സ്ട്രീറ്റ് പ്രോജക്ട്

ഉത്തരവാദിത്ത ടൂറിസം മിഷന്റെ പങ്കാളിത്ത ടൂറിസ വികസന പദ്ധതിയാണ് 'സ്ട്രീറ്റ്'. കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 10 സ്ഥലങ്ങളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. 'സമഗ്ര വളര്‍ച്ചയിലൂന്നിയ ടൂറിസം' എന്ന UNWTO -യുടെ പുതിയ ടൂറിസം ലക്ഷ്യത്തെ ചുവടു പിടിച്ചാണ് ഈ പദ്ധതി. ഇതിന്റെ ഭാഗമായി വിഷയങ്ങളിലൂന്നിയ തെരുവുകള്‍ നിര്‍മ്മിച്ച് ടൂറിസം കേന്ദ്രങ്ങളെ വികസിപ്പിക്കുകയും റീ ബ്രാന്‍ഡിംഗ് നടത്തുകയും ചെയ്യും. വിനോദ സഞ്ചാരികളുടെ ശ്രദ്ധ ടൂറിസം കേന്ദ്രങ്ങളിലെ പ്രധാന പോയിന്റില്‍ മാത്രം നിര്‍ത്താതെ, സ്ഥലത്ത് വികസനം കൊണ്ട് വന്ന് ഏരിയ കൂട്ടുകയും, സഞ്ചാരികളെ ഒരു സ്ഥലത്ത് മാത്രം കേന്ദ്രികരിപ്പിക്കാതെ ടൂറിസം ആക്ടിവിറ്റി കൂട്ടുകയും ചെയ്യുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

വിഷയങ്ങളിലും പ്രമേയങ്ങളിലുമൂന്നിയ പ്രത്യേക മേഖല മോഡിലൂടെ ടൂറിസം കേന്ദ്രങ്ങളെ വികസിപ്പിക്കുകയോ പരിവര്‍ത്തനം കൊണ്ടു വരികയോ ചെയ്യുകയെന്നതാണ്, അതായത് സുസ്ഥിരമായ ജീവിതം പ്രദാനം ചെയ്യുന്ന ഉത്തരവാദിത്ത ടൂറിസം ഗ്രാമങ്ങളാക്കുകയെന്നതാണ് ഈ പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്. സ്ട്രീറ്റ് എന്നാല്‍ സുസ്ഥിരവും സുവ്യക്തവും ഉത്തരവാദിത്തവും അനുഭവവേദ്യവും പാരമ്പര്യവും ചേര്‍ന്ന ടൂറിസം ഹബ്ബുകളാണ്.

