വൈത്തിരി വയനാടിന്റെ പ്രമുഖ ജൈവ വിനോദ സഞ്ചാര കേന്ദ്രം. നൂല്‍ മഴയും കോട മഞ്ഞും ഇണപിരിയാതെ തങ്ങി നില്ക്കും മിസ്റ്റിക് ഇടം. പുക മഞ്ഞ് മൂടി നില്‍ക്കും വന്യമായ വനഭംഗി ആണ്ടിലെപ്പോഴും സഞ്ചാരിക്ക് സമ്മാനിക്കും വൈത്തിരി. കാടും മലയും തേയില തോട്ടങ്ങളും ഇടകലര്‍ന്നു കിടക്കും സമ്മിശ്ര ഭൂമി. താമരശ്ശേരി ചുരം കയറിയെത്തുമ്പോള്‍ വയനാടിന്റെ കവാടമാണ് വൈത്തിരി. ചെമ്പ്ര മലനിരകളുടെ താഴ്‌വാരം. കോട മഞ്ഞിനിടയിലൂടെയുള്ള ചെമ്പ്ര പീക്കിന്റെ മനോഹര ദൃശ്യം വൈത്തിരിയ്ക്ക് സ്വന്തം. സ്വാഭാവിക വനത്താല്‍ ചുറ്റപ്പെട്ട പൂക്കോട് തടാകം 3 km അകലെയും കര്‍ലാട് തടാകം 8 km അകലെയുമാണ്. ലക്കിടിയില്‍ നിന്ന് അഞ്ചു കിലോമീറ്ററാണ് വൈത്തിരിക്ക്. സമുദ്ര നിരപ്പില്‍ നിന്ന് 700 മീറ്റര്‍ ഉയരത്തിലുള്ള വൈത്തിരി വയനാട്ടിലെ മൂന്ന് താലൂക്കുകളില്‍ ഒന്നാണ്. വയനാട്ടിലെ നിരവധി പ്രമുഖ റിസോര്‍ട്ടുകളുടെ ഇടം. സുഗന്ധ ദ്രവ്യങ്ങള്‍ക്ക് പേരു കേട്ട ഇടം. കരിന്തണ്ടന്റെ ജീവത്യാഗമടക്കം അനേകം ഗോത്ര വര്‍ഗ്ഗ കഥകള്‍ മറഞ്ഞു കിടക്കും മണ്ണ്. വയനാട്ടില്‍ ഉത്തരവാദിത്ത ടൂറിസം ആദ്യം നടപ്പാക്കിയ ഇടം വൈത്തിരിയാണ്. 2008 സെപ്തംബര്‍ ഒന്നിന് വൈത്തിരിയില്‍ അതാരംഭിച്ചു. ആര്‍. ടി. പദ്ധതി നടപ്പാക്കാന്‍ വയനാട്ടില്‍ നാല് ഡെസ്റ്റിനേഷനുകള്‍ 2007-ല്‍ തന്നെ തിരഞ്ഞെടുത്തിരുന്നു. തുടര്‍ന്ന് 2007-ല്‍ തന്നെ ആദ്യ ഡെസ്റ്റിനേഷന്‍ ലെവല്‍ വര്‍ക്ക് ഷോപ്പും ആരംഭിച്ചു. പരിസ്ഥിതി സൗഹാര്‍ദ്ദ ടൂര്‍ പാക്കേജുകള്‍ വൈത്തിരി ക്ലസ്റ്ററില്‍ മാത്രമായി ആരംഭിച്ചു. വൈത്തിരി, കല്‍പ്പറ്റ, പൊഴുതന, മേപ്പാടി പഞ്ചായത്തുകളായി അവ ആരംഭിച്ചു. പഴശ്ശി യുദ്ധത്തിന്റെ സ്മരണകള്‍ ഉയര്‍ത്തി പഴയ ആയുധങ്ങള്‍ ഉപയോഗിക്കാവുന്ന തരത്തില്‍ വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് പാക്കേജ് ഒരുക്കി. പ്രാദേശിക ഭക്ഷണ പാചകം, ഗോത്രവാദ്യ പരിശീലനം, കരകൗശല ഉല്പന്നങ്ങള്‍ തുടങ്ങിയവ നെല്ലറച്ചാലില്‍ തുടങ്ങി. ഗോത്രകലാകേന്ദ്രം, ഉറവ് മുള കരകൗശല ഗ്രാമം, സുഗന്ധ ദ്രവ്യ പ്ലാന്റേഷന്‍ സന്ദര്‍ശനം തുടങ്ങിയവ പാക്കേജുകളില്‍ ഉള്‍പ്പെടുത്തി. 1060 തദ്ദേശീയര്‍ക്ക് ഉത്തരവാദിത്ത ടൂറിസത്തില്‍ വൈത്തിരിയില്‍ പദ്ധതി പരിശീലനം നല്കി. വര്‍ഷം 68 ലക്ഷം രൂപയുടെ വരുമാനം ഒരു കൊല്ലം ആര്‍.ടി. യൂണിറ്റുകള്‍ നേടുന്നുണ്ട്.
കോൺടാക്ട്
ശ്രീ. സിജോ മാനുവല്‍
ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ (I/c)
ഉത്തരവാദിത്ത ടൂറിസം മിഷന്‍
ജില്ലാ ഓഫീസ്, ടൂറിസം വകുപ്പ്
സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ
വയനാട് - 673122