ഇന്ത്യയിലെ മനോഹരമായ സംസ്ഥാനങ്ങളിലൊന്നായ കേരളം വിനോദസഞ്ചാര മേഖലയില്‍ ആഗോളശ്രദ്ധ നേടിയ ഒരിടം കൂടിയാണ്. അതിനു നന്ദി പറയേണ്ടത് കേരളത്തിലെ സവിശേഷമായ ഭൂപ്രകൃതിയോടും സമൃദ്ധമായ വന്യജീവി സമ്പത്തിനോടും സജീവമായ ഗ്രാമജീവിതത്തോടുമാണ്.
പ്രകൃതിവിഭവങ്ങളുടെ സമ്പന്നതയും പണ്ഡിതര്‍, വിദഗ്ദ്ധര്‍, വ്യവസായസൗഹൃദമായ സമൂഹവും സദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും, വിവിധ ചെറുകിട സംരംഭങ്ങള്‍, ഉത്തരവാദിത്തമുളള മാധ്യമരംഗവും ഉത്തരവാദിത്തമുളള ടൂറിസം വ്യവസായവും എന്നിവയെല്ലാം ചേര്‍ന്ന് സംസ്ഥാനത്തെ 'ഉത്തരവാദിത്ത ടൂറിസം' പ്രാവര്‍ത്തികമാക്കാന്‍ പറ്റിയ ഒരിടമാക്കി മാറ്റി.
2007 ഫെബ്രുവരിയില്‍ നടന്ന സംസ്ഥാനതല കൂടിയാലോചന യോഗത്തോടെയാണ് കേരളത്തില്‍ ഉത്തരവാദിത്ത ടൂറിസത്തിന് തുടക്കമിട്ടത്. ടൂറിസം വകുപ്പിനു കീഴില്‍ ഉത്തരവാദിത്ത ടൂറിസം പദ്ധതികള്‍ രൂപീകരിച്ച് നടപ്പിലാക്കാനുളള ചുമതല സംസ്ഥാനതല ഉത്തരവാദിത്ത ടൂറിസം കമ്മിറ്റിയ്ക്കാണ്. പ്രാദേശികതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയതാവട്ടെ സംസ്ഥാനതല ഉത്തരവാദിത്ത ടൂറിസം കമ്മിറ്റിയുടെ നേതൃത്വത്തിലുളള ഡെസ്റ്റിനേഷന്‍ ലെവല്‍ ഉത്തരവാദിത്ത ടൂറിസം കമ്മിറ്റികളായിരുന്നു.
ഉത്തരവാദിത്ത ടൂറിസത്തിന്റെ ആദ്യപദ്ധതി നടപ്പിലാക്കിയത് കോവളം, കുമരകം, തേക്കടി വയനാട് എന്നിടങ്ങളിലായിരുന്നു. ഇതില്‍ കുമരകം ഒരു വിജയമാതൃകയായി. അങ്ങനെ ആദ്യഘട്ട പ്രവര്‍ത്തനത്തിലെ മികവുകൊണ്ടുതന്നെ സംസ്ഥാനത്തെ ടൂറിസം മേഖലയിലെ നാഴികക്കല്ലായി മാറാന്‍ ഉത്തരവാദിത്ത ടൂറിസത്തിന് കഴിഞ്ഞു.
