ആസൂത്രണത്തിലും ശാക്തീകരണത്തിലും ഉത്തരവാദിത്ത ടൂറിസം ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നു. പ്രാദേശിക ജനതയെ കൂടെ നിര്‍ത്തി ടൂറിസം കേന്ദ്രങ്ങളുടെ സുസ്ഥിര വികസനം സാധ്യമാക്കുന്നതോടൊപ്പം ടൂറിസത്തിന്റെ തന്നെ മുഖച്ഛായ മാറ്റുന്നു.
പെപ്പര്‍ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്താണെന്ന് നോക്കാം. പ്രാദേശിക ജനതയുടെ സജീവമായ പങ്കാളിത്തത്തിലൂടെ, ടൂറിസം സാധ്യതയുള്ള പുതിയ മേഖലകളെയും, ഒഴിഞ്ഞു കിടക്കുന്ന മനോഹര സ്ഥലങ്ങളെയും കണ്ടെത്തി അവയുടെ വികസനം നൂറു ശതമാനം സുസ്ഥിരമായ പാതയിലൂടെ നടപ്പാക്കുകയെന്നതാണ്. ജനപങ്കാളിത്തത്തിലൂടെ അധികമാരും അറിയാത്ത ടൂറിസ്റ്റ് കേന്ദ്രങ്ങളെ വികസന പാതയിലേക്ക് എത്തിക്കുകയെന്ന പ്രക്രിയയാണിത്. ഈ വികസന പ്രവര്‍ത്തനങ്ങളില്‍ പ്രാദേശിക ഭരണകൂടങ്ങളെയും ജനതയെയും തീരുമാനങ്ങളെടുക്കുന്ന പ്രക്രിയയില്‍ കൂടി പങ്കാളിത്ത മുറപ്പിക്കുന്നതാണ് ഈ പദ്ധതി.
പെപ്പര്‍ ഇത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യ പദ്ധതിയാണ്. അത് പ്രാദേശിക ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഒരു മുന്നേറ്റ പദ്ധതിയാണ്.
അത് ഒരു ടൂറിസ്റ്റ് കേന്ദ്രത്തിന്റെ പാരിസ്ഥിതികവും സാംസ്‌കാരികവുമായ മൂല്യങ്ങളെ കൂടി സംരക്ഷിക്കുന്ന സമഗ്രമായ വികസന പ്രക്രിയയാണ്. ടൂറിസത്തില്‍ പ്രാദേശിക ജനത എങ്ങനെ ഇടപെടുന്നുവെന്നത് അത് പുത്തന്‍ കാഴ്ചപ്പാടില്‍ മുന്നോട്ട് വയ്ക്കുകയാണ്. ഓരോ ടൂറിസം കേന്ദ്രങ്ങളിലും സ്‌പെഷ്യല്‍ ടൂറിസം ഗ്രാമസഭകള്‍ വിളിച്ചു കൂട്ടി അതാത് ടൂറിസം നയം രൂപീകരിക്കുന്നതില്‍ പ്രാദേശിക ജനത നേരിട്ടിടപെടുകയാണ് പെപ്പര്‍ പദ്ധതിയില്‍.
കേരളത്തില്‍ കോട്ടയം ജില്ലയിലെ വൈക്കത്താണ് ഇതാദ്യം നടപ്പാക്കിയത്. നവംബര്‍ 3 -നാണ് പെപ്പര്‍ പദ്ധതിയുടെ സംസ്ഥാനതല ഉത്ഘാടനം നടന്നത്. സംസ്ഥാനത്ത് ഉടനീളം വിവിധ ഘട്ടങ്ങളിലൂടെ പെപ്പര്‍ പദ്ധതി നടപ്പാക്കാനാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ ലക്ഷ്യമിടുന്നത്.
പെപ്പറില്‍ എന്താണ് സംഭവിക്കുന്നത് ?
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ടൂറിസം ഗ്രാമസഭകള്‍ (ഒരിടത്ത് ഒരു ടൂറിസം ഗ്രാമസഭ മാത്രം)
ടൂറിസം റിസോഴ്‌സ് മാപ്പിംഗ്
ടൂറിസം റിസോഴ്‌സ് ഡയറക്ടറിയുടെ പ്രസിദ്ധീകരണം
ടൂറിസം മാര്‍ക്കറ്റിംഗ്
FAM സന്ദര്‍ശനങ്ങള്‍
ഗുണഭോക്താക്കളുടെ തിരഞ്ഞെടുപ്പ് (തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന്)
കുറഞ്ഞത് 2000 വ്യക്തികള്‍ക്ക് ടൂറിസം തൊഴില്‍ ട്രെയ്‌നിംഗ്
ജനകീയമായി നിര്‍ദ്ദേശിക്കപ്പെട്ടതും സ്വീകരിക്കപ്പെട്ടതുമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ടൂറിസം പാക്കേജുകള്‍ അംഗീകരിച്ച് നടപ്പാക്കുക.
ടൂറിസം മാസ്റ്റര്‍പ്ലാന്‍ രൂപരേഖ തയ്യാറാക്കി നടപ്പാക്കുക.
മേല്‍നോട്ടം, നിയന്ത്രണം, നേതൃത്വം - എം.എല്‍.എ., ചെയര്‍മാന്‍, ആര്‍.ടി. മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കണ്‍വീനര്‍ എന്നിവരടങ്ങിയതാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ സമിതി. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ മേധാവികളും ഇതില്‍ പങ്കാളികളാണ്. മിഷനില്‍ ഭാഗഭാക്കായുള്ള മറ്റുള്ളവരും ഉദ്യോഗസ്ഥരും ഇതില്‍ ഉള്‍പ്പെടുന്നതാണ്.
പദ്ധതികളുടെ നിര്‍വ്വഹണം ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാകും.
ആര്‍.ടി.മിഷന്റെ ജനാധിപത്യ ടൂറിസം വികസനത്തിന്റെ ആദ്യ പടിയാണ് പെപ്പര്‍ പദ്ധതി.
2018-19 വൈക്കത്തിന് പുറമെയുള്ള മറ്റ് 20 സെന്ററുകള്‍.
2019-20 ഇരുപത് പുതിയ സെന്ററുകള്‍
2020-21 പത്ത് പുതിയ സെന്ററുകള്‍
2021-ഓടെ പുതിയ അമ്പത് പെപ്പര്‍ ടൂറിസം പദ്ധതി സെന്ററുകള്‍ ഉണ്ടാകും. ഇത് ടൂറിസം വികസന രംഗത്ത് ഒരു മാതൃക ആയിരിക്കും.