ കണ്ണൂരില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടത്തിയ ബോധവത്കരണ പരിപാടിയില്‍ അഞ്ഞൂറിലധികം ആളുകള്‍ പങ്കെടുത്തു. 2018 ഫെബ്രുവരിയില്‍ ടെന്റ് താമസം ഉള്‍പ്പെടെയുളള ഹോംസ്‌റ്റേകള്‍, ഫാംസ്റ്റേകള്‍ എന്നിവ നടത്താന്‍ താത്പര്യമുളളവര്‍ക്കായി നടത്തിയ 3 ദിവസത്തെ പരിശീലന പരിപാടിയില്‍ 101 പേര്‍ പങ്കെടുത്തു. ആദ്യബാച്ച് കമ്മ്യൂണിറ്റി ടൂര്‍ ലീഡര്‍മാര്‍ക്കുളള പരിശീലനവും ഇവിടെ ആരംഭിച്ചു. 

ക്ലബുകള്‍, കര്‍ഷകര്‍, സഹകരണ ബാങ്ക് ജീവനക്കാര്‍, കുടുംബശ്രീ, പത്തു പഞ്ചായത്തുകളില്‍ നിന്നുളള പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ക്കായി കല്യാശേരി മണ്ഡലത്തില്‍ നടത്തിയ സെമിനാരില്‍ ഇരുന്നൂറോളം പേര്‍ പങ്കെടുത്തു.

തളിപ്പറമ്പിലെ ഒമ്പത് പഞ്ചായത്തുകളിലായി ഒമ്പത് ബോധവല്‍ക്കരണ പരിപാടികള്‍ നടത്തി. ഓരോ പഞ്ചായത്തിലെയും മെമ്പര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ ഈ യോഗങ്ങളില്‍ പങ്കെടുത്തു.  കണ്ണൂരിലെ ഓട്ടുപാത്ര നിര്‍മ്മാണ തൊഴിലാളി കുടുംബങ്ങളുടെ സംഗമം മറ്റൊരു പ്രധാന ആര്‍. ടി. മിഷന്‍ പരിപാടി ആയിരുന്നു. ഇതിന്റെ ഭാഗമായി ഒരു ഏകദിന സെമിനാറും നടത്തി.

കോല്‍ത്തുരുത്തി, തെക്കുമ്പാട്, പാമ്പുരുത്തി ദ്വീപുകള്‍, ഏഴോം, മലപട്ടം എന്നിവ ഉള്‍പ്പെടുന്ന അഞ്ച് ആര്‍. ടി. മാതൃക ഗ്രാമങ്ങളെ വൈകാതെ തന്നെ പ്രഖ്യാപിക്കും. ധര്‍മ്മടം പുതിയ ഉത്തരവാദിത്ത ടൂറിസം പ്രദേശമായി വികസിപ്പിക്കും കണ്ണൂരിലെ വൃത്തിയുളള രണ്ട് ആര്‍. ടി. കേന്ദ്രങ്ങളാണ് ധര്‍മ്മടവും മുഴപ്പിലങ്ങാടും. ജില്ലയില്‍ ആര്‍. ടി. റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുളള പരിശീലനം ലഭിച്ചത് 44 പേര്‍ക്കാണ്. കണ്ണൂരിലും ആര്‍. ടി. മിഷന്റെ 'നാട്ടുമ്പുറങ്ങളില്‍ ഓണമുണ്ണാം ഓണ സമ്മാനങ്ങള്‍ വാങ്ങാം' പരിപാടി സംഘടിപ്പിച്ചു. 

കേരളത്തിലെ പുരാതന തുറമുഖ പട്ടണമായ കണ്ണൂര്‍ നിബിഡമായ ഹരിതാഭ കൊണ്ടും ജലാശയങ്ങളുടെ ധാരാളിത്തം കൊണ്ടും സഞ്ചാരികളെ മാടിവിളിക്കുന്നു. കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറക്കല്‍ കുടുംബത്തിന്റെ അറക്കല്‍ മ്യൂസിയവും പോര്‍ച്ചുഗീസുകാരുടെ കാലത്ത് നിര്‍മ്മിച്ച സെന്റ് ആഞ്ചലോസ് കോട്ടയും ചരിത്രപ്രേമികളെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. മുത്തപ്പന്‍ ക്ഷേത്രവും മുഴപ്പിലങ്ങാട് ബീച്ചും കണ്ണൂരിന്റെ അഭിമാനസ്തംഭങ്ങളായി നില കൊളളുന്നു.