2007 ഫെബ്രുവരി 2, 3 തിയതികളില്‍ ടൂറിസം വകുപ്പ് ഐസിആര്‍ടി ഇന്ത്യ(ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റെസ്പോണ്സിബിള് ടൂറിസം ഇന്ത്യ - ICRT-India), ഇക്വേഷന്‍സ് (Equitable Tourism Options) എന്നിവരുമായി ചേര്‍ന്ന് തിരുവനന്തപുരത്ത് ഉത്തരവാദിത്ത ടൂറിസം ആലോചനായോഗം നടത്തി. സംസ്ഥാനതലത്തില്‍ നടന്ന ഈ യോഗത്തില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ടൂറിസം മേഖല, പൗര സമൂഹ സ്ഥാപനങ്ങള്‍, അക്കാദമി മേഖല, മാധ്യമരംഗം എന്നീ മേഖലകളില്‍ നിന്നുളള വിവിധ സ്റ്റേക്ക് ഹോള്‍ഡര്‍ പങ്കെടുത്തു. ഇതിന്റെ ഫലമായി ഒരു സംസ്ഥാനതല ഉത്തരവാദിത്ത ടൂറിസം കമ്മിറ്റി രൂപം കൊണ്ടു.
ഫീല്ഡതല പ്രവര്‍ത്തനങ്ങള്‍ 2008 ജനുവരിയില്‍ ആരംഭിച്ചു. 2008 മാര്‍ച്ച് 14ന് കുമരകത്തു വെച്ച് ഔദ്യോഗികമായി ഉത്തരവാദിത്ത ടൂറിസം നിലവില്‍ വന്നു. കുമരകം, തേക്കടി, കോവളം, വയനാട് എന്നിവിടങ്ങളില്‍ കുടുംബശ്രീ യൂണിറ്റുകള്‍ വഴി ആരംഭിച്ച ഉത്തരവാദിത്ത ടൂറിസം സംരംഭങ്ങള്‍ക്കു നേതൃത്വം നല്‍കാനായി നാല് കണ്‍സല്‍ട്ടന്റുമാരെ ടൂറിസം വകുപ്പ് നിയമിച്ചു.
ഉത്തരവാദിത്ത ടൂറിസം നടപ്പിലാക്കാന്‍ 2007 ഏപ്രില്‍ 20ന് സംസ്ഥാനതല ഉത്തരവാദിത്ത ടൂറിസം കമ്മിറ്റി മുകളില്‍ പറഞ്ഞ സ്ഥലങ്ങള്‍ തെരഞ്ഞെടുത്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് 2008 മാര്‍ച്ചിലാണ്. 2008 ആഗസ്റ്റില്‍ ഇതിനുളള സാങ്കേതിക സഹായം ലഭ്യമാക്കാന്‍ ജിറ്റ്പാക്ക് (ഗ്രേറ്റ് ഇന്ത്യ ടൂറിസം പ്ലാനേഴ്സ് & കണ്‍സള്‍ട്ടന്റ്സ്-GITPAC) നെ ചുമതലപ്പെടുത്തി.
2007 മെയ് 16ന് കുമരകത്തു സംഘടിപ്പിച്ച സ്റ്റേക്ക്ഹോള്‍ഡര്‍മാരുടെ വര്‍ക്ക്ഷോപ്പ് കുമരകത്ത് ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. 2008 മെയ് 14ന് ആഭ്യന്തര, വിജിലന്‍സ്, ടൂറിസം മന്ത്രി ശ്രീ. കോടിയേരി ബാലകൃഷ്ണന് സംരംഭം ഉദ്ഘാടനം ചെയ്തു. 2008 മാര്‍ച്ച് 18 മുതല്‍ ഹോട്ടലുകളിലേക്കും റിസോര്‍ട്ടുകളിലേക്കും ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ 11 പ്രാദേശിക ഉത്പന്നങ്ങളുടെ വിതരണം ആരംഭിച്ചു.
വയനാട്ടില്‍ 2007 മെയ് 6ന് സ്റ്റേക്ക്ഹോള്‍ഡര്‍ വര്‍ക്ക്ഷോപ്പ് നടത്തുകയും 2008 ജനുവരിയില്‍ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. തുടക്കത്തില്‍ ജില്ല മൊത്തമായി തെരഞ്ഞെടുത്തിരുന്നെങ്കിലും പദ്ധതി പ്രാവര്‍ത്തികമാക്കാനുളള പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്ത് വൈത്തിരി, കല്‍പ്പറ്റ, പൊഴുതന, മേപ്പാടി പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന വൈത്തിരി ക്ലസ്റ്ററിലേക്ക് പദ്ധതി ചുരുക്കി. സമൃദ്ധി ഗ്രൂപ്പും കുടുംബശ്രീയും വഴിയാണ് പദ്ധതി നടപ്പിലാക്കിയത്.
