കേരളത്തിലെ പ്രശസ്തമായ ബീച്ചുകളില്‍ ഒന്നാണ് കോവളം. ലോകപ്രശ്സതമായ ബീച്ചിനപ്പുറം കോവളത്തിന്റെ ഗ്രാമീണ കാഴ്ച്ചകളിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്ന അനുഭവവേദ്യ ടൂര്‍ പാക്കേജാണ് തലസ്ഥാനത്ത് ഉത്തരവാദിത്ത ടൂറിസം ഒരുക്കിയിട്ടുളളത്.
2007 മെയ് 8നാണ് കോവളത്ത് ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുളള ആദ്യമീറ്റിങ്ങ് നടത്തിയത്. അന്നുതന്നെ ഡെസ്റ്റിനേഷന്തല ഉത്തരവാദിത്ത ടൂറിസം കമ്മറ്റിയും സാമൂഹിക, പാരിസ്ഥിതിക, സാമ്പത്തിക മേഖലകളില്‍ പ്രവര്‍ത്തിക്കാനുളള വര്‍ക്കിങ്ങ് ഗ്രൂപ്പുകളും രൂപം കൊണ്ടു. 2007 നവംബര്‍ 8ന് ഡെസ്റ്റിനേഷന്തല ഉത്തരവാദിത്ത ടൂറിസം കമ്മറ്റി ചേരുകയും 2008 മെയ് 14ന് കോവളത്ത് ഔദ്യോഗികമായി ഉത്തരവാദിത്ത ടൂറിസം നിലവില്‍ വരികയും ചെയ്തു. വിഴിഞ്ഞം, വെങ്ങാനൂര്‍, കോട്ടുകാല്‍ പഞ്ചായത്തുകളാണ് പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രദേശങ്ങള്‍.
പുരാതന ക്ഷേത്രങ്ങളുടെ നഗരമായ തിരുവനന്തപുരം കേരള ടൂറിസത്തിന്റെ അവിഭാജ്യ ഘടകമാണ്. ലോക വിനോദസഞ്ചാര ഭൂപടത്തില്‍ തന്നെ വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത നഗരമാണ് തിരുവനന്തപുരം. പ്രശസ്തമായ കോവളം, വര്‍ക്കല ബീച്ചുകള്‍ നഗരത്തിന്റെ ഖ്യാതി കൂട്ടുന്നു. അഞ്ചുതെങ്ങ് കായലും പൊന്മുടിയും അഗസ്ത്യമലയും തിരുവനന്തപുരത്തെ മറ്റ് പ്രസിദ്ധ ടൂറിസം കേന്ദ്രങ്ങളാണ്.
വിവിധ പരമ്പരാഗത കരകൗശല വിദഗ്ധരുടെ സാന്നിധ്യം കൊണ്ട് പ്രൗഢമായ തിരുവനന്തപുരത്തെ കരകൗശല ഗ്രാമം ശ്രദ്ധേയമാണ്. വാസ്തുവിദ്യയിലും കരകൗശല വൈദഗ്ധ്യത്തിലും പ്രഗല്ഭരായ കലാകരന്മാരുടെ നിര്‍മ്മിതികള്‍ ഇവിടെ എത്തുന്ന സഞ്ചാരികളെ അത്ഭുതപ്പെടുത്താന്‍ പോന്നവയാണ്. വര്‍ഷം മുഴുവനും സഞ്ചാരികളെത്തുന്ന കോവളം ബീച്ച് തിരുവനന്തപുരത്തിന്റെ തിലകക്കുറിയായി വിരാജിക്കുന്നു. പരമ്പരാഗത മത്സ്യബന്ധനരീതികളും മത്സ്യത്തൊഴിലാളികളുടെ ജീവിതവും ഇവിടെ കാണാം. കട്ടമരത്തില്‍ കടലിലേക്കുളള യാത്ര സാഹസികപ്രേമികള്‍ക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കും.
റബര്‍ ഉത്പാദനത്തില്‍ ഒന്നാം സ്ഥാനത്തുളള സംസ്ഥാനമാണ് കേരളം. അതുകൊണ്ടുതന്നെ തിരുവനന്തപുരത്ത് റബര്‍ ടാപ്പിങ്ങ് ചെയ്യുന്നത് അടുത്തു കാണാനുളള അവസരമൊരുങ്ങുന്നത് കൗതുകമുണര്‍ത്തും.
കൈത്തറിയ്ക്കു പ്രശസ്തിയാര്‍ജ്ജിച്ച നഗരത്തില്‍ തറികളിലെ വസ്ത്രം നെയ്ത്ത് അടുത്തുകാണാനുളള അവസരവുമുണ്ട്. ഇവിടത്തെ തറികളില്‍ രൂപമെടുക്കുന്ന നിറങ്ങളിലും ഡിസൈനുകളിലും തെളിയുന്നത് നാടിന്റെ സാംസ്കാരിക പൈതൃകം കൂടിയാണ്. പ്രശസ്ത കലാകാരന്മാര് അവതരിപ്പിക്കുന്ന കഥകളി കൂടിയാവുമ്പോള്‍ തിരുവനന്തപുരത്തെ ഉത്തരവാദിത്ത ടൂറിസം ഒരുക്കുന്ന അനുഭവവേദ്യ ടൂര്‍ പാക്കേജ് അക്ഷരാര്‍ത്ഥത്തില്‍ അനുഭവിച്ചറിയേണ്ട യാത്ര തന്നെയായി മാറുന്നു.
കോൺടാക്ട്
ശ്രീമതി. ബിജി സേവ്യർ (അഡീഷണൽ ചാർജ്)
ഉത്തരവാദിത്ത ടൂറിസം മിഷൻ
ടൂറിസം വകുപ്പ്
കേരള സർക്കാർ
പാർക്ക് വ്യൂ, തിരുവനന്തപുരം
കേരളം, ഇന്ത്യ - 695 033