പ്രാദേശിക സമൂഹത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പിന്തുണയോടെയും സഹായത്തോടെയും വിഷയാധിഷ്ഠിത തെരുവുകള്‍ പുതിയ ടൂറിസം കേന്ദ്രങ്ങളില്‍ ഉണ്ടാക്കുക, അല്ലെങ്കില്‍ നിലവിലുള്ള ടൂറിസം കേന്ദ്രങ്ങളില്‍ ഒരു വിഷയാധിഷ്ഠിത മേഖലയുണ്ടാക്കി റീ ബ്രാന്‍ഡിംഗ് ചെയ്യുക. അതിലൂടെ വികസനമുണ്ടാക്കുകയെന്നതാണ് പ്രധാന ലക്ഷ്യം. ജലാശയങ്ങള്‍, ഫാമുകള്‍, പ്രാദേശികമായ ഭക്ഷണ വൈവിധ്യം, പ്രാദേശികമായ ഉപജീവനമാര്‍ഗ്ഗങ്ങള്‍ തുടങ്ങി ടൂറിസം കേന്ദ്രങ്ങളുടെ സവിശേഷതകള്‍ ഈ വിഷയാധിഷ്ഠിത തെരുവുകളിലൂടെ സന്ദര്‍ശകരിലും സഞ്ചാരികളിലും അനുഭവവേദ്യമാക്കാന്‍ സാധിക്കും. അതിഥികള്‍ക്കും സഞ്ചാരികള്‍ക്കും അവരുടെ വ്യക്തി താല്പര്യങ്ങള്‍ക്കനുസരിച്ച് ഇവയില്‍ ഏത് വിഷയാധിഷ്ഠിത തെരുവ് കാണാനെത്തണമെന്ന് തീരുമാനിക്കാം. ടൂറിസത്തിലൂടെ സുസ്ഥിരമായ ജീവിതം മുന്നോട്ട് വയ്ക്കുന്ന ഗ്രാമങ്ങളാണ് ഉത്തരവാദിത്ത ടൂറിസം മിഷന്റെ ലക്ഷ്യം. ടൂറിസത്തിലൂടെ സുസ്ഥിരമായ വികസനവും സമഗ്ര വളര്‍ച്ചയും നേടുകയെന്നതാണ് ഇതിന്റെ ആശയാടിസ്ഥാനം. അറിയപ്പെടുന്ന പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളുടെ ഇപ്പോഴത്തെ പ്രശ്‌നം ടൂറിസം പ്രവര്‍ത്തനങ്ങളെല്ലാം ഒരു നിശ്ചിതമായ, ചെറിയ ഇടത്തില്‍ കേന്ദ്രീകരിക്കപ്പെടുകയോ, തളയ്ക്കപ്പെടുകയോ ചെയ്യുന്നുവെന്നതാണ്. അതുകൊണ്ട് തന്നെ ഈ സ്ഥലങ്ങള്‍ താങ്ങാനാവാത്ത വിധം, ആളുകളെ ഉള്‍ക്കൊള്ളാനാകാതെ വീര്‍പ്പുമുട്ടുകയാണ്. ഒരു നിശ്ചിത ശതമാനം പ്രദേശവാസികള്‍ക്ക് മാത്രമേ ഇതുകൊണ്ട് പ്രയോജനമുണ്ടാകുന്നുള്ളൂ.

നമ്മുടെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒരു സഞ്ചാരിക്ക് നമ്മുടെ തനത് സവിശേഷതകള്‍ പ്രത്യേകമായി തേടുക ഇപ്പോള്‍ ബുദ്ധിമുട്ടാണ്. ഉദാഹരണത്തിന് നമ്മുടെ സാംസ്‌കാരിക കാഴ്ചകള്‍, കാര്‍ഷിക കാര്യങ്ങള്‍, ആ സ്ഥലത്തിന്‍ പ്രാദേശികമായ ഭക്ഷണ രീതികള്‍, തനതായ ചിഹ്നങ്ങള്‍, സുവനീറുകള്‍, ആ പ്രദേശത്തിന്റെ തനതായ സവിശേഷതകള്‍ ഇവയൊന്നും ഇപ്പോഴത്തെ രീതിയില്‍ അറിയപ്പെടുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നമുക്ക് കാണിക്കാനാകുന്നില്ല. ഇവയെല്ലാം പൊതുവായ ഇടത്തില്‍ സമ്മിശ്രമായി കലര്‍ന്ന് കിടക്കുകയാണ് ഇപ്പോള്‍. അത് തേടിപ്പിടിക്കുക ബുദ്ധിമുട്ട് നിറഞ്ഞതും. അവിടെയാണ് സ്ട്രീറ്റ് പദ്ധതി വേറിട്ട് നില്‍ക്കുക. അവിടെ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകള്‍ വിഷയാധിഷ്ഠിതമായി തയ്യാറാക്കപ്പെട്ടതാണ്. 

