വൈക്കം

വൈക്കം

വേമ്പനാട്ടു കായലിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന വൈക്കം സ്വച്ഛമായ ഗ്രാമഭംഗി കൊണ്ടും ഉള്‍നാടന്‍ ജലാശയങ്ങളുടെ സാന്നിധ്യം കൊണ്ടുമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. മുറിഞ്ഞപ്പുഴ കായലിന്റെ ഭംഗിയും നോക്കെത്താദൂരം പരന്നുകിടക്കുന്ന വയലേലകളും നിങ്ങളിലെ സഞ്ചാരിയെ കൊതിപ്പിക്കും. പ്രസിദ്ധമായ വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ സാന്നിധ്യവും വൈക്കത്തെ പ്രശസ്തമാക്കുന്നു. 

ജനപങ്കാളിത്തത്തോടെയുളള ടൂറിസം പദ്ധതിയായ പെപ്പര്‍ (PEPPER - People's Participation for Participatory Planning and Empowerment Through Responsible Tourism) പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യമായി പ്രാവര്‍ത്തികമാക്കിയത് വൈക്കത്താണ്. വൈക്കം നിയോജക മണ്ഡലത്തില്‍ ലോക ടൂറിസം സംഘടന (WTO) യുടെ സഹായത്തോടെയാണ് ടൂറിസം മിഷന്‍ പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ വൈക്കം മുന്‍സിപ്പാലിറ്റി, തലയാഴം, വെച്ചൂര്‍, കല്ലറ, മറവന്‍തുരുത്ത്, ചെമ്പ്, ഉദയനാപുരം, ടിവി പുരം എന്നീ പ്രദേശങ്ങളാണ് ഉള്‍പ്പെട്ടിരുന്നത്. രണ്ടാം ഘട്ടത്തില്‍ തലയോലപ്പറമ്പ്, വെളളൂര്‍ പഞ്ചായത്തുകളിലും പദ്ധതിയുടെ പ്രയോജനം ലഭിക്കും.

പദ്ധതിയുടെ ഭാഗമായി വൈക്കത്തെ പ്രാദേശിക കേന്ദ്രങ്ങള്‍ക്കും തദ്ദേശവാസികള്‍ക്കും ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമായുളള ആലോചനായോഗങ്ങളുടെ ഭാഗമാവാന്‍ സാധിച്ചു. ടൂറിസം പരിപാടികള്‍ ചര്‍ച്ച ചെയ്യാനായി പ്രാദേശിക കേന്ദ്രങ്ങളില്‍ ഗ്രാമസഭകള്‍ സംഘടിപ്പിച്ചു.

വൈക്കത്തിന്റെ ടൂറിസം സാധ്യതകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ പദ്ധതി ലക്ഷ്യമിട്ടു. പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ പ്രധാന ഉത്സവങ്ങളുടെ വീഡിയോ ചിത്രീകരിക്കാനും തീരുമാനിച്ചു. വൈക്കം ക്ഷേത്രത്തിലെ വൈക്കത്തഷ്ടമി, വിവിധ പളളി പെരുന്നാളുകള്‍, ഉദയനാപുരത്തെ കാര്‍ത്തികാഘോഷം, തീയാട്ട്, ഗന്ധര്‍വന്‍ തുളളല്‍, സര്‍പ്പം തുളളല്‍, ഗരുഡന്‍തൂക്കം, ആറ്റുവേല തുടങ്ങിയ ആഘോഷങ്ങളുടെ ചിത്രീകരണം ഇതിലുള്‍പ്പെടും.

പ്രസിദ്ധമായ വൈക്കം സത്യാഗ്രഹത്തിനു വേദിയൊരുക്കിയതിലൂടെ ചരിത്രത്തിന്റെ ഏടിലും സ്ഥാനം പിടിച്ച ഇടമാണ് വൈക്കം. തെക്കേ ഇന്ത്യയിലെ പുരാതന നഗരങ്ങളിലൊന്നായ വൈക്കം ഇപ്പോള്‍ സഞ്ചാരികളുടെ ഭൂപടത്തിലും പ്രധാനപ്പെട്ട ഇടമായി നിലകൊളളുന്നു.

ചെറുവളളങ്ങള്‍ തുഴഞ്ഞ് വൈക്കത്തെ ചെറിയ കനാലുകളിലൂടെയും ജലപാതകളിലൂടെയും ഉളള യാത്ര പ്രകൃതിസ്‌നേഹികളുടെ ഇഷ്ടവിനോദമാണ്. ചുറ്റുപാടുമുളള പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ടുളള തോണിയാത്രയ്ക്കും ആരാധകര്‍ ഏറെയാണ്. യാത്രാമദ്ധ്യേ കക്കവാരുന്നവരെയും തീരങ്ങളിലിരുന്ന് ഓല മെടയുന്നവരെയും കാണാം. വൈക്കത്തെ മറ്റൊരു ആകര്‍ഷണമാണ് കളിമണ്‍പാത്ര നിര്‍മ്മാണം. കളിമണ്ണില്‍ നിന്ന് കലാസൃഷ്ടികള്‍ ഉരുത്തിരിഞ്ഞ് വരുന്നത് കാണേണ്ട കാഴ്ച്ചയാണ്. 

വിവിധതരത്തിലുളള പരമ്പരാഗത മത്സ്യബന്ധനരീതികളും ചീനവലകളും ഈ യാത്രയില്‍ കാണാം. തൂശനിലയില്‍ വിളമ്പുന്ന ഓണസദ്യയുടെയും മധുരക്കളളിന്റെയും രുചി സഞ്ചാരികളുടെ നാവില്‍ മായാതെ നില്‍ക്കുമെന്നുറപ്പാണ്.  വൈക്കം ക്ഷേത്രത്തിലെ ഉത്സവക്കാലത്ത് കാണാനാകുന്ന മറ്റൊരു കാഴ്ച്ചയാണ് കളമെഴുത്ത്. പ്രകൃതിദത്ത നിറങ്ങളും പൊടികളും ഉപയോഗിച്ച് ദേവീദേവന്മാരുടെ ചിത്രങ്ങള്‍ തീര്‍ക്കുന്ന അസാമാന്യ കരവിരുതുളള കലാകാരന്മാരെ ഉത്സവക്കാലത്ത് കാണാം. 

പദ്ധതിയുടെ ഭാഗമായി വൈക്കത്തെ ഉത്സവങ്ങള്‍ കാണാനും അവയുടെ ഭാഗമാവാനും സഞ്ചാരികള്‍ക്കു കഴിയും. ഇതിനു പുറമേ വൈക്കത്തെ കരകൗശല വിദഗ്ധരെയും പരമ്പരാഗത തൊഴിലാളികളെയും സഹായിക്കുന്നതിന്റെ ഭാഗമായി കയര്‍ നിര്‍മ്മാണം, കളിമണ്‍പാത്ര നിര്‍മ്മാണം, പായനെയ്ത്ത്, ഓല മെടയല്‍ എന്നിവയും പദ്ധതി പ്രോത്സാഹിപ്പിക്കുന്നുണ്ട്.

കോൺടാക്ട്

ശ്രീ. ഭഗത്സിംഗ് വി.എസ്.
ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍
ഉത്തരവാദിത്ത ടൂറിസം മിഷന്‍
ജില്ലാ ടൂറിസം ഓഫീസ്
മോട്ടല്‍ ആരാമം ബില്‍ഡിംഗ്
കവണാറ്റിന്‍കര, കുമരകം നോര്‍ത്ത് പി.ഒ.
കോട്ടയം - 686563

കൂടുതൽ ലക്ഷ്യസ്ഥാനങ്ങൾ