പശ്ചിമഘട്ടവും അറബിക്കടലും അതിരിടുന്ന കണ്ണൂര്‍ പ്രകൃതിസ്‌നേഹികള്‍ക്കും പ്രിയപ്പെട്ട ഇടമാണ്. സാധാരണ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കു പുറമേ കണ്ണൂരിലെ ഗ്രാമങ്ങളിലൂടെ ആര്‍. ടി. മിഷന്‍ സംഘടിപ്പിക്കുന്ന യാത്ര ഗ്രാമീണജീവിതത്തെ അടുത്തറിയാന്‍ സഹായിക്കും. ടെന്റുകളിലെ താമസവും മുള ചങ്ങാടത്തിലുളള യാത്രയും അവിസ്മരണീയങ്ങളായ അനുഭവങ്ങളായി മാറും.

സാഹസികപ്രേമികള്‍ക്കു പറ്റിയ ട്രെക്കിങ്ങിനും മറ്റും സാധ്യതയുളള സ്ഥലം കൂടിയാണ് കണ്ണൂര്‍. ജാതിത്തോട്ടങ്ങളിലേക്കുളള സന്ദര്‍ശനവും നാടന്‍കളളിന്റെ മധുരവും സഞ്ചാരികള്‍ക്ക് പുത്തന്‍ അനുഭവം പകരും. കൊക്കോത്തോട്ടങ്ങളിലേക്കുളള യാത്രയും ഓല മെടയലും ഈ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നെയ്ത്തിന്റെയും തറികളുടെ നാട് എന്നറിയപ്പെടുന്ന കണ്ണൂരില്‍ കൈത്തറി വ്യവസായം സജീവമാണ്. പരമ്പരാഗത തറികളില്‍ നെയ്‌തെടുക്കുന്ന സാരികളും മുണ്ടുകളും മറ്റു തുണിത്തരങ്ങളും സഞ്ചാരികളുടെ മനം കവരുന്നവയാണ്.

മറ്റൊന്ന് റബര്‍ ടാപ്പിങ്ങ് മേഖലയെ അടുത്തു പരിചയപ്പെടാനുളള അവസരമാണ്. ഞണ്ടുകൃഷിയാണ് കണ്ണൂരിലെ മറ്റൊരു ആകര്‍ഷണം. പരമ്പരാഗത ഓട്ടുപാത്ര നിര്‍മ്മാണവും കളിമണ്‍ പാത്ര നിര്‍മ്മാണവും കണ്ടുമനസിലാക്കാനുളള അവസരവും ഈ പാക്കേജില്‍ ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ പുരാതന ആയോധനകലയായ കളരിപ്പയറ്റ് കാണാനും അറിയാനും ഈ യാത്രയില്‍ സാധിക്കും. ഇത്തരത്തില്‍, ഏതൊരു സഞ്ചാരിയെയും തൃപ്തിപ്പെടുത്താന്‍ പോന്ന കൗതുകങ്ങള്‍ കണ്ണൂരില്‍ കാത്തിരിപ്പുണ്ട്. 

കോൺടാക്ട്

ശ്രീ. സരീഷ് ടി. കെ.
ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ (I/C)
ഉത്തരവാദിത്ത ടൂറിസം മിഷന്‍
ഡിസ്ട്രിക്ട് ഓഫീസ് - ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടൂറിസം
ഡി.ടി.പി.സി. ബില്‍ഡിങ്
കാള്‍ടെസ് ജംഗ്ഷന്‍, കണ്ണൂര്‍ - 670002

കൂടുതൽ ലക്ഷ്യസ്ഥാനങ്ങൾ