കോഴിക്കോട്

കോഴിക്കോട്

ശാന്തമായ കടല്‍ത്തീരങ്ങളും കേള്‍വികേട്ട സാമൂതിരിവാഴ്ച്ചക്കാലത്തിന്റെ പ്രതാപകഥകളും അതിപ്രശസ്തമായ ഭക്ഷണവൈവിധ്യവും കോഴിക്കോടിനെ സഞ്ചാരികളുടെ ഇഷ്ടഭൂമിയാക്കി മാറ്റുന്നു. കോഴിക്കോടിന്റെ മണ്ണിലാണ് വാസ്‌കോ ഡ ഗാമ ആദ്യമായി കാലുകുത്തിയതും സുഗന്ധവ്യഞ്ജന പാതയ്ക്കു വഴി തെളിച്ചതും. വൈവിധ്യമാര്‍ന്ന ടൂറിസം പാക്കേജുകളാണ് കോഴിക്കോട് ആര്‍ടി മിഷന്‍ ഒരുക്കിയിട്ടുളളത്.

ഭംഗിയുളള കൊച്ചുഗ്രാമങ്ങള്‍ കടന്നുവരുന്ന ഓരോ സഞ്ചാരികളോടും തങ്ങളുടെ ചരിത്രവും സംസ്‌കാരവും ഭക്ഷണപ്പെരുമയും പങ്കുവെക്കാന്‍ തത്പരരാണ്. ഗ്രാമീണജീവിതം അടുത്തറിയാന്‍ ഇതുപോലൊരു അവസരം വേറെയില്ല. പരമ്പരാഗതരീതികള്‍ പിന്തുടര്‍ന്ന് കക്ക വാരുകയും മീന്‍ പിടിത്തത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന മത്സ്യത്തൊഴിലാളികളെ ഇവിടെ കാണാം.

ഓട്ടുപാത്ര നിര്‍മ്മാണത്തിന്റെ സങ്കീര്‍ണതയും വിശദാംശങ്ങളുമറിയാം ഉത്തരവാദിത്ത ടൂറിസം ഒരുക്കുന്ന പാക്കേജിലൂടെ. ലോഹം കൊണ്ട് അത്ഭുതങ്ങള്‍ തീര്‍ക്കുന്ന നിര്‍മ്മാണ വിദഗ്ധരെ കണ്ട് ഓട്ടുപാത്ര നിര്‍മ്മാണത്തിന്റെ പാരമ്പര്യകഥകള്‍ കേള്‍ക്കാം. 

തദ്ദേശീയരായ ഗൈഡുകള്‍ കോഴിക്കോട് നിങ്ങളിതുവരെ നടന്നിട്ടില്ലാത്ത നാട്ടുവഴികളിലൂടെ നിങ്ങളെ നയിക്കും. പ്രകൃതിയൊരുക്കുന്ന മനോഹരമായ പശ്ചാത്തലത്തില്‍ തെങ്ങോല മെടയുന്നവരെയും കയര്‍ പിരിക്കുന്നവരെയും കണ്ട് കുശലം പറയാം. ഞണ്ട് പിടിക്കുന്നത് എങ്ങനെയെന്നു കാണാം.

ഇവിടത്തെ രുചിവൈവിധ്യത്തെ കൂടി പറയാതെ കോഴിക്കോടന്‍ വിശേഷം പൂര്‍ണമാവില്ല. തദ്ദേശീയമായി ഉണ്ടാക്കിയെടുക്കുന്ന ഭക്ഷണം നിങ്ങളുടെ രുചിമുകുളങ്ങളെ ആനന്ദിപ്പിക്കുന്ന അനുഭവമായി ബാക്കിനില്‍ക്കും.

ഉള്‍നാടന്‍ ജലാശയങ്ങള്‍ തീര്‍ക്കുന്ന മരതകഭംഗിയും കണ്ടല്‍ക്കാടുകളുടെ കുളിര്‍മയും മറ്റ് ആകര്‍ഷണങ്ങളാണ്. നഗരത്തിരക്കുകളില്‍ നിന്നകന്ന് സ്വസ്ഥമായി പ്രകൃതിഭംഗി ആസ്വദിക്കാനുളള അവസരം ഈ ജലയാത്രയില്‍ ലഭിക്കുന്നു.

കോഴിക്കോട് സന്ദര്‍ശിക്കൂ, ഈ നാടിന്റെ ഐതിഹാസിക ഭംഗിയില്‍ വ്യാമുഗ്ദ്ധരായി തിരിച്ചുപോകൂ.

കോൺടാക്ട്

ശ്രീമതി. ശ്രീകല ലക്ഷ്മി ഒ പി
ജില്ലാ മിഷൻ കോഓർഡിനേറ്റർ
ഉത്തരവാദിത്ത ടൂറിസം മിഷൻ
ഡി.ഇ.ഒ. ഓഫീസ് കോമ്പൗണ്ട്
ഡിടിപിസി ബിൽഡിംഗ്, മാനാച്ചിറ
കോഴിക്കോട് - 673001

കൂടുതൽ ലക്ഷ്യസ്ഥാനങ്ങൾ