ടൂറിസ്റ്റുകള്‍ ഈ വിഷയാധിഷ്ഠിത സോണുകളില്‍ ആ പ്രദേശത്തിന്റെ പ്രമേയത്തിലൂന്നിയ സവിശേഷത ആവോളം ആസ്വദിക്കാം. ഒരു ചെറിയ സ്ഥലത്ത് ടൂറിസമോ, ടൂറിസ്റ്റുകളോ കേന്ദ്രീകരിക്കപ്പെടാതെ ടൂറിസം കേന്ദ്രങ്ങളുടെ വ്യാപ്തിയും വിസ്താരവും പരപ്പും വര്‍ദ്ധിപ്പിക്കാന്‍ ഇതിലൂടെ കഴിയും. ടൂറിസം ഉല്പന്നങ്ങളുടെ വൈവിധ്യത അങ്ങിനെ കൂട്ടാനാകുന്നതോടൊപ്പം പുതിയ അനുഭവങ്ങള്‍ സഞ്ചാരികള്‍ക്ക് നല്കാനും ഇതിലൂടെ കഴിയും. ഇത് വിനോദ സഞ്ചാരികളുടെ എണ്ണത്തിലും ഒഴുക്കിലും വര്‍ദ്ധന ഉണ്ടാക്കാന്‍ സഹായിക്കും. കേന്ദ്രീകൃതമാകുന്നതിലൂടെ ഉണ്ടാകുന്ന യാത്രികരുടെ സാന്ദ്രത ഈ വൈവിധ്യതയിലൂടെ കുറയ്ക്കാനുമാകും. 

പ്രാദേശിക ജനതയുടെ വര്‍ദ്ധിത പങ്കാളിത്തത്തിലൂടെ ഈ ടൂറിസം കേന്ദ്രങ്ങളുടെ തനത് ഭൂമിശാസ്ത്ര സവിശേഷതകളും സാംസ്‌ക്കാരിക വൈവിധ്യവുമെല്ലാം സന്ദര്‍ശകര്‍ക്ക് പകര്‍ന്ന് നല്കാന്‍ ഈ പദ്ധതിയിലൂടെ കഴിയും. ഇത്തരം വിഷയാധിഷ്ഠിത മേഖലകള്‍ ഉണ്ടാക്കുന്നതിലൂടെ പുതിയ ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കാനാകും. നിലവിലുള്ളവയെ റീ ബ്രാന്‍ഡിംഗ് നടത്താനുമാകും. നിലവിലുള്ള സൗകര്യങ്ങളും, പ്രകൃത്യാ ഉള്ള വാസ സ്ഥലങ്ങളും പരിസ്ഥിതിയും അതുപോലെ നിലനിര്‍ത്തി ഭൂമിയുടെ ഉപയോഗത്തില്‍ യാതൊരു മാറ്റവും വരുത്താതെയുമാണ് ഈ പദ്ധതിയിലൂടെ ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കുക. ടൂറിസത്തിലൂടെയുള്ള ഗ്രാമീണ വികസനമെന്ന ലക്ഷ്യവും ഇത്തരത്തില്‍ തന്നെ. സ്ത്രീശാക്തീകരണമെന്ന ലക്ഷ്യം ഉയര്‍ത്തിപ്പിടിച്ച് പ്രാദേശിക സമൂഹത്തിന് ടൂറിസത്തിലൂടെ ദൈനംദിന വരുമാനം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യം കൂടി ഈ പദ്ധതിയിലൂടെ നിറവേറപ്പെടുന്നുണ്ട്. പദ്ധതിയിലുള്‍പ്പെട്ട ഓരോ ടൂറിസം കേന്ദ്രത്തിന്റെയും തനത് സാംസ്‌കാരിക വൈവിധ്യവും ജീവിത സാഹചര്യങ്ങളും അതേപടി സംരക്ഷിച്ച് കൊണ്ടാണ് ഈ പദ്ധതി ലക്ഷ്യത്തിലേക്ക് ഉന്നമിടുന്നത്.