മൂന്നാമത്തെ പദ്ധതിപ്രദേശമായ കോവളത്ത് സ്റ്റേക്ക്ഹോള്‍ഡര്‍ വര്‍ക്ക്ഷോപ്പ് നടത്തിയത് 2000 മെയ് 8നാണ്. തേക്കടിയില്‍ സ്റ്റേക്ക്ഹോള്‍ഡര്‍മാരുടെ വര്‍ക്ക്ഷോപ്പ് 2007 ജൂണ്‍ 23ന് പെരിയാര്‍ ഹൗസില്‍ വെച്ച് നടത്തി. മുകളില്‍ പറഞ്ഞ ഓരോ പദ്ധതിപ്രദേശത്തും ചര്‍ച്ചകള്‍ നടത്തി പ്രാദേശികതലത്തിലുളള ഉത്തരവാദിത്ത ടൂറിസം കമ്മിറ്റിയും രൂപീകരിച്ചു.
ഉത്തരവാദിത്ത ടൂറിസത്തിന്റെ രണ്ടാം ഘട്ടത്തിന് 2012 മാര്‍ച്ചില്‍ കുമരകത്താണ് തുടക്കമിട്ടത്. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത നാല് പദ്ധതി പ്രദേശങ്ങളും രണ്ടാം ഘട്ടത്തിലും അവരുടെ ജൈത്രയാത്ര തുടര്‍ന്നു. ഇതുകൂടാതെ മൂന്ന് പ്രദേശങ്ങള്‍ കൂടി രണ്ടാം ഘട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു. എറണാകുളത്തെ കുമ്പളങ്ങി, വയനാട്ടിലെ അമ്പലവയല്‍, കാസറഗോഡ് ബേക്കല്‍ എന്നിവയാണവ. ഈ പ്രദേശങ്ങള്‍ ബിസിനസ് യൂണിറ്റുകളായാണ് പ്രവര്‍ത്തിച്ചിരുന്നത്.
2011 ഫെബ്രുവരി മുതല്‍ എല്ലാ ആര്‍ടി പ്രദേശങ്ങളിലും ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്നതിന് ആര്‍ടി സെല്ലുകള്‍ സ്ഥാപിച്ചു. ഇവ കിറ്റ്സ് (KITTS) വഴിയാണ് പ്രവര്‍ത്തിച്ചിരുന്നത്. സാമൂഹികമായും പാരിസ്ഥിതികമായും ദോഷകരമായി ബാധിക്കാത്ത വിധത്തില്‍ തദ്ദേശവാസികള്‍ക്കും കച്ചവടക്കാര്‍ക്കും പ്രയോജനം ലഭിക്കുന്ന തരത്തില്‍ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിലാണ് ഉത്തരവാദിത്ത ടൂറിസം ലക്ഷ്യമിട്ടത്. പദ്ധതി വന്‍വിജയമായതോടെ രണ്ടാം ഘട്ടത്തില്‍ 50 സ്ഥലങ്ങളില്‍ക്കൂടി ഉത്തരവാദിത്ത ടൂറിസം പ്രചരിപ്പിക്കാനായി തെരഞ്ഞെടുക്കപ്പെട്ടു. 'ദൈവത്തിന്റെ സ്വന്തം നാട്, ജനങ്ങളുടെ വിനോദസഞ്ചാരം' എന്ന വിശാലമായ തലക്കെട്ടില്‍ 112 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലേക്കു കൂടി പദ്ധതി വ്യാപിപ്പിക്കാന്‍ സര്‍ക്കാരും തീരുമാനിച്ചു. എന്നാല്‍ ഉത്തരവാദിത്ത ടൂറിസം പദ്ധതി സര്‍ക്കാറിന്റെ ഔദ്യോഗിക വകുപ്പുമായി വലിയ ബന്ധമില്ലാതെ സമാന്തരമായാണ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. തുടര്‍ന്ന് കേരളമൊട്ടാകെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനായി ഉത്തരവാദിത്ത ടൂറിസം മിഷന് രൂപം നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു.
