കുമരകം

കുമരകം

പച്ചയുടെയും നീലയുടെയും തെളിമയാര്‍ന്ന നിറപ്പകര്‍ച്ചകളാണ് ഒരു സഞ്ചാരിയെ കുമരകത്തേക്ക് ആകര്‍ഷിക്കുക. പച്ചവിരിച്ച കുമരകത്തെ നെല്‍പ്പാടങ്ങളുടെ വിശാലതയിലൂടെയുളള നടപ്പ് ആരെയും ആകര്‍ഷിക്കുന്ന ഒന്നാണ്. ഈ നടപ്പിനിടയില്‍ ശുദ്ധവും അപ്പോള്‍ ചെത്തിയിറക്കിയതുമായ തെങ്ങിന്‍കളളും ആസ്വദിക്കാനവസരമുണ്ട്. കുമരകത്തിന്റെ കായല്‍പരപ്പിലൂടെയുളള തോണിയാത്ര ആയുഷ്‌ക്കാലം ഓര്‍മ്മിക്കാവുന്ന അവിസ്മരണീയ നിമിഷങ്ങള്‍ സഞ്ചാരിക്കു സമ്മാനിക്കും.

വലയെറിഞ്ഞുളള മീന്‍പിടിത്തം എത്ര കണ്ടാലും കൗതുകം തീരാത്ത കാഴ്ച്ചയാണ്. കേരളത്തിലെ കരിമീനും ചെമ്മീനും കൊഞ്ചും ഒരുക്കുന്ന നാടന്‍ രുചി ലോകപ്രശസ്തമാണ്. തെങ്ങോല മെടയുന്നതിലെ സൂക്ഷ്മതയും കരവിരുതും കാണികളെ കണ്ണെടുക്കാതെ നോക്കിനില്‍ക്കാന്‍ പ്രേരിപ്പിക്കും. താത്പര്യമുളളവര്‍ക്ക് ഓല മെടയുന്നത് സ്വയം പരീക്ഷിക്കാനും അവസരമുണ്ട്. മറ്റൊന്ന് കയര്‍ നിര്‍മ്മാണമാണ്. തൊണ്ടില്‍ നിന്നും പിരിച്ചെടുക്കുന്ന ചകിരിനാരുകള്‍ കൊരുത്ത് കയറായി രൂപം കൊളളുന്നതിന്റെ വേഗവും കൗശലവും അതിശയിപ്പിക്കുന്നതാണ്. കയര്‍ പിരിക്കുന്നവര്‍ക്കൊപ്പം ചേര്‍ന്ന് ഒരുകൈ പരിശ്രമത്തിനുളള അവസരം സഞ്ചാരികള്‍ക്കുണ്ട്. ഇത്തരത്തില്‍ പുതുമയാര്‍ന്നതും കൗതുകം നിറഞ്ഞതുമായ കാഴ്ച്ചകളും അവസരങ്ങളുമാണ് പുറമേ നിന്നെത്തുന്ന സഞ്ചാരികള്‍ക്കായി കുമരകം കാത്തുവെച്ചിരിക്കുന്നത്.

വേമ്പനാട്ടു കായലിന്റെ തീരത്തെ മനോഹരമായ ഈ നാട് തീര്‍ച്ചയായും സഞ്ചാരികള്‍ക്കൊരു സ്വര്‍ഗം തന്നെയാണ്. 14 ഏക്കറില്‍ വിസ്തൃതമായ കുമരകം പക്ഷി സങ്കേതം, കായല്‍ക്കാഴ്ച്ചകള്‍ കാണാനുളള വിവിധ ജലയാത്രാ മാര്‍ഗങ്ങള്‍, വൈവിധ്യമാര്‍ന്ന മത്സ്യബന്ധനരീതികള്‍, കൃഷി തുടങ്ങിയവയെല്ലാം കാണികളെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. 2005ല്‍ സ്‌പെഷ്യല്‍ ടൂറിസം സോണായി സര്‍ക്കാര്‍ പ്രഖ്യാപിച്ച കുമരകം ഇപ്പോള്‍ സംസ്ഥാനത്തെ ഒരു പ്രധാന ഉത്തരവാദിത്ത ടൂറിസം കേന്ദ്രം കൂടിയായി മാറി.

2007 മെയ്മാസത്തിലാണ് കുമരകത്ത് ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കുന്നത്. 2007 മെയ് 16ന് നടന്ന ആദ്യത്തെ ഡെസ്റ്റിനേഷന്‍ ലെവല്‍ മീറ്റിങ്ങില്‍ ഒരു ഡെസ്റ്റിനേഷന്‍ ലെവല്‍ ഉത്തരവാദിത്ത ടൂറിസം കമ്മറ്റിയും സാമ്പത്തിക, പാരിസ്ഥിതിക, സാമൂഹികതലത്തില്‍ മൂന്ന് വര്‍ക്കിങ്ങ് ഗ്രൂപ്പുകളും രൂപീകൃതമായി. കമ്മിറ്റിയുടെ രണ്ടാംഘട്ട മീറ്റിങ്ങ് 2007 നവംബര്‍ 27ന് നടന്നു. 2008 മാര്‍ച്ച് 14ന് കുമരകത്ത് ഉത്തരവാദിത്ത ടൂറിസം ഔദ്യോഗികമായി ആരംഭിച്ചു. കുമരകം ഗ്രാമപഞ്ചായത്താണ് ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

സംസ്ഥാനത്തെ മറ്റ് മൂന്ന് ഉത്തരവാദിത്ത ടൂറിസം ഡെസ്റ്റിനേഷനുകളെ അപേക്ഷിച്ച് കുമരകം ആര്‍. ടി. വന്‍വിജയമായിരുന്നു. ഉത്തരവാദിത്ത ടൂറിസം നടത്തിപ്പിന്റെ വിലയിരുത്തലിന്റെ ഭാഗമായി വ്യക്തിഗത അഭിമുഖങ്ങള്‍ നടത്തുകയുണ്ടായി. കുമരകത്തെ ഉത്തരവാദിത്ത ടൂറിസം കോര്‍ഡിനേറ്ററാണ് പ്രധാന വിവരങ്ങള്‍ നല്‍കിയത്.

കോൺടാക്ട്

ശ്രീ. ഭഗത് സിംഗ് വി. എസ്.
ഡിസ്ട്രിക്ട് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ (ഐ/സി)
ഉത്തരവാദിത്ത ടൂറിസം മിഷന്‍
ഡിസ്ട്രിക്ട് ടൂറിസം ഓഫീസ്
മോട്ടല്‍ ആരാം ബില്‍ഡിങ്
കവണാറ്റിന്‍കര, കുമരകം നോര്‍ത്ത് പി. ഒ.
കോട്ടയം - 686563

കൂടുതൽ ലക്ഷ്യസ്ഥാനങ്ങൾ