'സ്ട്രീറ്റ്' പദ്ധതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങള്‍

  • കടലുണ്ടി
  • ത്രിത്താല
  • പട്ടിത്തറ
  • വലിയപറമ്പ്
  • ചേകാടി (പുല്‍പ്പള്ളി പഞ്ചായത്ത്)
  • മറവന്‍ തുരുത്ത്
  • മാഞ്ചിറ (അയ്മനം പഞ്ചായത്ത്)
  • പിണറായി
  • അഞ്ചരക്കണ്ടി
  • കാന്തല്ലൂര്‍

തെരുവുകളുടെ പേരുകള്‍

  • കാര്‍ഷിക ടൂറിസം സ്ട്രീറ്റ്/അഗ്രി ടൂറിസം സ്ട്രീറ്റ്
  • വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ്
  • ടൂറിസം സ്ട്രീറ്റ്
  • ആര്‍ട്ട് സ്ട്രീറ്റ്
  • കള്‍ച്ചറല്‍ സ്ട്രീറ്റ്
  • ഗ്രീന്‍ സ്ട്രീറ്റ്
  • വാട്ടര്‍ സ്ട്രീറ്റ് (ബാക്ക് വാട്ടര്‍ സ്ട്രീറ്റ്, കനാല്‍ സ്ട്രീറ്റ്, റിവര്‍ സ്ട്രീറ്റ്)
  • ഫുഡ്/ക്യുസിന്‍ സ്ട്രീറ്റ്

പദ്ധതി മുന്നോട്ട് പോക്ക്

പദ്ധതിയുടെ സംസ്ഥാനതല നിര്‍വ്വഹണ പരിപാടി ഒരു സ്ഥലത്ത് നടത്തും. മറ്റ് ഇടങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ബോധവത്ക്കരണ വര്‍ക്ക്‌ഷോപ്പുകള്‍ തുടരുന്നതാണ്.

  1. സംസ്ഥാനതല ലോഞ്ച് പരിപാടി
  2. തദ്ദേശതല ബോധവത്ക്കരണ പരിപാടികള്‍
  3. ടൂറിസം റിസോഴ്‌സ് മാപ്പിംഗും റിസോഴ്‌സ് ഡയറക്ടറി തയ്യാറാക്കലും
  4. മൈക്രോ ഡസ്റ്റിനേഷനുകളെ കണ്ടെത്തലും സ്ഥലത്തിന്റെ മേഖല തിരിക്കലും
  5. ഭാഗഭാക്കായവരെ പ്രാപ്തരാക്കാനും പരിശീലനത്തിനുമുള്ള പരിപാടികള
  6. യൂണിറ്റ് രൂപീകരണം - താമസ സൗകര്യ യൂണിറ്റുകള്‍, കരകൗശല യൂണിറ്റുകള്‍, പരിസ്ഥിതി സൗഹൃദ ബദല്‍ ഉല്പന്ന യൂണിറ്റുകള്‍, പാരമ്പര്യ ഭക്ഷണയൂണിറ്റുകള്‍, സംസ്‌കാരിക യൂണിറ്റുകള്‍, പ്രാദേശിക ഗതാഗത സംവിധാന യൂണിറ്റുകള്‍, ജലഗതാഗത യൂണിറ്റുകള്‍ തുടങ്ങിയവ.
  7. സൈനേജുകളം ബോര്‍ഡുകളും കൊണ്ട് തെരുവുകളും യൂണിറ്റുകളും അടയാളപ്പെടുത്തുക
  8. പ്രാദേശിക ഭരണകൂടങ്ങളുമായി ചേര്‍ന്ന് മാലിന്യ കൈകാര്യത സംവിധാനം
  9. വിപണനവും പ്രചാരവും
  10. പദ്ധതി നിരീക്ഷക കമ്മിറ്റികള്‍

വിഷയാധിഷ്ഠിത തെരുവുകള്‍

വിഷയാധിഷ്ഠിത തെരുവുകളാണ് പദ്ധതിയുടെ പ്രധാന അംശം. അവ താഴെ പറയുന്നവ ആണ്. സ്ഥലത്തിന്റെ സവിശേഷതകള്‍ കണക്കിലെടുത്ത് ഒരു തദ്ദേശഭരണ സ്ഥാപനത്തിനു കീഴില്‍ കുറഞ്ഞത് മൂന്ന് വിഷയാധിഷ്ഠിത തെരുവുകള്‍ വികസിപ്പിക്കാം.