വിനോദസഞ്ചാരത്തിന്റെ വളര്‍ച്ചയ്ക്കൊപ്പം തദ്ദേശീയ സമുദായങ്ങളുടെ വികസനം കൂടി ലക്ഷ്യമിട്ട് 2017 ഒക്ടോബര്‍ 20ന് കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് ഉത്തരവാദിത്ത ടൂറിസം മിഷന് ഉദ്ഘാടനം ചെയ്തു.
ഗ്രാമങ്ങളുടെയും തദ്ദേശ സമുദായങ്ങളുടെയും വികസനത്തിന് വിനോദസഞ്ചാരം ഒരു മാര്‍ഗമാക്കുക, ദാരിദ്ര്യം തുടച്ചുനീക്കുക, സ്ത്രീശാക്തീകരണത്തിന് ഊന്നല്‍ നല്‍കുക എന്നിവയാണ് ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രധാന ലക്ഷ്യങ്ങള്‍. സാമൂഹിക പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനോടൊപ്പം കര്‍ഷകര്‍, പരമ്പരാഗത കരകൗശല വിദഗ്ധര്‍, മറ്റ് പാര്‍ശ്വവത്കരിക്കപ്പെട്ട ആളുകള്‍ തുടങ്ങിയവര്‍ക്ക് അധികവരുമാനവും മെച്ചപ്പെട്ട ജീവിതസാഹചര്യവും നല്‍കുക എന്നുളളതാണ് മിഷന്റെ ദൗത്യം. ഇതിന്റെ ഭാഗമായി വിവിധ പ്രവൃത്തികളിലും ഉത്പാദനത്തിലുമായി അമ്പതിനായിരത്തോളം പ്രദേശവാസികള്‍ക്ക് പരിശീലനം നല്‍കും. ഉത്തരവാദിത്ത ടൂറിസം മിഷന്റെ സഹായത്തോടെ ടൂറിസം മേഖലയില്‍ ഒരു ലക്ഷത്തോളം പേര്‍ക്ക് നേരിട്ട് ജോലി നല്‍കാനാവുമെന്നാണ് ടൂറിസം വകുപ്പ് പ്രതീക്ഷിക്കുന്നത്.
ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാഗമായി കേരളത്തിലെ പരമ്പരാഗത കരകൗശല വിഭാഗമായ കയര്‍, കൈത്തറി, കളിമണ്‍പാത്ര നിര്‍മ്മാണ മേഖലയെ അടുത്തറിയാന്‍ സഞ്ചാരികളെ സഹായിക്കുന്ന ഇരുപതോളം അനുഭവവേദ്യ പാക്കേജുകള്‍ (വില്ലേജ് ലൈഫ് പാക്കേജുകള്‍) വൈകാതെ തന്നെ ആരംഭിക്കും.
കേരളത്തിലെ പരമ്പരാഗത കലാരൂപങ്ങള്‍, അനുഷ്ഠാനങ്ങള്‍, കരകൗശലങ്ങള്‍ തുടങ്ങിയവയെ ടൂറിസത്തിന്റെ ഭാഗമാക്കുന്നതോടെ ഇതുമായി ബന്ധപ്പെട്ട പ്രാദേശിക സമൂഹത്തിന് ടൂറിസത്തിന്റെ പ്രയോജനം ലഭിക്കും.
