മേഘങ്ങള്‍ അതിരിടുന്ന മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളും പ്രശസ്തമായ ബീച്ചുകളും തിരുവനന്തപുരത്തെ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നു. തിരുവനന്തപുരം നഗരത്തിന്റെ ബഹളങ്ങളില്‍ നിന്നൊഴിഞ്ഞ് പ്രകൃതിയുടെ മടിത്തട്ടില്‍ സ്വസ്ഥമായി നിലകൊളളുന്ന കുന്നിന്‍പുറമാണ് മടവൂര്‍പ്പാറ. ഭംഗിയ്‌ക്കൊപ്പം ചരിത്രപരമായും പ്രാധാന്യമുളള സ്ഥലമാണിത്.
ഉത്തരവാദിത്ത ടൂറിസം പ്രധാന കേന്ദ്രമായി തെരഞ്ഞെടുത്ത തലസ്ഥാനത്തെ ഈ വിനോദസഞ്ചാരത്തിന് പ്രത്യേകതകളേറെയാണ്. പ്രധാന ആകര്‍ഷണം പാറമുകളിലെ പുരാതന ക്ഷേത്രമാണ്. എട്ടാം നൂറ്റാണ്ടില്‍ ഒരു ബുദ്ധ സന്ന്യാസി നിര്‍മ്മിച്ചതെന്നു കരുതുന്ന ക്ഷേത്രം പാറ തുരന്നാണ് ഉണ്ടാക്കിയിട്ടുളളത്. ക്ഷേത്രത്തൂണുകളില്‍ പുരാതന മലയാള ലിപിയായ വട്ടെഴുത്ത് കൊത്തിവെച്ചിരിക്കുന്നത് കാണാം. പാറയ്ക്കുളളിലെ ശ്രീകോവിലില്‍ ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്നു.
1960 മുതല്‍ ഈ പ്രദേശം പുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തിലാണ്. ഉത്തരവാദിത്ത ടൂറിസം മിഷന്റെ യശസുയര്‍ത്തിയ കേന്ദ്രങ്ങളില്‍ ഒന്നാണിത്. മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തദ്ദേശവാസികളും ഇവിടെത്തുന്ന സഞ്ചാരികളുമായി സഹവര്‍ത്തിത്തത്തിലാണ് പാക്കേജുകള്‍ നടത്തുന്നത്. തഴപ്പായ നെയ്ത്തും പപ്പട നിര്‍മ്മാണവും ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്കു കാണാം.
കടല്‍നിരപ്പില്‍ നിന്നും മുന്നൂറടി ഉയരത്തിലാണ് മടവൂര്‍പ്പാറ സ്ഥിതി ചെയ്യുന്നത്. ഇവിടെനിന്നുളള ചുറ്റുവട്ട ക്കാഴ്ച്ച മനോഹരമാണ്. പ്രത്യേകിച്ചും അസ്തമയങ്ങളില്‍. മുകളിലെ വ്യൂപോയിന്റിലേക്ക് നൂറ് മീറ്റര്‍ നീളത്തില്‍ തീര്‍ത്ത മുളപ്പാലവും മുളങ്കുടിലും സഞ്ചാരികളെ ആകര്‍ഷിക്കുന്നവയാണ്.
കുന്നിന്‍ചെരുവില്‍ ഒരുക്കിയിട്ടുളള കുട്ടികള്‍ക്കുളള പാര്‍ക്കില്‍ ഊഞ്ഞാലുകളും മറ്റ് കളിക്കോപ്പുകളുമുണ്ട്. കുടുംബമായി ഇവിടെവന്ന് സമയം ചെലവിടാന്‍ ഇത് സഞ്ചാരികളെ പ്രേരിപ്പിക്കുന്നു. കുന്നിന്‍മുകളിലായി വറ്റാത്ത തെളിനീരുറവയെ ഗംഗാതീര്‍ത്ഥം എന്നാണ് വിശ്വാസികള്‍ വിശേഷിപ്പിക്കുന്നത്.
മടവൂര്‍പ്പാറ അനുഭവവേദ്യ ടൂര്‍ പാക്കേജില്‍ കാണാനും അറിയാനും ഒട്ടേറെ കാര്യങ്ങളുണ്ട്. വിവിധ കൈത്തൊഴിലുകള്‍ സജീവമായ ഈ ഗ്രാമത്തില്‍ നിങ്ങള്‍ക്ക് തെങ്ങോല മെടയുന്നവരുടെ കൂടെ കൂടാം, പണിയായുധങ്ങള്‍ ഉണ്ടാക്കുന്നത് കാണാം, ദാരുശില്പികള്‍ ഏകാഗ്രതയോടെ തങ്ങളുടെ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത് കാണാം.
പ്രസിദ്ധമായ ശാന്തിഗിരി ആശ്രമവും മറ്റൊരു പിക്‌നിക് കേന്ദ്രമായ വെളളാനിക്കല്‍ പാറയും കണ്ടു മടങ്ങാം. ചരിത്രകഥകളും ആത്മീയതയും പ്രകൃതിഭംഗിയുമെല്ലാം ഇഴചേര്‍ന്നു കിടക്കുന്ന മടവൂര്‍പ്പാറയിലേക്കുളള യാത്ര ഏതൊരാള്‍ക്കും ഹൃദ്യമായ അനുഭവമായി തീരും.