  • ഫാം ടൂറിസം/അഗ്രി ടൂറിസം സ്ട്രീറ്റ്
  • വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് സ്ട്രീറ്റ്
  • കള്‍ച്ചര്‍ സ്ട്രീറ്റ്
  • ക്യാംസീന്‍/ഫുഡ് സ്ട്രീറ്റ്
  • വാട്ടര്‍ സ്ട്രീറ്റ്
  • ഗ്രീന്‍ സ്ട്രീറ്റ്
  • ആര്‍ട്ട് സ്ട്രീറ്റ്

ഓരോ തെരുവിലും വരുന്ന സാധ്യതാ ഘടകങ്ങള്‍ താഴെ പറയുന്നവയാണ്:

അഗ്രി സ്ട്രീറ്റ് - ആ ടൂറിസം കേന്ദ്രത്തിലെ അഗ്രി ടൂറിസത്തിന്റെ പ്രധാന കേന്ദ്രം

  • നെല്പാടങ്ങള്‍
  • തെങ്ങിന്‍ തോപ്പുകള്‍
  • വാഴകൃഷി ഫാം
  • അടയ്ക്കാ ഫാം
  • സുഗന്ധദ്രവ്യ ഫാം
  • കന്നുകാലി ഫാം
  • കോഴി ഫാം
  • മത്സ്യകൃഷി ഫാം
  • മിയാവാക്കി ഫലവര്‍ഗ്ഗ കാട്
  • ഹോം സ്‌റ്റെഡ് ഫാം വിസിറ്റ് യൂണിറ്റ്
  • ഫാം ടൂറിസം യൂണിറ്റുകള്‍
  • മഡ് ഫുഡ്‌ബോള്‍
  • പ്രാദേശിക സമൂഹത്തിന്റെ കാര്‍ഷിക മ്യൂസിയങ്ങള്‍

വി.എല്‍.ഇ. സ്ട്രീറ്റ് - ഗ്രാമത്തിലെ പരമ്പരാഗത ജീവിതോപാധികള്‍ അടങ്ങുന്ന മേഖല

  • കയറുല്പാദനം
  • നെയ്ത്ത്
  • കരകൗശല ഉല്പന്ന നിര്‍മ്മാണം
  • കക്ക ഉല്പന്നങ്ങളുടെ നിര്‍മ്മാണം
  • ഓലമെടയല്‍
  • കൈതയോല നെയ്ത്ത്
  • കോറപ്പുല്ല് ഉല്പന്നങ്ങള്‍
  • കള്ള് ചെത്ത്
  • കളിമണ്ണ് ഉല്പന്നങ്ങള്‍
  • ലോഹ, ആയുധ നിര്‍മ്മാണശാലകള്‍
  • ഉല്പന്നങ്ങളുടെ വില്പന സ്ഥലങ്ങള്‍
  • ഉല്പന്നങ്ങളുടെ മൂല്യവര്‍ദ്ധന
  • ഉല്പന്നങ്ങളുടെ ചെറിയ മ്യൂസിയങ്ങള്‍

കള്‍ച്ചര്‍ സ്ട്രീറ്റ് - ടൂറിസം കേന്ദ്രത്തിന്റെ സാംസ്‌കാരിക കേന്ദ്രം.

  • ക്ഷേത്രങ്ങള്‍, പള്ളികള്‍, മോസ്‌കുകള്‍
  • പഴംകഥകളുടെ പാതകള്‍
  • ക്ഷേത്രോത്സവങ്ങള്‍
  • ആചാരവും, പരമ്പര്യവുമായ ആഘോഷങ്ങള്‍
  • ഗോത്രാചാരങ്ങളും ഉത്സവങ്ങളും
  • ചെറിയ മ്യൂസിയങ്ങള്‍
  • പൈതൃക സ്ഥലങ്ങള്‍
  • ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍
  • ഗ്രാമീണ വീടുകളിലെ ചുമര്‍ചിത്രങ്ങള്‍
  • ചുറ്റുമതിലുകള്‍
  • ചുറ്റുമതിലുകളിലെ സര്‍ക്കാര്‍ വക ചിത്രങ്ങള്‍
  • ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, സ്‌കൂളുകള്‍, ഓഫീസുകള്‍