കൂടുതല്‍ സുസ്ഥിരവും ഉത്തരവാദിത്തപൂര്‍ണവും ജനപ്രിയവുമായ ടൂറിസം സമ്പ്രദായങ്ങളിലൂടെ വിനോദസഞ്ചാര മേഖലയെ ശക്തിപ്പെടുത്താനാണ് ഉത്തരവാദിത്ത ടൂറിസം മിഷന് രൂപം നല്‍കിയിട്ടുളളത്. ഇത്തരത്തില്‍ കാര്‍ഷികമേഖല, ഉത്പാദനമേഖല, വില്പന, പരമ്പരാഗത വസ്തുക്കളുടെ ഉത്പാദനവും വില്‍പ്പനയും, കരകൗശല വസ്തുക്കളുടെയും സുവനീറുകളുടെയും ഉത്പാദനം, വിതരണം, വില്‍പ്പന, വിവിധ ടൂറിസം പാക്കേജുകള്‍, റിസോഴ്സ് മാപ്പിങ്ങ്, ടൂറിസം റിസോഴ്സ് ഡയറക്ടറിയുടെ പ്രസാധനം, സാംസ്കാരിക പാക്കേജുകള്‍, പദ്ധതിപ്രദേശങ്ങളിലെ മാലിന്യസംസ്കരണം, ആര്‍ടി നെറ്റ്വര്‍ക്ക്, കള്‍ച്ചറല്‍ ഫോറം, ടൂറിസം മേഖലയില്‍ ജോലിക്കാരെ നല്കാന് സഹായിക്കുന്ന ആര്‍ടി ഹ്യൂമന്‍ റിസോഴ്സ് ഡയറക്ടറി, അതിനായുളള മൊബൈല്‍ ആപ്ലിക്കേഷനുകള്‍, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് എന്നീ മാര്ഗങ്ങളിലൂടെയെല്ലാം അഞ്ചുവര്‍ഷത്തിനുളളില്‍ ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കും.
കേരളത്തില്‍ എല്ലായിടത്തും ഉത്തരവാദിത്ത ടൂറിസം നടപ്പിലാക്കാന്‍ ചുമതലയുളള നോഡല്‍ ഏജന്‍സി കൂടിയായ ഉത്തരവാദിത്ത ടൂറിസം മിഷനാണ് കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും കൈകാര്യം ചെയ്യുന്നത്. കേരളത്തിന്റെ വിനോദസഞ്ചാര നയത്തിന്റെ അടിസ്ഥാനം തന്നെ ഉത്തരവാദിത്ത ടൂറിസം തത്വങ്ങളാണ്. അതുകൊണ്ടുതന്നെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കേണ്ടത് വകുപ്പിന്റെ പ്രധാന കര്‍ത്തവ്യം കൂടിയാണ്. ഉത്തരവാദിത്ത ടൂറിസം തത്വങ്ങള്‍ ടൂറിസത്തിന്റെ എല്ലാ മേഖലയിലും പ്രാവര്‍ത്തികമാക്കുകയും മേഖലയിലെ സേവനദാതാക്കളെ തങ്ങളുടെ പ്രവര്‍ത്തന മേഖലയിലേക്ക് ഈ തത്വങ്ങളെ ആവിഷ്ക്കരിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ അത് സാധ്യമാകും. ആദ്യ ഘട്ടത്തില്‍ ആവിഷ്ക്കരിച്ച ഈ തത്വങ്ങള്‍ കേരളത്തിലുടനീളം പ്രാവര്‍ത്തികമാക്കി. ടൂറിസം വകുപ്പ് ഡയറക്ടര്‍ നേതൃസ്ഥാനം വഹിക്കുന്ന ഉത്തരവാദിത്ത ടൂറിസം മിഷന് ഔദ്യോഗിക നിര്‍വഹണത്തില്‍ വളരെ വ്യക്തമായ സ്വയംഭരണാധികാരമാണുളളത്.