നഗരത്തിരക്കുകളില്‍ നിന്നകലെയായി, മലപ്പുറത്തിന്റെ തീരദേശത്തിന് ശാലീനചാരുത പകരുന്ന ഗ്രാമമാണ് പൊന്നാനി. പുരാതന തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ ഈ ഗ്രാമത്തിന് വിശുദ്ധമായൊരു ശാന്തി പകരുന്നു. സൂഫിസംഗീതവും ഗസലും ഇശലുകളും ഈണം പകരുന്ന പൊന്നാനിയിലെ വൈകുന്നേരങ്ങള്‍ സാംസ്കാരിക കേരളത്തിന് തിലകക്കുറിയാവുന്നു.
ഈ മാന്ത്രികതീരത്ത് ഉത്തരവാദിത്ത ടൂറിസം മിഷനാണ് നിങ്ങളുടെ സഞ്ചാരസഹചാരി. വരൂ, പച്ചവിരിച്ച ഗ്രാമപാതകളിലൂടെ കുയില്‍പ്പാട്ടു കേട്ട് തിരക്കേതുമില്ലാതെ നമുക്ക് നടക്കാം. പുരാതനമായ തെരുവീഥികളും ശാന്തസുന്ദര കടല്‍ത്തീരങ്ങളും നിങ്ങളില്‍ വിശ്രാന്തിയുടെ സുഖം പകരും.
കളിമണ്‍പാത്ര നിര്‍മ്മാണവും കയര്‍ നിര്‍മ്മാണവും പൊന്നാനിയുടെ പഴക്കം ചെന്ന തൊഴിലുകളാണ്. വിദഗ്ധരായ തൊഴിലാളികളില്‍ നിന്ന് അവരുടെ നിര്‍മ്മാണ വൈദഗ്ധ്യത്തിന്റെ രഹസ്യങ്ങളറിയാം.
മത്സ്യബന്ധനം കൗതുകമുണര്‍ത്തുന്ന കാഴ്ച്ച മാത്രമല്ല ഇവിടെ. തമാശയും കളിചിരികളും നിറയുന്ന വിനോദം പോലെയാണത്. പൊന്നാനിയുടെ പരമ്പരാഗത മത്സ്യബന്ധന പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ക്കും പങ്കുചേരാവുന്നതാണ്.
നാവില്‍ കൊതിയൂറുന്ന വിവിധതരം വിഭവങ്ങളുടെ നാടു കൂടിയാണ് പൊന്നാനി. ഇവിടത്തെ വറുത്ത പലഹാരങ്ങളും മധുരപലഹാരങ്ങളും ഒരിക്കല്‍ കഴിച്ചാല്‍ അതിന്റെ രുചി ആയുഷ്ക്കാലം മറക്കില്ല.
കേരളത്തിന്റെ തനതു ആയോധനകലയായ കളരിപ്പയറ്റ് പരിശീലിപ്പിക്കുന്ന ധാരാളം കളരികളും ഉണ്ടിവിടെ. മിക്കവയ്ക്കും പറയാന്‍ നൂറ്റാണ്ടുകള്‍ പഴക്കമുളള വീരകഥകളുമുണ്ട്. ഇപ്പോഴും സജീവമായ കളരികളില്‍ പുതുതലമുറയുടെ വാള്‍പ്പയറ്റും അഭ്യാസങ്ങളും കാണാം.
കോൺടാക്ട്
ശ്രീ. സിബിൻ പി. പോൾ
ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ
ഉത്തരവാദിത്ത ടൂറിസം മിഷൻ
ജില്ലാ ഓഫീസ് -ടൂറിസം വകുപ്പ്
ഡിടിപിസിക്ക് സമീപം
അപ്ഹിൽ, മലപ്പുറം - 676505