ക്വിസീന്‍ സ്ട്രീറ്റ്‌ - ടൂറിസ്റ്റ് കേന്ദ്രത്തിലെ ഭക്ഷണകേന്ദ്രമായിരിക്കും ക്വിസീന്‍ സ്ട്രീറ്റ്. പ്രദേശിക ഭക്ഷണ വേവിധ്യത്തിന്റെ പ്രത്യേക ഇടമാകും ഇവിടെ. അതോടൊപ്പം മറ്റ് ഭക്ഷണവും ലഭ്യമാകും.

  • പാരമ്പര്യ ഭക്ഷണ യൂണിറ്റുകള്‍ അനുഭവവേദ്യമാകും
  • തിരഞ്ഞെടുക്കപ്പെട്ട നിരവധി വീടുകളില്‍ വൈവിധ്യമാര്‍ന്ന ഭക്ഷണ ഇനങ്ങള്‍ ആസ്വദിക്കാം. (FSSAI രജിസ്‌ട്രേഡ്)
  • തിരഞ്ഞെടുക്കപ്പെട്ട വീടുകള്‍ക്ക് മുന്നില്‍ വൈകുന്നേരം ലൈവ് ഫുഡ് സ്ട്രീറ്റുകള്‍ ഏര്‍പ്പെടുത്താം. പ്രാദേശിക സര്‍ട്ടിഫക്കറ്റോടെ ഡിസൈനര്‍ തട്ടുകടകള്‍ ഏര്‍പ്പാടാക്കാം.
  • പരിസ്ഥിതി സൗഹാര്‍ദ്ദമായ വിതരണ സംവിധാനമേ അനുവദിക്കൂ
  • പരിസ്ഥിതിക്ക് ഇണങ്ങുന്ന ഉല്പന്നങ്ങളുടെ പാക്കിംഗ് മാത്രമേ അനുവദിക്കൂ
  • എല്ലാവിധ ഭക്ഷണ സാധനങ്ങളും നല്‍കാം

വാട്ടര്‍ സ്ട്രീറ്റ് - ജലമാര്‍ഗ്ഗം എത്താവുന്ന ഡസ്റ്റിനേഷനുകളെ ബന്ധിപ്പിക്കുന്നതാകും വാട്ടര്‍ സ്ട്രീറ്റ്. പല തരത്തിലുള്ള ജലഗതാഗത യാനങ്ങളും ഫ്‌ളോട്ടിംഗ് യൂണിറ്റുകളും ഇവിടെ ഉണ്ടാകും.

  • വലിയ കായലുകള്‍, ബീച്ചുകള്‍, നദികള്‍, പ്രകൃതിദത്ത കനാലുകള്‍ - ജലമാര്‍ഗ്ഗമുള്ള ടൂറിസം സര്‍ക്യൂട്ടുകള്‍
  • ജലജന്യമായ പ്രവൃത്തികള്‍ 
  • നാടന്‍ വള്ളങ്ങളിലെ യാത്രകള്‍
  • റോവിംഗ്/യന്ത്രവത്കൃത ശിക്കാര വള്ളങ്ങളിലെ യാത്രകള്‍
  • ഹൗസ്‌ബോട്ടുകള്‍
  • വനിതാ കൂട്ടായ്മകളുടെ ഫ്‌ളോട്ടിംഗ് റസ്റ്റാറന്റുകള്‍ 
  • ഫ്‌ളോട്ടിംഗ് കൂത്തമ്പലം (കലാപരിപാടികള്‍ക്കായി)
  • ഫ്‌ളോട്ടിംഗ് മാര്‍ക്കറ്റുകള്‍
  • പരമ്പരാഗത, ആധുനിക മീന്‍പിടുത്ത അനുഭവം
  • ഫ്‌ളോട്ടിംഗ് റസ്‌ക്യൂ/ജീവന്‍രക്ഷാ ടീമുകള്‍

ആര്‍ട്ട് സ്ട്രീറ്റ് - ടൂറിസം കേന്ദ്രത്തിലെ പ്രകടന കലാപരിപാടികളുടെ ഇടം

  • കലാകാരന്‍മാരുടെയും കലാപരിപാടികളുടെയും തെരുവ്
  • പെര്‍ഫോര്‍മിങ് ആര്‍ട്ട് തീയേറ്ററുകള്‍
  • ചുവര്‍ചിത്രങ്ങള്‍ വരച്ച വീടുകള്‍
  • ചുവര്‍ ചിത്രങ്ങള്‍ വരച്ച ചുറ്റുമതിലുകള്‍
  • കലാകാരന്മാരുടെ ആര്‍ട്ട് ഗ്യാലറികള്‍
  • തിരഞ്ഞെടുക്കപ്പെട്ട വീടുകളിലോ പൊതു ഇടങ്ങളിലോ വൈകിട്ടത്തെ കലാപരിപാടികള്‍
  • സുവനീര്‍/കരകൗശല യൂണിറ്റുകള്‍

തദ്ദേശ ഭരണകൂടങ്ങളുമായി സഹകരിച്ച് ഉത്തരവാദിത്ത ടൂറിസം മിഷന്‍ പദ്ധതി നടപ്പിലാക്കും.

  • സംസ്ഥാന തല ഉദ്ഘാടനം
  • തദ്ദേശസ്ഥാപനങ്ങളിലെ ബോധവത്ക്കരണ വര്‍ക്ക്‌ഷോപ്പുകള്‍
  • ടൂറിസം റിസോഴ്‌സ് മാപ്പിംഗ് & ടൂറിസം റിസോഴ്‌സ് ഡയറക്ടറി (ടൂറിസം വകുപ്പിന്റെ എംപാനല്‍ ICT സൊല്യൂഷന്‍ പ്രൊവൈഡര്‍ വഴി
  • ടൂറിസം വികസന സമിതി രൂപീകരണം 
  • ട്രെയിനിംഗും കാര്യക്ഷമതാ രൂപീകരണവും 
  • യൂണിറ്റ് ഉണ്ടാക്കല്‍
  • മൈക്രോ ഡസ്റ്റിനേഷന്‍/സ്ട്രീറ്റ് തിരഞ്ഞെടുക്കല്‍ 
  • ടൂര്‍ പാക്കേജുകളുടെ വികസനം
  • വിപണനത്തിന്റെ തുടക്കവും മുന്‍കൈയ്യെടുക്കലും
  • സൈനേജുകള്‍/ബോര്‍ഡുകള്‍
  • മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനം & ബയോഗ്യാസ് പ്ലാന്റുകള്‍
  • വിവിധ ഉത്തരവാദിത്ത ടൂറിസം ഗ്രൂപ്പുകള്‍ക്കായുള്ള അടിസ്ഥാന സൗകര്യ വികസന പിന്തുണ
  • STREET പദ്ധതിയെ മുന്‍നിര്‍ത്തിയുള്ള വിവിധ തീമുകള്‍
  • തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ വാട്ടര്‍ ATM കള്‍
  • തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ വേസ്റ്റ് ബിന്നുകള്‍.

പദ്ധതി വിജയിപ്പിക്കുന്നതില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള സുപ്രധാന പങ്കാളിത്തം.

  • പദ്ധതി നടപ്പാക്കാന്‍ നേതൃപരമായ പങ്ക് വഹിക്കുക 
  • പൊതുജന പങ്കാളിത്തം ഉറപ്പാക്കുക 
  • STREET പദ്ധതിയുമായി പദ്ധതികളുടെ ഏകോപനം ഉറപ്പാക്കുക
  • നടപ്പാക്കല്‍, നിരീക്ഷണ സമിതികള്‍
  • പദ്ധതി നടപ്പാക്കാന്‍ വിവിധ ഏജന്‍സികളെ ഏകോപിപ്പിക്കുക